കൊച്ചി- ശബരിമല ദര്‍ശനത്തിനായി എത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയും ആറു യുവതികളടങ്ങിയ സംഘവും ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് കൊച്ചി വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങാനാവാതെ കുടുങ്ങി. നാലു മണിക്കൂറിലേറെയായി ഇവര്‍ക്ക് പുറത്തിറങ്ങാന്‍ കഴിഞ്ഞിട്ടില്ല. വിമാനത്താവളത്തിനു പുറത്ത് വന്‍ പ്രതിഷേധവുമായി ബി.ജെ.പി സംഘപരിവാര്‍ പ്രവര്‍ത്തകര്‍ നിലയുറപ്പിച്ചിരിക്കുകയാണ്. ശബരിമല ദര്‍ശനം നടത്താതെ തിരിച്ചു പോകില്ലെന്നും തൃപ്തിയും വ്യക്തമാക്കി. തൃപ്തിക്കും കൂടെയുള്ള യുവതികള്‍ക്കും കോട്ടയത്തേക്കു പോകാന്‍ വാഹനവും ലഭിച്ചിട്ടില്ല. ടാക്‌സികളെ വിളിച്ചെങ്കിലും ആരും ഓട്ടത്തിന് തയാറായില്ല.
Kochi: Trupti Desai, founder of Bhumata Brigade, at Cochin International Airport. Protests are underway outside the airport against her visit to #SabarimalaTemple. #Kerala pic.twitter.com/T3y1JEj8ZH
— ANI (@ANI) November 16, 2018
വെള്ളിയഴ്ച പുലര്‍ച്ചെ 4.40നാണ് പൂണെയില്‍ നിന്നുള്ള ഇന്‍ഡിഗോ വിമാനത്തില്‍ തൃപ്തിയും സംഘവും നെടുമ്പാശ്ശേരിയില്‍ ഇറങ്ങിയത്. ഇവരെ ഹോട്ടലിലേക്ക് മാറാന്‍ അനുവദിക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടെങ്കിലും പ്രതിഷേധക്കാര്‍ വഴങ്ങിയിട്ടില്ല. കാര്‍ഗോ ടെര്‍മിനല്‍ വഴി തൃപ്തിയെ പുറത്തെത്തിക്കാന്‍ ശ്രമിച്ചെങ്കിലും ആര്‍.എസ്.എസ് ബി.ജെ.പി പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി തടഞ്ഞു. കൂടുതല്‍ സംഘപരിവാര്‍ പ്രവര്‍ത്തകരെത്തി വിമാനത്താവളം വളഞ്ഞിരിക്കുകയാണ്. വന്‍ പോലീസ് സന്നാഹവും സ്ഥലത്തുണ്ട്. നേരത്തെ ശബരിമല ദര്‍ശനത്തിന് പ്രത്യേക സുരക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് തൃപ്തി മുഖ്യമന്ത്രിക്കും പോലീസ് മേധാവിക്കും കത്തെഴുതിയിരുന്നു. എന്നാല്‍ പ്രത്യേക സുരക്ഷ ഒരുക്കില്ലെന്ന് പോലീസ് അറിയിച്ചിരുന്നു.