റിയാദ് - വിദേശങ്ങളിൽ നിന്ന് ദന്ത ഡോക്ടർമാരെ റിക്രൂട്ട് ചെയ്യുന്നത് പൂർണമായും നിർത്തിവെക്കുന്നതിലൂടെ നിരവധി സൗദികൾക്ക് തൊഴിലവസരങ്ങൾ ലഭിക്കുമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. വിദേശ ദന്ത ഡോക്ടർമാരുടെ റിക്രൂട്ട്‌മെന്റ് പാടെ നിർത്തിവെക്കുന്നതിന് തീരുമാനിച്ചതായി കഴിഞ്ഞ ദിവസം തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചിരുന്നു. സർക്കാർ ആശുപത്രികളിൽ ഒഴിവുള്ള 500 മുതൽ 700 വരെ ദന്ത ഡോക്ടർമാരുടെ ഒഴിവുകൾ നികത്തുന്നതിന് വൈകാതെ അപേക്ഷകൾ ക്ഷണിക്കുമെന്ന് സിവിൽ സർവീസ് മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു.
സൗദിയിൽ സ്വകാര്യ, പൊതുമേഖലകളിൽ ആകെ 10,150 ദന്ത ഡോക്ടർമാരാണുള്ളത്. രാജ്യത്തെ 27 ഡെന്റൽ കോളേജുകളിൽ നിന്ന് ഓരോ വർഷവും മൂവായിരത്തോളം പേർ ബിരുദം നേടി പുറത്തിറങ്ങുന്നുണ്ട്. ഡെന്റൽ ക്ലിനിക്കുകളും പോളിക്ലിനിക്കുകളും അടക്കം മൂവായിരത്തോളം ചെറുകിട ആരോഗ്യ സ്ഥാപനങ്ങൾ സൗദിയിലുണ്ട്. എല്ലാ വിഭാഗം സ്ഥാപനങ്ങൾക്കും ഒരുപോലെ ബാധകമാക്കുന്നു എന്നതാണ് ബന്ധപ്പെട്ട വകുപ്പുകൾ കൈക്കൊള്ളുന്ന പുതിയ തീരുമാനങ്ങളുടെ പ്രശ്‌നമെന്ന് പേരു വെളിപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ട വ്യവസായികളിൽ ഒരാൾ പറഞ്ഞു.
അഞ്ചു വർഷത്തിൽ കുറവ് പരിചയ സമ്പത്തുള്ള ദന്ത ഡോക്ടർമാരെ വിദേശത്തു നിന്ന് റിക്രൂട്ട് ചെയ്യുന്നതിനോ സൗദിക്കകത്തു നിന്ന് കണ്ടെത്തി നിയമിക്കുന്നതിനോ സാധിക്കില്ല. പുതുതായി ബിരുദം നേടി പുറത്തിറങ്ങുന്ന ഡോക്ടർമാർക്ക് പരിചയ സമ്പത്ത് ആവശ്യമാണ്. പുതുതായി ബിരുദം നേടി പുറത്തിറങ്ങുന്ന സൗദി ദന്ത ഡോക്ടർമാരുടെ കഴിവുകൾ പരിപോഷിപ്പിക്കുന്നതിന് സ്വകാര്യ മേഖലക്ക് സമയം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ദന്ത ചികിത്സാ മേഖല സ്വദേശിവൽക്കരിക്കേണ്ടത് പ്രധാനമാണെന്ന് ബിസിനസ് ആന്റ് ഫിനാൻസ് ഫോറം സ്ഥാപകൻ മുശബ്ബബ് ലജ്ഹർ പറഞ്ഞു. സൗദിയിലെ ദന്തൽ കോളേജുകളിൽ നിന്ന് പഠനം പൂർത്തിയാക്കി പുറത്തിറങ്ങുന്നവർ ഉയർന്ന നിലവാരമുള്ളവരാണ്.
ഇവർക്ക് തൊഴിലവസങ്ങൾ മാത്രം ലഭിച്ചാൽ മതി. ദന്ത ചികിത്സാ മേഖലയിൽ സമ്പൂർണ സൗദിവൽക്കരണം നടപ്പാക്കേണ്ട സമയമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചില സ്വകാര്യ ആശുപത്രികളിൽ വിദേശ ഡോക്ടർമാർക്ക് മുപ്പതിനായിരം റിയാൽ വരെ വേതനം നൽകുന്നുണ്ടെന്ന് ഇ.എൻ.ടി സ്‌പെഷ്യലിസ്റ്റ് ഡോ. ജമാൽ ആലുഅവാദ് പറഞ്ഞു. സൗദി ഡോക്ടർമാർ കൃത്യമായി ഡ്യൂട്ടി സമയം പാലിക്കാത്തത് വൻകിട സ്വകാര്യ, ഗവൺമെന്റ് ആശുപത്രികൾ നേരിടുന്ന പ്രശ്‌നമാണ്. ഉയർന്ന വേതനം പറ്റുന്ന കൺസൾട്ടന്റുമാരാണ് കൃത്യമായി ഡ്യൂട്ടി നിർവഹിക്കാത്തതെന്നും ഡോ. ജമാൽ ആലുഅവാദ് പറഞ്ഞു.
സൗദിയിൽ 27 ഡെന്റൽ കോളേജുകളാണുള്ളത്. പുതിയ തീരുമാനം ഡെന്റൽ കോളേജുകളിൽ നിന്ന് ബിരുദം നേടി പുറത്തിറങ്ങിയ നിരവധി സൗദി ഡോക്ടർമാരെ ആഹ്ലാദത്തിലാക്കുമെന്നും തൊഴിൽരഹിതരായ സൗദി ദന്ത ഡോക്ടർമാരുടെ വക്താവ് ഡോ. മുഹന്ന അൽസൗദ് പറഞ്ഞു.
ഡെന്റൽ മേഖലയിൽ 90 ശതമാനം ജീവനക്കാരും വിദേശികളാണെന്ന് ആരോഗ്യ മന്ത്രാലയത്തിലെ ഡെന്റൽ മെഡിസിൻ വിഭാഗം മേധാവി ഡോ. സൗദ് മുഹമ്മദ് ഓർഫലി പറഞ്ഞു.
സൗദിയിൽ സർക്കാർ, സ്വകാര്യ മേഖലയിൽ പതിനായിരത്തോളം ഡെന്റൽ ഡോക്ടർമാർ ജോലി ചെയ്യുന്നുണ്ട്. ദന്ത ഡോക്ടർമാരുടെ റിക്രൂട്ട്‌മെന്റ് നിർത്തിവെക്കുന്നതിനുള്ള തീരുമാനം വഴി 700 സൗദി ഡോക്ടർമാർക്ക് വൈകാതെ തൊഴിലവസരങ്ങൾ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.