- കണ്ടെത്തൽ സഭ നടത്തിയ അന്വേഷണത്തിൽ
കോട്ടയം- യുവതിയായ വീട്ടമ്മ മണ്ണെണ്ണ ഒഴിച്ച് തീക്കൊളുത്തി ആത്മഹത്യ ചെയ്തത് വൈദികന്റെ പീഡനം സഹിക്ക വയ്യാതെയാണെന്നും വീട്ടമ്മയെ വൈദികൻ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നതായും സഭാന്വേഷണത്തിൽ കണ്ടെത്തി. ഇതോടെ വൈദികനെതിരെ ഇന്നലെ ചേർന്ന കോട്ടയം ഭദ്രാസന കൗൺസിൽ നടപടിക്ക് ശുപാർശ ചെയ്തു. വിശദമായ റിപ്പോർട്ട് ഇന്നു തന്നെ ഭദ്രാസന കൗൺസിൽ കാതോലിക്കാ ബാവക്ക് സമർപ്പിക്കും. വൈദികനെതിരെ നടപടിയുണ്ടാകുമെന്നാണ് അറിയുന്നത്. സെപ്റ്റംബർ നാലിനാണ് വീട്ടമ്മ ആത്മഹത്യ ചെയ്തത്.
സംഭവത്തെത്തുടർന്ന് വൈദികൻ വീട്ടമ്മയുടെ ഭർത്താവിനോട് ടെലിഫോണിൽ പീഡനക്കുറ്റം സമ്മതിച്ചിരുന്നു. ഇതിന്റെ ഓഡിയോ കാതോലിക്ക ബാവയ്ക്കും പോലീസിനും ഭർത്താവ് സമർപ്പിക്കുകയും ചെയ്തു. 51 മിനിറ്റ് ദൈർഘ്യമുള്ള ഓഡിയോയിലെ ശബ്ദം തന്റേതു തന്നെയെന്ന് വൈദികൻ അഞ്ചംഗ അന്വേഷണ സംഘത്തിനു മുമ്പിൽ സമ്മതിക്കുകയും ചെയ്തു. ഈ കുറ്റസമ്മതം വൈദികന്റെ അസാന്മാർഗിക ജീവിതത്തെ ശരിവയ്ക്കുന്നതാണെന്ന് കൗൺസിൽ വിലയിരുത്തിയിട്ടുണ്ട്.
വൈദികനെ രണ്ടു പ്രാവശ്യം വീട്ടിൽ വെച്ച് കണ്ടിരുന്നതായി വീട്ടമ്മയുടെ മകൻ അന്വേഷണ കൗൺസിൽ മുമ്പാകെ മൊഴി നൽകി. കൂടാതെ ഒരു പ്രാവശ്യം ആശുപത്രിയിൽ വെച്ച് കണ്ടിട്ടുണ്ടെന്നും മകൻ പറഞ്ഞു. വീട്ടമ്മ ആത്മഹത്യ ചെയ്തതിനെ തുടർന്ന് വൈദികനെതിരെ ജനരോഷം ശക്തമായിരുന്നു. ഇതേ തുടർന്ന് വൈദികനെ സഭ സസ്‌പെൻഡ് ചെയ്തു. എന്നാൽ ഒരു മാസം പൂർത്തിയായതിനെ തുടർന്ന് സസ്‌പെൻഷൻ പിൻവലിച്ചു.
കോട്ടയം ഭദ്രാസന മെത്രാപ്പോലിത്ത ഡോ.യൂഹനോൻ മാർ ദിയസ്‌കോറസിന്റെ അധ്യക്ഷതയിൽ ഭദ്രാസന കൗൺസിലാണ് റിപ്പോർട്ട് അവതരിപ്പിച്ചത്. ഈ വൈദികൻ ഇരുന്നിരുന്ന പള്ളികളിലെല്ലാം ഇതിനു സമാന സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ആരോപണങ്ങൾ ഉയർന്നിരുന്നു. ചിങ്ങവനം പോലീസ് രജിസ്റ്റർ ചെയ്ത കേസ് ചങ്ങനാശേരി ഡിവൈ.എസ്.പി എസ്.സുരേഷ് കുമാർ അന്വേഷിച്ച് വിശദമായ റിപ്പോർട്ട് ജില്ലാ പോലീസ് മേധാവി ഹരിശങ്കറിന് കൈമാറിയിട്ടുണ്ട്.