തിരുവനന്തപുരം- സർവീസ് ചാർജ് കൂട്ടാനുള്ള എസ്.ബി.ഐ തീരുമാനം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ധനമന്ത്രി തോമസ് ഐസക്. നിരക്ക് വർധനയുടെ ലക്ഷ്യമെന്താണെന്ന് മനസിലാകുന്നില്ലെന്നും തോമസ് ഐസക് പറഞ്ഞു. ജനങ്ങളെ ബാങ്കിൽനിന്ന് അകറ്റുന്ന തീരുമാനമാണിതെന്നും ഇത് പിൻവലിക്കണമെന്നും ഐസക് ആവശ്യപ്പെട്ടു. ജനങ്ങളെ ബാങ്കിൽനിന്ന് അകറ്റുന്ന നടപടിയാണിത്. ബാങ്കുകളിലേക്കുള്ള പണമൊഴുക്ക് കുറയുമെന്നും ഇത് ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കും. സർവീസ് ചാർജ് ഈടാക്കുന്നത് സംബന്ധിച്ച് ഇതേവരെ ഒരു വിശദീകരണം നൽകാൻ പോലും എസ്.ബി.ഐ തയ്യാറായിട്ടില്ലെന്നും തോമസ് ഐസക് ആരോപിച്ചു. എ.ടി.എമ്മിൽനിന്ന് പണം പിൻവലിക്കുന്നതിനുൾപ്പെടെയുള്ള സർവീസുകൾക്ക് ചാർജ് ഈടാക്കാനുളള എസ്.ബി.ഐ നീക്കത്തിനെതിരെ വൻ പ്രതിഷേധമാണുയരുന്നത്. ജൂൺ ഒന്നുമുതൽ ഓരോ എ.ടി.എം ഇടപാടുകൾക്കും ഇരുപത്തഞ്ച് രൂപ വീതം സർവീസ് ചാർജ് ഈടാക്കാനാണ് എസ്.ബി.ഐ തീരുമാനം.
ഓൺലൈൻമൊബൈൽ പണമിടപാടുകൾക്കും സർവീസ് ചാർജ് ബാധകമാണ്. ഒരുലക്ഷം രൂപ വരെ അഞ്ചുരൂപയും രണ്ടുലക്ഷം രൂപ വരെ 15 രൂപയുമാണ് ഓൺലൈൻ ഇടപാടുകൾക്ക് നികുതിയായി ഈടാക്കുന്നത്. അതേസമയം ബേസിക് സേവിങ്‌സ് അക്കൗണ്ടിൽ നിന്നും നാലുതവണ മാത്രമായി സൗജന്യമായി പണം പിൻവലിക്കാം. 50 ലീഫുളള ചെക്ക് ബുക്കിന് 150 രൂപയും 20 ലീഫുളള ചെക്ക് ബുക്കിന് 75 രൂപയും ഈടാക്കാനും തീരുമാനിച്ചു.
അതിനിടെ, എസ്.ബി.ഐയുടെ തിരുവനന്തപുരം ആസ്ഥാനത്തേക്ക് ഡി.വൈ.എഫ്.ഐ പ്രവർത്തകർ പ്രതിഷേധവുമായെത്തി. ആസ്ഥാനത്ത് ഉപരോധം നടത്തിയ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തുനീക്കി.