പാലക്കാട്- നെന്മാറ അടിപ്പെരണ്ടയിലെ കനറാ ബാങ്ക് എ.ടി.എം തകർത്ത് കവർച്ചാ ശ്രമം. അടിപ്പെരണ്ടി കവലക്ക് സമീപമുള്ള കെട്ടിടത്തിലെ എ.ടി.എമ്മാണ് തകർക്കാൻ ശ്രമിച്ചത്. വ്യാഴാഴ്ച പുലർച്ചെ 1.50 നാണ് സംഭവം. ബൈക്കിലെത്തിയ രണ്ടു പേരാണ് എ.ടി.എം. തകർത്ത് കവർച്ച നടത്താൻ ശ്രമിച്ചതെന്ന് സി.സി.ടി.വി ദൃശ്യങ്ങളിൽ കണ്ടെത്തി. നീലക്കള്ളി നിറത്തിലുള്ള മുണ്ടും ചുവന്ന ഷർട്ടും ധരിച്ച് മുഖം മറച്ച നിലയിലാണ് മോഷ്ടാക്കൾ എത്തിയത്. കല്ലുപയോഗിച്ച് എ.ടി.എമ്മിന്റെ അടിവശത്ത് തകർത്ത ശേഷം ഇരുമ്പു വെട്ടുകത്തിയുപയോഗിച്ച് മെഷീന്റെ മുൻ വാതിലും പൊളിച്ചു. 2.15 വരെ ശ്രമം നടത്തിയെങ്കിലും പണം സൂക്ഷിച്ചിട്ടുള്ള പെട്ടി പൊളിക്കാൻ കഴിയാതെ വന്നതിനാൽ മോഷ്ടാക്കൾ പിന്തിരിയുകയായിരുന്നു. മോഷണ ശ്രമത്തിൽ എ.ടി.എമ്മിൽ നിന്ന് പണം നഷ്ടപ്പെട്ടിട്ടില്ലെന്ന് ബാങ്ക് അധികൃതർ പറഞ്ഞു. ഒരാൾ എ.ടി.എം തകർക്കുന്ന സമയം മറ്റൊരാൾ എ.ടി.എമ്മിന് പുറത്ത് നിരീക്ഷണം നടത്തുന്ന നിലയിലാണ് സി.സി.ടി.വി ദൃശ്യങ്ങളിലുള്ളത്. ദൃശ്യങ്ങൾ അനുസരിച്ച് പ്രദേശ വാസികളാവാനാണ് സാധ്യതയെന്ന നിഗമനത്തിലാണ് പോലീസ്. നൈറ്റ് വിഷൻ ക്യാമറയല്ലാത്തതിനാൽ മോഷ്ടാക്കളുടെ കൂടുതൽ ചിത്രം ലഭിക്കുന്നതിനായി സമീപത്തുള്ള സ്ഥാപനങ്ങളുടെ സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിക്കുമെന്ന് നെന്മാറ എസ്.ഐ എൻ.എസ്.രാജീവൻ പറഞ്ഞു. സ്ഥലത്ത് പാലക്കാട് നിന്നുള്ള ഡോഗ് സ്‌ക്വാഡും, ഫിംഗർ പ്രിന്റ് വിദഗ്ധരും പരിശോധന നടത്തി.