കണ്ണൂർ- കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും അബുദാബിക്കും റിയാദിനും പിന്നാലെ ഷാർജയിലേക്കും സർവീസ് നടത്തുന്നതിന് എയർ ഇന്ത്യാ എക്‌സ്പ്രസിനു അനുമതി ലഭിച്ചു. സമയ പട്ടികയ്ക്കും ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ അനുമതി ലഭിച്ചു. ഉദ്ഘാടനത്തിന്റെ പിറ്റേന്നാണ് ആദ്യ സർവീസ്. ഷാർജയിലേക്കും തിരിച്ചും ആഴ്ചയിൽ നാല് ദിവസമാണ് സർവീസ് ഉണ്ടാവുക. കണ്ണൂരിൽ നിന്നും തിങ്കൾ, ബുധൻ, വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 9 മണിക്കു പുറപ്പെടുന്ന വിമാനം ഷാർജയിൽ യു.എ.ഇ സമയം 11.30 നു എത്തും. തിരിച്ച് 12.30 നു കണ്ണൂരിലേക്കു പുരപ്പെടുന്ന വിമാനം വൈകുന്നേരം 5.40 നു കണ്ണൂരിലെത്തും.
എയർ ഇന്ത്യാ എക്‌സ്പ്രസിനു അബുദാബിയിലേക്കു സർവീസ് നടത്താൻ അനുവദിച്ച സമയത്തിലും മാറ്റമുണ്ട്. ഉദ്ഘാടന ദിവസമായതിനാൽ ഡിസംബർ 9 നു രാവിലെ 10 നാണ് ആദ്യ വിമാനം പറന്നുയരുക. തുടർന്ന് ചൊവ്വ, വ്യാഴം, ഞായർ ദിവസങ്ങളിൽ രാവിലെ 9 നു കണ്ണൂരിൽ നിന്നും പുറപ്പെട്ട് യു.എ.ഇ സമയം 11.30 നു അബുദാബിയിലെത്തുന്ന വിമാനം, 12.30 നു പുറപ്പെട്ട് വൈകുന്നേരം 6 മണിക്ക് കണ്ണൂരിലെത്തും.
വ്യാഴം, വെള്ളി, ഞായർ ദിവസങ്ങളിലാണ് എയർ ഇന്ത്യാ എക്‌സ്പ്രസിന്റെ റിയാദ് സർവീസ്. രാത്രി 9.05 നു കണ്ണൂരിൽ നിന്നും പുറപ്പെട്ട് സൗദി സമയം 11.30 നു റിയാദിലെത്തും. 12.35 നു പുറപ്പെട്ട് രാവിലെ 8 നു കണ്ണൂരിലെത്തും. തിങ്കൾ, ചൊവ്വ, ശനി ദിവസങ്ങളിലാണ് ദോഹ സർവീസ്. രാത്രി 8.20 നു കണ്ണൂരിൽ നിന്നും പുറപ്പെട്ട് ദോഹ സമയം 10 നു അവിടെയെുത്തുന്ന വിമാനം, 11 മണിക്കു പുറപ്പെട്ട് രാവിലെ 5.45 നു കണ്ണൂരിലെത്തും.