കൊച്ചി - 30 വർഷം വീട്ടുജോലി ചെയ്ത വയോധികയെ വെറുംകൈയോടെ തിരിച്ചയച്ചെന്ന് പരാതി. അങ്കമാലി കിടങ്ങൂർ സ്വദേശിയായ 83 വയസ്സുള്ള വൃദ്ധയാണ് പരാതിയുമായി വനിതാ കമ്മീഷന് മുന്നിലെത്തിയത്. സ്വന്തമായി ബന്ധുക്കളോ വീടോ ഇല്ലാത്ത ഇവരുടെ ഏക വരുമാനം വീട്ടുജോലിയിൽനിന്ന് കിട്ടുന്ന തുഛമായ തുകയായിരുന്നു. ഉയർന്ന സാമ്പത്തിക ശേഷിയുള്ള വീട്ടിലായിരുന്നു ജോലി. പ്രായാധിക്യത്താൽ ഇനി വേറെ എവിടെയും ജോലിക്ക് പോകാൻ കഴിയില്ല. നാട്ടുകാരുടെ സഹായത്തോടെയാണ് ഇപ്പോൾ മുന്നോട്ട് പോകുന്നത്. നാട്ടുകാരെല്ലാം ചേർന്നാണ് അവരെ വനിതാ കമ്മീഷന്റെ മെഗാ അദാലത്തിലേക്ക് എത്തിച്ചത്. പരാതി കേട്ട കമ്മീഷൻ വീട്ടുടമയെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അങ്കമാലി പോലീസ് സ്റ്റേഷനിൽ പരാതി നൽകാൻ കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. വയോജന നിയമം അനുസരിച്ച് മാനുഷികമായ രീതിയിൽ വയോധികക്ക് നല്ലൊരു തുക നൽകാൻ ആവശ്യപ്പെടുമെന്ന് കമ്മീഷൻ പറഞ്ഞു.
അടുത്ത സിറ്റിങിൽ വീട്ടുടമയെ വിളിച്ചുവരുത്തുമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈൻ പറഞ്ഞു. നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ അസി. നഴ്സിങ് സൂപ്രണ്ടിനെ മാനസികമായി പീഡിപ്പിച്ച പരാതിയും കമ്മീഷൻ പരിഗണിച്ചു. ലേബർ ഓഫീസിൽ ഇതുസംബന്ധിച്ച പരാതി നൽകിയെങ്കിലും നടപടിയെടുത്തില്ല. ഇവർക്ക് മാന്യമായ നഷ്ടപരിഹാരം നൽകാനും മോശം പരാമർശങ്ങളില്ലാത്ത തൊഴിൽ പരിചയ സർട്ടിഫിക്കറ്റ് നൽകാനും കമ്മീഷൻ ഉത്തരവിട്ടു. ഇവരുടെ പരാതി പരിഹരിക്കുന്നതിൽ ജില്ല ലേബർ ഓഫീസർക്കും വീഴ്ച പറ്റിയെന്ന് കമ്മീഷൻ വിലയിരുത്തി. ജാതിയുടെയും മതത്തിന്റെയും പേരിൽ ആശുപത്രികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും തുടങ്ങുകയും സദാചാരത്തെയും കാരുണ്യത്തെയും കുറിച്ച് വാതോരാതെ സംസാരിക്കുകയും ചെയ്യുന്നവരാണ് തൊഴിലാളികളെ കൂടുതൽ ചൂഷണം ചെയ്യുന്നതെന്ന് ചെയർപേഴ്സൺ പറഞ്ഞു. ഇത്തരത്തിലുള്ള നിരവധി പരാതികൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ലഭിക്കുന്നുണ്ട്. മലിനീകരണമുണ്ടാക്കുന്നു എന്ന പരാതിയിൽ കുന്നത്ത്നാട് പെരുമ്പാവൂർ അതിർത്തിയിലെ എല്ലുപൊടി കമ്പനി നിർത്തിവെക്കാൻ കമ്മീഷൻ ഉത്തരവിട്ടു.
84 പരാതികളായിരുന്നു അദാലത്തിന്റെ രണ്ടാം ദിവസം പരിഗണിച്ചത്. ഇതിൽ 31 പരാതികൾ തീർപ്പാക്കി. 17 പരാതികളിൽ പോലീസിനോടും മറ്റ് ബന്ധപ്പെട്ട വകുപ്പുകളോടും റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ആറ് പരാതിയിൽ ആർഡിഒയോടും റിപ്പോർട്ട് ആവശ്യപ്പെട്ടു.
അഞ്ചു പരാതികൾ കൗൺസലിങിന് അയച്ചിട്ടുണ്ട്. 25 എണ്ണം അടുത്ത അദാലത്തിലേക്ക് മാറ്റി. കമ്മീഷൻ അംഗങ്ങളായ ഷാഹിദ കമാൽ, ഇ എം രാധ, വി യു കുര്യാക്കോസ്, അഡ്വ. സ്മിത ഗോപി, എ സി അലിയാർ, യമുന, സിവിൽ പോലീസ് ഓഫീസർ സീന സലേഷ്യ, സോൺമേരി എന്നിവർ അദാലത്തിൽ പങ്കെടുത്തു.