Sorry, you need to enable JavaScript to visit this website.

പ്രവർത്തകരോട് പിണങ്ങി  തിരുവഞ്ചൂരിന്റെ ഉപവാസം

പത്തനംതിട്ട- വിശ്വാസ സംരക്ഷണ പദയാത്രക്കിടെ പ്രവർത്തകരോട് പിണങ്ങി തിരുവഞ്ചൂരിന്റെ ഉപവാസം.
ജാഥ ഇലന്തൂർ പഞ്ചായത്ത് സ്‌റ്റേഡിയത്തിലെത്തിയപ്പോൾ പ്രവർത്തകരുടെ എണ്ണം കുറവായതാണ് തിരുവഞ്ചൂരിനെ ചൊടിപ്പിച്ചത്.
ഇന്നലെ പുലർച്ചെ പത്തനംതിട്ട പുല്ലാട്ട് നിന്നും തിരുവഞ്ചൂർ രാധാകൃഷ്ണന്റെ നേതൃത്വത്തിൽ ആരംഭിച്ച വിശ്വാസ സംരക്ഷണ പദയാത്രക്ക് ഉച്ചഭക്ഷണം ഇലന്തൂർ പഞ്ചായത്ത് സ്റ്റേഡിയത്തിലാണ് ക്രമീകരിച്ചിരുന്നത്. എന്നാൽ ഉച്ചക്ക് 2 മണിയോടെ പദയാത്ര ഇലന്തൂർ സ്‌റ്റേഡിയത്തിലെത്തുമ്പോൾ 35 ഓളം പ്രവർത്തകർ മാത്രമാണ് തിരുവഞ്ചുരിനൊപ്പം ഉണ്ടായിരുന്നത്. പഞ്ചായത്ത് സ്‌റ്റേഡിയത്തിലും വിരലിലെണ്ണാവുന്ന പ്രവർത്തകർ മാത്രമാണ് ഉണ്ടായിരുന്നത്. 
1100 ഓളം പേർക്ക് ഭക്ഷണം തയ്യാറാക്കിയിരുന്നെങ്കിലും പദയാത്രക്കൊപ്പം വന്നവരും സ്റ്റേഡിയത്തിൽ സ്വീകരിക്കാനുണ്ടായിരുന്നവരുമായി 50 ൽ താഴെ പ്രവർത്തകർ മാത്രം. ഇതിൽ പ്രതിഷേധിച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉച്ചഭക്ഷണം ഉപേക്ഷിച്ച് 5 മണി വരെ ഇലന്തൂരിൽ ഉപവസിക്കാൻ തീരുമാനിക്കുകയായിരുന്നു. സംഭവമറിഞ്ഞ് കൂടുതൽ പ്രവർത്തകരും നേതാക്കളും എത്തിച്ചേർന്ന് അദേഹത്തെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും തിരുവഞ്ചൂർ ഉപവാസം അവസാനിപ്പിക്കാൻ തയ്യാറായില്ല. 
ഇത്ര ഗൗരവമേറിയ സമരത്തെ വേണ്ടത്ര പ്രാധാന്യത്തോടെ കാണാതിരുന്ന സംഘാടകരുടെ നിലപാട് ദൗർഭാഗ്യകരമാണെന്ന് തിരുവഞ്ചൂർ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. സർവകക്ഷി യോഗം പ്രഹസനമായിരുന്നെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം പുല്ലാട്ട് നിന്ന് യാത്രക്കക്കാപ്പമുണ്ടായിരുന്ന പ്രവർത്തകർ കോഴഞ്ചേരിയിലും മല്ലപ്പുശേരിയിലും വെച്ച് അതത് സ്ഥലങ്ങളിൽ തങ്ങിയതിനാലും ഇലന്തൂരിൽ മൂന്നു മണിയോടെ എത്തിച്ചേരാൻ പ്രവർത്തകർക്ക് നിർദേശം നൽകിയതിനാലുമാണ് ആശയക്കുഴപ്പമുണ്ടായതെന്നു കോൺഗ്രസ് നേതാക്കൾ പറഞ്ഞു.

Latest News