കോട്ടയം- ബിരുദ പരീക്ഷക്ക് കോളേജുകളിൽ ഓൺലൈനായി ചോദ്യക്കടലാസ് നൽകുന്ന സംവിധാനമൊരുക്കി, പരീക്ഷാ നടത്തിപ്പിന് തയ്യാറെടുത്ത് മഹാത്മാ ഗാന്ധി സർവകലാശാല. ബിരുദാനന്തര ബിരുദ പരീക്ഷകൾക്ക് സർവകലാശാല വിജയകരമായി നടപ്പാക്കിയ ഓൺലൈൻ ചോദ്യക്കടലാസ് സംവിധാനമാണ് ഇതാദ്യമായി ബിരുദ പരീക്ഷകൾക്കും ഏർപ്പെടുത്തുന്നത്.
196 കോളേജുകളിൽ നവംബർ 27 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ ബിരുദ സി.ബി.സി.എസ് 2017 പരീക്ഷകൾക്ക് ഓൺലൈൻ ചോദ്യപേപ്പറുകളാണ് ഉപയോഗിക്കുക. സർവകലാശാല തയ്യാറാക്കിയ ചോദ്യബാങ്കിൽ നിന്ന് കംപ്യൂട്ടർ തെരഞ്ഞെടുക്കുന്ന ചോദ്യക്കടലാസ് പരീക്ഷാ ദിവസം ഓൺലൈനായി കോളേജുകൾക്ക് ലഭ്യമാക്കും.
കോളേജുകൾ ഇവ ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുത്ത് വിദ്യാർഥികൾക്ക് നൽകും. വളരെയധികം സുരക്ഷാ സംവിധാനങ്ങളുള്ള സെക്വർ ക്വസ്റ്റ്യൻ പേപ്പർ ട്രാൻസ്മിഷൻ സിസ്റ്റത്തിലൂടെയാണ് ചോദ്യ പേപ്പറുകൾ ലഭ്യമാക്കുക. ചോദ്യ പേപ്പറുകൾ കോളേജുകൾക്ക് നൽകുന്നതിന് പ്രത്യേക വെബ്‌സൈറ്റും പ്രിൻസിപ്പൽമാർക്ക് ലോഗിൻ ഐഡിയും പാസ്‌വേഡും നൽകും. ഇതുപയോഗിച്ചാണ് ചോദ്യപേപ്പറുകൾ ഡൗൺലോഡ് ചെയ്യുക. പരീക്ഷ നടക്കുന്നതിന് നിശ്ചിത സമയത്തിന് മുമ്പാണ് ചോദ്യപേപ്പർ ഓൺലൈനായി കോളേജുകൾക്ക് നൽകുക.
ചോദ്യ ബാങ്കിൽ നിന്ന് കംപ്യൂട്ടർ മുഖേന ചോദ്യങ്ങൾ തെരഞ്ഞെടുക്കുന്നതിനാൽ അഞ്ചു വർഷത്തേക്ക് ചോദ്യങ്ങൾ ആവർത്തിക്കില്ലെന്ന പ്രത്യേകതയുണ്ട്. ചോദ്യങ്ങൾ ഓരോ വർഷവും പുതുക്കും. ചോദ്യക്കടലാസ് അച്ചടിച്ച് കോളേജുകളിൽ എത്തിക്കുക, സുരക്ഷിതമായി സൂക്ഷിക്കുക എന്നിവയടക്കമുള്ള കാര്യങ്ങളിൽ നേരിട്ട പ്രശ്‌നങ്ങൾക്ക് ഓൺലൈൻ സംവിധാനം പരിഹാരമാകും. ഉച്ചയ്ക്ക് ഒന്നര മുതൽ നാലര വരെയാണ് പരീക്ഷ നടക്കുക.
ഓൺലൈൻ ചോദ്യപേപ്പർ സംവിധാനം നടപ്പാക്കുന്നതിനോടനുബന്ധിച്ച് പരീക്ഷാ ചുമതലയുള്ള അഡീഷണൽ ചീഫ് സൂപ്രണ്ട്, അധ്യാപക അനധ്യാപക ജീവനക്കാർ എന്നിവർക്ക് പരിശീലനം നൽകി. സർവകലാശാല അസംബ്ലി ഹാളിൽ നടന്ന പരിശീലന പരിപാടി വൈസ് ചാൻസലർ പ്രൊഫ. സാബു തോമസ് ഉദ്ഘാടനം ചെയ്തു. പരീക്ഷകളടക്കം എല്ലാ സംവിധാനങ്ങളും സേവനങ്ങളും ഓൺലൈനാക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.
സിൻഡിക്കേറ്റംഗം ഡോ. പി.കെ. പത്മകുമാർ അധ്യക്ഷത വഹിച്ചു. സിൻഡിക്കേറ്റംഗങ്ങളായ ഡോ. ആർ. പ്രഭാഷ്, ഡോ. എ. ജോസ്, പരീക്ഷാ കൺട്രോളർ ഡോ. തോമസ് ജോൺ മാമ്പറ എന്നിവർ പ്രസംഗിച്ചു. ഓൺലൈൻ സംവിധാനത്തിന്റെ അന്തിമ ട്രയൽ നവംബർ 19, 22, 24 തീയതികളിൽ നടക്കുമെന്ന് ഡോ. ആർ. പ്രകാശ് പറഞ്ഞു.