കോട്ടക്കൽ- ദേശീയ പാത ബിഒടി ചുങ്കപ്പാതയാക്കി വികസിപ്പിക്കുന്ന പദ്ധതിയുമായി ബന്ധപ്പെട്ടു ഭൂമിയും കിടപ്പാടവും കെട്ടിടങ്ങളും ഉപജീവന മാർഗങ്ങളും നഷ്ടപ്പെടുന്നവർക്കുള്ള നഷ്ടപരിഹാരമോ പുനരധിവാസ പാക്കേജോ പ്രഖ്യാപിക്കാതെ ഡിസംബർ ആറു മുതൽ ഹിയറിങ് നടത്തി ആധാരങ്ങളും മറ്റു കൈവശരേഖകളും പിടിച്ചെടുക്കുവാനുള്ള റവന്യൂ, ഹൈവേ അഥോറിറ്റി അധികൃതരുടെ നീക്കത്തിനെതിരെ ദേശീയ പാത ആക്ഷൻ കൗൺസിൽ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോട്ടക്കൽ സ്ഥലമേറ്റെടുപ്പ് ഓഫീസിലേക്കു പ്രതിഷേധ മാർച്ച് നടത്തി. കോട്ടക്കൽ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നു ഇന്നലെ രാവിലെ 11 നു ആരംഭിച്ച മാർച്ചിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ആയിരത്തിലേറെ പേർ പങ്കെടുത്തു. സ്ഥലമെടുപ്പ് ഡെപ്യൂട്ടി കലക്ടറുടെ ഓഫീസിനു മുന്നിൽ പോലീസ് മാർച്ച് തടഞ്ഞു. തുടർന്നു നടന്ന പ്രതിഷേധ സംഗമം ദേശീയ പാത സംരക്ഷണ സമിതി സംസ്ഥാന ചെയർമാൻ സി.ആർ നീലകണ്ഠൻ ഉദ്ഘാടനം ചെയ്തു. മൂലമ്പള്ളിൽ പത്തു വർഷം മുമ്പ് കുടിയിറക്കപ്പെട്ടവർ ഇപ്പോഴും ദുരിതക്കടലിലാണെന്നും മലപ്പുറത്തെ എണ്ണായിരത്തോളം വരുന്ന ദേശീയ പാത ഇരകൾക്കു ആ ഗതി വരുത്തരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ ഭരണകൂടം അടിസ്ഥാന രഹിതമായ വാഗ്ദാനങ്ങൾ കോരിച്ചൊരിഞ്ഞു ഇരകളുടെ ആധാരങ്ങൾ കൂടി കൈക്കലാക്കുവാൻ ശ്രമിക്കുമ്പോൾ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ നോക്കുകുത്തികളായി നിൽക്കുന്നതിന്റെ പിന്നിലെ രഹസ്യം അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംയുക്ത സമര സമിതി സംസ്ഥാന കൺവീനർ ഹാഷിം ചേന്ദമ്പള്ളി മുഖ്യപ്രഭാഷണം നടത്തി. ജില്ലയിൽ ന്യായമായ നഷ്ട പരിഹാരം കൊടുക്കുവാൻ 4500 കോടി രൂപ ആവശ്യമാണെന്നിരിക്കേ കേവലം അഞ്ഞൂറു കോടിയോളം രൂപ മാത്രമാണ് വകയിരുത്തിയിട്ടുള്ളതെന്നും ഡെപ്യൂട്ടി കലക്ടർ ഇരകളെ വഞ്ചിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
പി.കെ.പ്രദീപ് മേനോൻ അധ്യക്ഷത വഹിച്ചു. കൺവീനർ ടി.കെ.സുധീർ കുമാർ, എൻഎച്ച് ആക്ഷൻ കൗൺസിൽ ജില്ലാ കൺവീനർ അബുലൈസ് തേഞ്ഞിപ്പലം, അഡ്വ. ഷബ്‌ന ചൂരപ്പിലാക്കൽ, കടവത്ത് മൊയ്തീൻകുട്ടി, ടി.പി.തിലകൻ, മുരളി ചേലേമ്പ്ര, ജയ ഇടിമൂഴിക്കൽ, നൗഫൽ അരീതോട്, ഷൗക്കത്തലി രണ്ടത്താണി പ്രസംഗിച്ചു. തുടർന്നു ഹിയറിങ് നിർത്തിവെയ്ക്കണമെന്നാവശ്യപ്പെട്ടു ഭാരവാഹികൾ ഡെപ്യൂട്ടി കലക്ടർ എ.ഒ അരുണിനു നിവേദനം നൽകി.