Sorry, you need to enable JavaScript to visit this website.

മദീനയിൽ പ്രളയത്തിൽ കുടുങ്ങിയ അധ്യാപികമാരെ രക്ഷപ്പെടുത്തി; ഖസീമിൽ ഷോക്കേറ്റ വിദേശി മരിച്ചു

മദീന- മദീന പ്രവിശ്യയിലെ മഹ്ദുദ്ദഹബിൽ അൽജരീസിയ റോഡിൽ കാർ പ്രളയത്തിൽ പെട്ട് കുടുങ്ങിയ അഞ്ച് അധ്യാപികമാരെയും ഡ്രൈവറെയും സിവിൽ ഡിഫൻസും പട്രോൾ പോലീസും രക്ഷപ്പെടുത്തി. രാവിലെ 11 മണിയോടെയാണ് അധ്യാപികമാർ സഞ്ചരിച്ച കാർ പ്രളയത്തിൽ പെട്ടതെന്ന് മദീന സിവിൽ ഡിഫൻസ് വക്താവ് കേണൽ ഖാലിദ് അൽജുഹനി പറഞ്ഞു. 
അൽഖർജിൽ  പകൽ ശക്തമായ പൊടിക്കാറ്റ് ആഞ്ഞുവീശി. സൗദിയുടെ വിവിധ പ്രവിശ്യകളിലും നഗരങ്ങളിലും ഇന്നലെ മഴ പെയ്തു.  
അൽഖസീമിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴക്കിടെ ഷോക്കേറ്റ് വിദേശി മരിച്ചതായി സിവിൽ ഡിഫൻസ് അറിയിച്ചു. ഒക്‌ടോബർ 20 മുതൽ ഇതു വരെ അൽഖസീമിലുണ്ടായ മഴക്കിടെ 180 അംഗങ്ങൾ അടങ്ങിയ 22 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. പ്രളയത്തിൽ പെട്ട 50 വാഹനങ്ങൾ പുറത്തെടുത്തു. പ്രളയത്തിലും വെള്ളം കയറിയ പ്രദേശങ്ങളിലും കുടുങ്ങിയ 48 പേരെ സിവിൽ ഡിഫൻസ് രക്ഷപ്പെടുത്തി. ഇടിമിന്നലിന്റെ അകമ്പടിയോടെ പുലർച്ചെ ജിദ്ദയിൽ മഴയുണ്ടായി. വെള്ളക്കെട്ടിൽ കുടുങ്ങിയ കാർ ഡ്രൈവറായ സൗദി പൗരനെ സിവിൽ ഡിഫൻസ് രക്ഷപ്പെടുത്തി. പുലർച്ചെ 4.29ന് ആണ് ജിദ്ദയിൽ മഴ ആരംഭിച്ചതെന്ന് സിവിൽ ഡിഫൻസ് പറഞ്ഞു. 4.41 ന് നിലച്ച മഴ അഞ്ചു മണിക്ക് വീണ്ടും പുനരാരംഭിച്ചു. ദക്ഷിണ ജിദ്ദ, സനാഇയ, കിഴക്കൻ ജിദ്ദ, മധ്യ ജിദ്ദയുടെ ഭാഗങ്ങൾ എന്നിവിടങ്ങളിലാണ് മഴ പെയ്തതെന്ന് മക്ക പ്രവിശ്യ സിവിൽ ഡിഫൻസ് ഡെപ്യൂട്ടി വക്താവ് ലെഫ്. കേണൽ മുഹമ്മദ് അൽഖർനി പറഞ്ഞു. 
ജിദ്ദ ദാറുൽ ഹിക്മ യൂനിവേഴ്‌സിറ്റി അവധി നൽകിയിരുന്നു. സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിക്കാതിരുന്നത് വിദ്യാർഥികൾക്കും രക്ഷാകർത്താക്കൾക്കും പ്രയാസം സൃഷ്ടിച്ചു. ജിദ്ദ ഇന്ത്യൻ സ്‌കൂളിനും നഗരത്തിലെ ചില സ്വകാര്യ സ്‌കൂളുകൾക്കും രാവിലെയാണ് അവധി പ്രഖ്യാപിച്ചത്. മലയാളം ന്യൂസ് ഓൺലൈനിൽ രാവിലെ തന്നെ അവധി സംബന്ധിച്ച് വാർത്ത നൽകിയത് അനുഗ്രഹമായെന്ന് രക്ഷിതാക്കൾ പറഞ്ഞു.  
 

Latest News