റിയാദ് - പ്രശസ്ത സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖശോഗിയെ ഒക്‌ടോബര്‍ രണ്ടിന് തുര്‍ക്കി ഇസ്താംബൂള്‍ സൗദി കോണ്‍സുലേറ്റില്‍ വെച്ച് വധിച്ച സംഭവത്തില്‍ 11 പേര്‍ക്കെതിരെ കുറ്റം ചുമത്തിയതായി അറ്റോര്‍ണി ജനറല്‍ ശൈഖ് സൗദ് അല്‍മുഅജബ് വെളിപ്പെടുത്തി.
ഖശോഗിയെ വധിക്കുന്നതിന് ഉത്തരവിടുകയും കൊലപാതകം നടത്തുകയും ചെയ്ത അഞ്ചു പേര്‍ക്ക് വധശിക്ഷ വിധിക്കണമെന്ന് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പബ്ലിക് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അവശേഷിക്കുന്ന പ്രതികള്‍ക്ക് ശരീഅത്ത് അനുസരിച്ച ശിക്ഷ വിധിക്കണമെന്നും ആവശ്യപ്പെട്ടു.
കേസില്‍ അന്വേഷണം നടത്തുന്ന സൗദി, തുര്‍ക്കി സംയുക്ത സംഘത്തില്‍നിന്ന് ലഭിച്ച വിവരങ്ങളുടെയും സൗദി പബ്ലിക് പ്രോസിക്യൂഷന്‍ നടത്തുന്ന അന്വേഷണങ്ങളുടെയും അടിസ്ഥാനത്തിലാണ് ഇവര്‍ക്കെതിരെ കുറ്റം ചുമത്തിയത്. കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 21 ആയിട്ടുണ്ട്.