കുവൈത്ത് വിമാനങ്ങള്‍ ദമാമിലും റിയാദിലുമിറങ്ങി
ദുബായ്- മോശമായ കാലാവസ്ഥമൂലം നിരവധി വിമാനങ്ങള്‍ റദ്ദാക്കിയതും വൈകിയതും കുവൈത്തിലേക്കും തിരിച്ചുമുള്ള യാത്രക്കാരെ കുഴക്കി. ഇത്തിഹാദ്, ഫ്‌ളൈദുബായ് തുടങ്ങിയ എയര്‍ലൈനുകള്‍ കുവൈത്തിലേക്കുള്ള വിമാനങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. കാലാവസ്ഥ പ്രവചനാതീതമായി തുടരുന്നതാണ് വിമാന സര്‍വീസുകളെ ബാധിച്ചത്. കുവൈത്ത് വിമാനത്താവളം അടച്ചിട്ടു.
വിമാനങ്ങള്‍ പെട്ടെന്ന് റദ്ദാക്കിയത് മൂലം നൂറുകണക്കിന് യാത്രക്കാരാണ് വിമാനത്താവളങ്ങളില്‍ കുടുങ്ങിയത്. പ്രതികൂല കാലാവസ്ഥയിലും ലാന്‍ഡ് ചെയ്യാന്‍ ശേഷിയുള്ള വലിയ വിമാനങ്ങളെ ആശ്രയിക്കുകയാണ് വിമാന കമ്പനികള്‍.
ഇന്നലെ രാവിലെ കുവൈത്തിലെത്തിയ പല വിമാനങ്ങളും മറ്റ് എയര്‍പോര്‍ട്ടുകളിലേക്ക് തിരിച്ചുവിട്ടു. ദമാം, റിയാദ്, മനാമ തുടങ്ങിയ വിമാനത്താവളങ്ങളിലാണ് പല വിമാനങ്ങളും ഇറങ്ങിയത്.
ദിവസങ്ങളായി കനത്ത മഴയും കാറ്റും കുവൈത്തില്‍ ജനജീവിതം സ്തംഭിപ്പിച്ചിരിക്കുകയാണ്. പൊതു, സ്വകാര്യ മേഖലകളിലെ സ്ഥാപനങ്ങളെല്ലാം അവധി നല്‍കിയിരിക്കുകയാണ്.
വീഡിയോ കാണാം
കുവൈത്ത് എയർപോർട്ടിൽ വെള്ളം കയറിയപ്പോൾ
ജിദ്ദ എയർപോർട്ടിൽ മഴ പെയ്തപ്പോൾ
കുവൈത്തിലേക്കും തിരിച്ചുമുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കിയതായി എമിറേറ്റ്‌സ് എയര്‍ലൈന്‍സ് അറിയിച്ചു. വെള്ളിയാഴ്ച സര്‍വീസ് പുനരാരംഭിക്കുമെന്ന് പറയുന്നുണ്ടെങ്കിലും ഇത് കുവൈത്ത് വിമാനത്താവളം പൂര്‍ണമായി തുറക്കുന്നതിനെ ആശ്രയിച്ചിരിക്കും.
കുവൈത്ത് എയര്‍ലൈന്‍സും സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.