ജിസാൻ - ബന്ധപ്പെട്ട വകുപ്പുകൾ ബാധകമാക്കിയ പുതിയ വ്യവസ്ഥകൾ മൂലം ജിസാനിലെ മത്സ്യത്തൊഴിലാളികൾ കടുത്ത പ്രതിസന്ധിയിൽ. പ്രതിബന്ധങ്ങൾ മത്സ്യബന്ധന മേഖലയിലെ തൊഴിൽ തന്നെ ഉപേക്ഷിക്കാൻ ഇവരെ പ്രേരിപ്പിക്കുകയാണ്. കാർഷിക വികസന നിധിയിൽ നിന്ന് വായ്പകളെടുത്താണ് ബോട്ടുകളും മത്സ്യബന്ധന ഉപകരണങ്ങളും മറ്റും മത്സ്യത്തൊഴിലാളികൾ വാങ്ങിയിരിക്കുന്നത്. വായ്പാ തിരിച്ചടവിന് സാധിക്കാത്തതിനാൽ നിയമ നടപടികൾക്ക് വിധേയരാകേണ്ടിവരുമെന്ന ഭീതിയിലാണ് തങ്ങളെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു. ഒരു ദിവസം ബോട്ട് കടലിൽ ഇറക്കുന്നതിന് ഇന്ധന ഇനത്തിനു തന്നെ 200 റിയാൽ ചെലവഴിക്കണം. എന്നാൽ ഇത്രയും തുകക്കുള്ള മത്സ്യം പലപ്പോഴും ലഭിക്കുന്നുമില്ല.
തീരത്തു നിന്ന് മൂന്നര മൈൽ ദൂരത്ത് മത്സ്യബന്ധനം വിലക്കിയിട്ടുണ്ട്. വൻകിട മത്സ്യബന്ധന കമ്പനികൾ ചെറുകിട മത്സ്യത്തൊഴിലാളികൾക്ക് തിരിച്ചടിയാവുകയാണ്. ദുരിതങ്ങൾക്കും പ്രശ്‌നങ്ങൾക്കും പരിഹാരം കാണുന്നതിന് ബന്ധപ്പെട്ട വകുപ്പുകൾ സത്വരമായി ഇടപെടണമെന്ന് മത്സ്യത്തൊഴിലാളികൾ ആവശ്യപ്പെട്ടു. ജിസാൻ പ്രവിശ്യയിലെ തീരത്തു നിന്ന് മൂന്നര മൈൽ ദൂരത്തിനുള്ളിൽ മത്സ്യബന്ധനം വിലക്കിയ വ്യവസ്ഥ മത്സ്യബന്ധനത്തിന് അനുയോജ്യമായ സ്ഥലങ്ങളിൽ നിന്ന് തങ്ങളെ അകറ്റിനിർത്തുകയാണെന്ന് മത്സ്യത്തൊഴിലാളികളായ ഖാലിദ് ബദാഹിയും അബ്ദുല്ല മർഇയും പറഞ്ഞു. ആഴക്കടലിൽ മത്സ്യബന്ധനം നടത്തുന്നതിന് തങ്ങളുടെ പക്കലുള്ള വലകൾ അനുയോജ്യമല്ല. ചില പ്രത്യേകയിനം വലകൾ ഉപയോഗിക്കുന്നതിൽ നിന്ന് തങ്ങളെ അധികൃതർ വിലക്കിയിട്ടുമുണ്ട്. ഇതുമൂലം പുതിയ വലകൾ വാങ്ങുന്നതിന് നിർബന്ധിതരായിരിക്കുകയാണ്. ഇതിന് ആവശ്യമായ പണം തങ്ങളുടെ പക്കലില്ലെന്നും ഖാലിദ് ബദാഹിയും അബ്ദുല്ല മർഇയും പറഞ്ഞു.
മത്സ്യബന്ധന മേഖലയിലെ തൊഴിൽ വഴി ആകർഷകമായ വരുമാനം ലഭിക്കുന്നില്ലെന്ന് ബിസിനസ് മാനേജ്‌മെന്റ് ബിരുദധാരിയായ സാലിം അൽഹികമി പറഞ്ഞു. കാർഷിക വികസന നിധിയിൽ നിന്ന് ലോണെടുത്താണ് ബോട്ടും മത്സ്യബന്ധന ഉപകരണങ്ങളും താൻ വാങ്ങിയത്. എന്നാൽ ബോട്ട് വലിയ തോതിൽ ഇന്ധനം ഉപയോഗിക്കുകയാണ്. മത്സ്യബന്ധനത്തിന് അനുമതിയുള്ള പ്രദേശങ്ങളിൽ ഒരു ദിവസം മത്സ്യബന്ധനം നടത്തുന്നതിന് ചുരുങ്ങിയത് ഇരുനൂറു റിയാലിന്റെ ഇന്ധനം ആവശ്യമാണ്. എന്നാൽ ഇത്രയും തുകക്കുള്ള മത്സ്യം പലപ്പോഴും ലഭിക്കുന്നുമില്ല. മത്സ്യബന്ധന മേഖലയിലെ തൊഴിൽ ഉപേക്ഷിക്കാതിരിക്കുന്നതിന് മത്സ്യത്തൊഴിലാളികൾക്ക് ബന്ധപ്പെട്ട വകുപ്പുകൾ കൂടുതൽ ഇളവുകൾ അനുവദിക്കണമെന്ന് സാലിം അൽഹികമി ആവശ്യപ്പെട്ടു.
നേരത്തെ മത്സ്യബന്ധന മേഖലയിലെ തൊഴിൽ വഴി മികച്ച വരുമാനം ലഭിച്ചിരുന്നെന്ന് അബ്ദുല്ല ത്വറൂശ് പറഞ്ഞു. വലകളുമായി ബന്ധപ്പെട്ട പുതിയ വ്യവസ്ഥകളും തീരത്തു നിന്ന് മൂന്നര മൈൽ ദൂരെ മാത്രമേ മത്സ്യബന്ധനം നടത്തുന്നതിന് പാടുള്ളൂ എന്ന വ്യവസ്ഥയും മൂലം കാർഷിക വികസന നിധി വായ്പ തിരിച്ചടയ്ക്കുന്നതിനുള്ള വരുമാനം തന്നെ ഇപ്പോൾ ലഭിക്കുന്നില്ല. മത്സ്യത്തൊഴിലാളികൾ കുടുംബങ്ങളുടെ നിത്യച്ചെലവുകൾക്ക് വഴി കണ്ടെത്താനാകാതെ പ്രയാസപ്പെടുകയാണെന്നും അബ്ദുല്ല ത്വറൂശ് പറഞ്ഞു.
കമ്പനികൾക്കു കീഴിലെ വൻകിട മത്സ്യബന്ധന ബോട്ടുകളുടെ പ്രവർത്തനം ക്രമീകരിക്കണമെന്ന് അബ്ദുല്ല അൽബർ ആവശ്യപ്പെട്ടു. വലകൾ വെള്ളത്തിൽ ഇറക്കി താഴെയുള്ള എല്ലാ വസ്തുക്കളും വലിച്ചുകൊണ്ടുപോകുന്നതിനാൽ വൻകിട ബോട്ടുകൾ മത്സ്യസമ്പത്തും പവിഴപ്പുറ്റുകളും നശിപ്പിക്കുകയാണ്. വലിയ മീനുകളെയും ചെറിയ മീനുകളെയുമെല്ലാം വലിയ ബോട്ടുകൾ വലകൾ ഉപയോഗിച്ച് വലിച്ചുകൊണ്ടുപോവുകയാണ്. ഇതുമൂലം ചെറുകിട മത്സ്യത്തൊഴിലാളികൾക്ക് മത്സ്യബന്ധനം നടത്തുന്നതിന് അനുമതിയുള്ള പ്രദേശങ്ങളിൽ നിന്ന് മത്സ്യങ്ങൾ ഓടിയൊളിക്കുകയാണ്. ഇത് ചെറുകിട മത്സ്യത്തൊഴിലാളികളെ പ്രതികൂലമായി ബാധിക്കുകയാണ്. വൻകിട മത്സ്യബന്ധന കമ്പനികൾ ഉപയോഗിക്കുന്ന ഓട്ടോമാറ്റിക് ഉപകരണങ്ങളും ചെറുകിട മത്സ്യത്തൊഴിലാളികൾക്ക് തിരിച്ചടിയാവുകയാണെന്ന് അബ്ദുല്ല അൽബർ പറഞ്ഞു.
വൻകിട കമ്പനികൾ നടത്തുന്ന, വിവേചനരഹിതമായ മത്സ്യബന്ധനമാണ് ചെറുകിട മത്സ്യത്തൊഴിലാളികൾക്ക് ഏറ്റവുമധികം ദുരിതം നൽകുന്നതെന്ന് ഫുർസാൻ ദ്വീപിലെ മത്സ്യത്തൊഴിലാളി കാരണവർ അബ്ദുല്ല നസീബ് പറഞ്ഞു. മത്സ്യങ്ങളുടെ ദൗർലഭ്യവും മത്സ്യബന്ധന ഉപകരണങ്ങളുടെ വിലക്കയറ്റവും കടലിൽ ഇറങ്ങുന്നതിൽ നിന്ന് വിട്ടുനിൽക്കാൻ മത്സ്യത്തൊഴിലാളികളെ പ്രേരിപ്പിക്കുകയാണ്. ഇന്ധന വിലക്ക് തുല്യമായ തുകക്കുള്ള മത്സ്യം പോലും പലപ്പോഴും ചെറുകിട മത്സ്യത്തൊഴിലാളികൾക്ക് ലഭിക്കുന്നില്ല. ഇതിനു പുറമേയാണ് വായ്പാ തിരിച്ചടവ്. പ്രശ്‌നങ്ങൾ ശ്രദ്ധയിൽ പെടുത്തി ജിസാൻ ഗവർണറേറ്റിനും മത്സ്യവിഭവ വകുപ്പിനും കത്തുകളയച്ചിട്ടുണ്ട്. പ്രശ്‌നപരിഹാരത്തിന് ശ്രമിച്ച് ബന്ധപ്പെട്ട വകുപ്പുകൾ ശിൽപശാലകൾ സംഘടിപ്പിച്ചിരുന്നു. എന്നാൽ ഇതുവരെ പ്രശ്‌നങ്ങൾക്ക് പരിഹാരമായിട്ടില്ല. മത്സ്യത്തൊഴിലാളികൾ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരം കാണണമെന്നും പ്രതിബന്ധങ്ങൾ കൂടാതെ ഈ മേഖലയിൽ പ്രവർത്തിക്കുന്നതിന് ആവശ്യമായ സഹായങ്ങൾ നൽകണമെന്നും ബന്ധപ്പെട്ട വകുപ്പുകളോട് അബ്ദുല്ല നസീബ് ആവശ്യപ്പെട്ടു.