Sorry, you need to enable JavaScript to visit this website.

പ്രവാസി ക്ഷേമനിധി അടക്കാതെ ലക്ഷങ്ങള്‍ തട്ടി; 500 പരാതികള്‍ ലഭിച്ചതായി പോലീസ്

റിമാന്‍ഡിലായ രണ്ടാം പ്രതി കവിത രാജീവന്‍.

തളിപ്പറമ്പ് - പ്രവാസി ക്ഷേമ നിധിയില്‍ അടക്കാനായി നല്‍കിയ തുക തിരിമറി നടത്തി ലക്ഷങ്ങള്‍ തട്ടിയ സംഭവത്തില്‍ പോലീസിനു അഞ്ഞൂറോളം പരാതികള്‍ ലഭിച്ചു. കേസില്‍ രണ്ട് പ്രതികള്‍ പിടിയിലായതോടെയാണ് പരാതി നല്‍കാന്‍ ആദ്യം വിമുഖത കാട്ടിയവര്‍ പരാതിയുമായി എത്തിത്തുടങ്ങിയത്. അതിനിടെ കേസിലെ മുഖ്യപ്രതി കൃഷ്ണനു കോടതി ജാമ്യം നല്‍കി. രണ്ടാം പ്രതി  കവിത രാജീവന്‍ റിമാന്‍ഡിലാണ്.
കേരള പ്രവാസി സംഘം ഓഫീസ് കേന്ദ്രീകരിച്ചു നടത്തിയ തട്ടിപ്പില്‍ ഒരു കോടിയോളം രൂപ നഷ്ടപ്പെട്ടുവെന്നാണ് കണക്കാക്കുന്നത്. 3000 രൂപ മുതല്‍ 40,000 രൂപ വരെ നഷ്ടപ്പെട്ടവരുണ്ട്. പണം നഷ്ടപ്പെട്ടതിനു പുറമെ, പലരും ക്ഷേമനിധിയില്‍ നിന്നു തന്നെ പുറത്താവുകയും ചെയ്തു.
തട്ടിപ്പുമായി ബന്ധപ്പെട്ട് ഏഴ് കേസുകളാണ് തളിപ്പറമ്പ് പോലീസ് റജിസ്റ്റര്‍ ചെയ്തത്. ഇന്നലെ വരെ പരാതിക്കാരുടെ എണ്ണം അഞ്ഞൂറു കവിഞ്ഞു. ദിവസേന പത്തിലധികം പരാതികള്‍ ലഭിക്കുന്നുണ്ട്. ക്ഷേമ നിധി ഓഫീസില്‍ അന്വേഷിക്കുമ്പോഴാണ് കുടിശ്ശികയുള്ള വിവരം പലരും അറിയുന്നത്. പ്രവാസി സംഘം ഓഫീസില്‍ നേരത്തെ പണമടച്ച റസീറ്റുമായാണ് പലരും പരാതിയുമായി പോലീസിനെ സമീപിക്കുന്നത്. 500 പേരുടെ പരാതികളില്‍ കുറ്റപത്രം സമര്‍പ്പിക്കാനാണ് പോലീസ് ആലോചിക്കുന്നത്. ഇതിനായി പബ്ലിക് പ്രോസിക്യൂട്ടറില്‍നിന്നും നിയമോപദേശം തേടിയിട്ടുണ്ട്.
കേസിലെ രണ്ടാം പ്രതി കവിത രാജീവനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തതില്‍നിന്ന് തട്ടിപ്പിന്റെ വ്യാപ്തി വ്യക്തമായി. കേസന്വേഷിക്കുന്ന എസ്.ഐ ദിനേശനാണ് പ്രതിയെ ക്‌സറ്റഡിയില്‍ വാങ്ങി തെളിവെടുത്തത്. തട്ടിപ്പിലൂടെ സ്വരൂപിച്ച പണം കൃഷ്ണനും കവിതയും ധൂര്‍ത്തടിക്കുകയായിരുന്നുവെന്നാണ് വിവരം. മറ്റു വരുമാനമില്ലാത്ത കവിത, കാര്‍ വാങ്ങുകയും വാടക വീട്ടില്‍ ആഡംബര ജീവിതം നയിക്കുകയും ചെയ്തു. കവിതയുടെയും കൃഷ്ണന്റെയും ബാങ്ക് അക്കൗണ്ടുകളില്‍ പണമൊന്നുമില്ല. സ്വന്തമായി സ്വത്തു വകകളുമില്ല. കവിത, തളിപ്പറമ്പ് മുറിയാത്തോട്ടില്‍ എട്ട് സെന്റ് സ്ഥലം വാങ്ങിയിട്ടുണ്ട്. ഇത് മാത്രമാണ് ഏക സ്വത്ത്. എല്ലാ ദിവസവും വൈകുന്നേരം കൃഷ്ണന്‍ ഓഫീസിലെത്തി അന്നന്നത്തെ കളക്ഷന്‍ വാങ്ങിക്കൊണ്ടുപോകാറുണ്ടെന്നും ഓണം, വിഷു തുടങ്ങിയ വിശേഷ അവസരങ്ങളില്‍ മാത്രമാണ് തനിക്കു ശമ്പളത്തിനു പുറമെ, 6000 രൂപ നല്‍കിയിരുന്നതെന്നും കവിത ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയിരുന്നു. കവിത  ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്.
മുഖ്യപ്രതി കൃഷ്ണന് തളിപ്പറമ്പ് മജിസ്‌ട്രേറ്റ് കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ഒരു മാസത്തിേലറെയായി റിമാന്‍ഡിലായിരുന്നു. പ്രതികളുട സ്വത്തുക്കള്‍ കണ്ടുകെട്ടി  നഷ്ടപ്പെട്ട പണം നല്‍ക ണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.
 

 

Latest News