പത്തനംതിട്ട- ആറന്‍മുളയ്ക്ക് അഭിമാനമായി ഇനി മുതല്‍ ആറന്‍മുള അരിയും. ആറന്‍മുള വള്ളംകളിയും തിരുവോണത്തോണിയും കണ്ണാടിയും പോലെ ഇനി ആറന്‍മുള അരിയും ജനമനസ്സുകളില്‍ ഇടം പിടിക്കുന്നു.
നാളെ മുതല്‍ ആറന്‍മുള അരി വിപണിയിലെത്തും.
ആറന്മുള അരി വിതരണം ചെയ്യുന്ന അരിക്കടയുടെ ഉദ്ഘാടനം നാളെ കൃഷി മന്ത്രി വി.എസ്. സുനില്‍ കുമാര്‍ നിര്‍വ്വഹിക്കും.
വൈക്കം വെച്ചൂരില്‍ ആറന്മുള അരിയുടെ പാക്കിംഗ് നേരത്തെ ആരംഭിച്ചിരുന്നു. വൈക്കം വെച്ചൂരിലെ മില്ലില്‍ അഞ്ച്, പത്ത് കിലോഗ്രാം കവറുകളിലാണ് അരി പായ്ക്ക് ചെയ്തിരിക്കുന്നത്.
ആറന്മുളയിലെ ഏറ്റവും വലിയ പാടശേഖരമായ നീര്‍വിളാകം പാടത്തെ 68 ഏക്കറിലാണ് ആവസാനം കൊയ്ത്ത് നടന്നത്. വിത നടത്താനേ കഴിയില്ലെന്ന് കരുതിയിരുന്നിടത്തുനിന്നാണ് ആറന്മുള പാടത്തെ ഏറ്റവും വലിയ കൃഷിയിലേക്ക് നീര്‍വിളാകം മാറിയത്. കൃഷിക്കാരുടെ മൂന്ന് മാസത്തെ കഠിനാധ്വാനമായിരുന്നു ഇതിന് പിന്നില്‍. ഒപ്പം കൃഷി വകുപ്പ് ഉദ്യോഗസ്ഥരും സ്‌പെഷ്യല്‍ ഓഫീസര്‍ ജെ സജീവിന്റെ നേതൃത്വത്തില്‍ തുടര്‍ച്ചയായി പ്രവര്‍ത്തിച്ചു. നീര്‍ച്ചാലുകള്‍വീണ്ടെടുത്തും വെള്ളത്തിന്റെ പ്രവാഹം കൃത്യമാക്കിയുമാണ് അസാധ്യമെന്ന് കരുതിയ കൃഷിയുടെ വീണ്ടെടുപ്പ് നടത്തിയത്.
ആറന്മുള പാടത്ത് മൊത്തം 500 ടണ്‍ നെല്ലാണ് പ്രതീക്ഷിക്കുന്നത്. മൊത്തം 1.18 കോടി രൂപയുടെ നെല്ല് കിട്ടുമെന്നുള്ള വിശ്വാസവുമുണ്ട്. കിലോഗ്രാമിന് 22.50 രൂപയാണ് കൃഷിക്കാര്‍ക്ക് നല്‍കുമെന്ന് കരുതുന്നത്. നീര്‍വിളാകത്ത് ശേഷിക്കുന്ന 23 ഏക്കറിലും കൊയ്ത്തിന് മുന്നൊരുക്കങ്ങളായിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം ഒക്‌ടോബര്‍ 29 നാണ് ആറന്മുള സഹകരണ എഞ്ചിനീയറിംഗ് കോളേജിന് എതിര്‍വശത്തുള്ള പുഞ്ചയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നെല്‍വിത്തെറിഞ്ഞ് നെല്‍കൃഷിക്ക് തുടക്കം കുറിച്ചത്. ആറന്മുള പുഞ്ചയിലെ തെച്ചിക്കാവ്, കറ്റാറ്റ് വയല്‍, കാഞ്ഞിരവേലി, പുന്നയ്ക്കാട്, നീര്‍വിളാകം, ചൂരക്കുന്ന് നടുവാടി ഏലാ എന്നീ പാടശേഖരങ്ങളിലാണ് നിലമൊരുക്കി നെല്‍കൃഷി ആരംഭിച്ചത്.
ആദ്യ തവണ 56 ഹെക്ടര്‍ സ്ഥലത്താണ് കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ കൃഷിയിറക്കുന്നതിന് ആദ്യം തീരുമാനിച്ചിരുന്നത്. പിന്നീട് 90 സ്ഥലത്ത് കൃഷിയിറക്കി. 1.5 കോടി രൂപയാണ് ആറന്മുള കൃഷി പുനരുജ്ജീവന പദ്ധതിക്കായി സര്‍ക്കാര്‍ ആദ്യ ഘട്ടത്തില്‍ അനുവദിച്ചത്. ഉമ നെല്‍വിത്താണ് ഉപയോഗിച്ചത്. ആദ്യ കൊയ്ത്ത് ആറന്മുളക്ക് ആഘോഷമായി ഫെബ്രുവരി 21 ന് നടന്നു. കൃഷി മന്ത്രി വി എസ് സുനില്‍കുമാര്‍ ആദ്യ നെല്‍മണി കൊയ്‌തെടുത്തുകൊണ്ട് ആറന്മുള പുഞ്ചയിലെ കൊയ്ത്തിന് നേതൃത്വം നല്‍കി.
കൊയ്‌തെടുത്ത നെല്ലിന്റെ പണം കൃഷിക്കാര്‍ക്ക് നാളെ നല്‍കും. ഒപ്പം ആറന്മുളയില്‍ പാടശേഖര സമിതികളുടെ അരിക്കടയും തുറക്കും. അങ്ങനെ വലിയൊരു പോരാട്ടത്തിലൂടെ നേടിയെടുത്ത മണ്ണില്‍ അതിനേക്കാള്‍ ഭഗീരഥ പ്രയത്‌നം നടത്തിയാണ് കര്‍ഷകരും കൃഷി വകുപ്പും ചേര്‍ന്ന് നെല്ല് വിളയിച്ചത്. ആറന്‍മുള വിമാനത്താവള വിരുദ്ധ സമരത്തിന്റെ ഉല്‍പന്നമായ ആറന്‍മുള അരി വാങ്ങാന്‍ ഒരുങ്ങിയിരിക്കുകയാണ് ഓരോ ആറന്‍മുളക്കാരും.