കോഴിക്കോട്- സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷനില്‍ ജനറല്‍ മാനേജറായി തന്റെ ബന്ധുവായ കെ.ടി അദീബിന്റെ നിയമനത്തിന് വഴിയൊരുക്കാന്‍ മന്ത്രി കെ.ടി ജലീല്‍ നേരിട്ട് ഇടപെട്ടെന്ന് യൂത്ത് ലീഗ്് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. ഈ തസ്തികയിലേക്ക് നേരത്തെ സര്‍ക്കാര്‍ നിശ്ചയിച്ച വിദ്യാഭ്യാസ യോഗ്യതയില്‍ മന്ത്രിസഭയുടെ അനുമതിയില്ലാതെ മാറ്റം വരുത്തി മന്ത്രി ജലീല്‍ ഇറക്കിയ ഉത്തരവും ഇതിനെ എതിര്‍ത്ത് വകുപ്പ് സെ്ക്രട്ടറി ഷാജഹാന്‍ ഐ.എ.എസ് എഴുതിയ വിയോജന കുറിപ്പുമാണ് പുതിയ തെളിവുകളായി ഫിറോസ് പുറത്തു വിട്ടത്.
വിദ്യാഭ്യാസ യോഗ്യതയില്‍ മാറ്റംവരുത്താനുള്ള തീരുമാനം മന്ത്രിസഭ ചര്‍ച്ച ചെയ്യേണ്ട കാര്യമില്ലെന്ന് മുഖ്യമന്ത്രിയോട് നിര്‍ദേശിച്ചത് ജലീലാണെന്ന് വ്യക്തമായതായും അദ്ദേഹം ആരോപിച്ചു. യോഗ്യതയില്‍ മാറ്റം വരുത്തുമ്പോള്‍ മന്ത്രിസഭ ചര്‍ച്ച ചെയ്യേണമോ എന്ന കാര്യത്തില്‍ മുഖ്യമന്ത്രിയുടെ അഭിപ്രായം തേടിയ വകുപ്പു സെക്രട്ടറിയെ മറികടന്നാണ് ജലീല്‍ ഇടപെട്ടത്. അധിക യോഗ്യത ഉള്‍പ്പെടുത്തുന്നതിനു മന്ത്രിസഭയുടെ അംഗീകാരം ആവശ്യമില്ലെന്നാണ് മന്ത്രി ഫയലില്‍ എഴുതിയത്. എന്നാല്‍ അധികയോഗ്യതയല്ല, അടിസ്ഥാന യോഗ്യതയിലാണ് മന്ത്രി ഇടപെട്ട് മാറ്റം വരുത്തിയിരിക്കുന്നതെന്നും ഫിറോസ് ചൂണ്ടിക്കാട്ടി.
അടിസ്ഥാന യോഗ്യതയ്ക്കു പുറമെ അധിക യോഗ്യത ചേര്‍ക്കുമ്പോള്‍ മന്ത്രിസഭ ചര്‍ച്ച ചെയ്യേണ്ടതില്ല. എന്നാല്‍ അടിസ്ഥാന യോഗ്യതയില്‍ മാറ്റം വരുത്തുമ്പോള്‍ മന്ത്രിസഭ അറിയാതെ ചെയ്യരുതെന്നാണ് വകുപ്പ് സെക്രട്ടറി വ്യക്തമായി കുറിപ്പിലെഴുതിയത്. എന്നാല്‍ ഇതു മറികടന്ന് യോഗ്യതകള്‍ പുനര്‍നിശ്ചയിച്ച് ഉത്തരവിറക്കണം എന്നാവശ്യപ്പെട്ട് മന്ത്രി സ്വന്തം ലെറ്റര്‍പാഡില്‍ കുറിപ്പു നല്‍കി. ബന്ധു അദീബിന്റെ വിദ്യാഭ്യാസ യോഗ്യതകളാണ് ചേര്‍ത്താണ് പുതിയ ഉത്തരവിറക്കിയത്. ഇതു ബന്ധുവിനെ നിയമിക്കാനാണെന്നു വ്യക്തമാണ്. അധിക യോഗ്യതയിലാണ് മാറ്റം വരുത്തിയതെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഫയല്‍ മന്ത്രിസഭയില്‍ വയ്ക്കാതെ ഉത്തരവാക്കിയത്.
ഇക്കാര്യം മുഖ്യമന്ത്രിയുടെ അറിവോടെയാണോ എന്ന് പിണറായി വിജയന്‍ വ്യക്തമാക്കണം. മുഖ്യമന്ത്രിയെ കബളിപ്പിച്ചാണ് ജലീല്‍ യോഗ്യതയില്‍ മാറ്റം വരുത്തിയതെങ്കില്‍ അദ്ദേഹത്തിനെതിരെ നടപടി എടുക്കണമെന്നും ഫിറോസ് ആവശ്യപ്പെട്ടു.