തിരുവനന്തപുരം- ശബരിമല വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ സര്‍വകക്ഷി യോഗം വിളിച്ചു.
യുവതീപ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്കുശേഷം ആദ്യമായാണു സര്‍ക്കാര്‍ എല്ലാ രാഷ്ട്രീയപാര്‍ട്ടികളുടെയും അഭിപ്രായം തേടുന്നത്. ഇതോടെ സംഘര്‍ഷം അയയുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. ഏതൊക്കെ പാര്‍ട്ടികള്‍ പങ്കെടുക്കും, വിട്ടുനില്‍ക്കുമെന്ന് ഇന്ന് അറിയാനാകും.
സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷിയോഗത്തില്‍ പങ്കെടുക്കണമോയെന്ന് എന്‍.ഡി.എ യോഗം ചേര്‍ന്നു തീരുമാനിക്കുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ള അറിയിച്ചു. ഭക്തരുടെ വിശ്വാസം ആര്‍ജിക്കാന്‍ സര്‍ക്കാരിന് ഇനിയും കഴിഞ്ഞിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. പങ്കെടുക്കുന്ന കാര്യം യു.ഡി.എഫ് ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ശബരിമല റിവ്യൂ ഹരജികളില്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കാമെന്ന സുപ്രീം കോടതി തീരുമാനം വന്നശേഷം മുഖ്യമന്ത്രി പ്രതിപക്ഷ നേതാവുമായി ചര്‍ച്ച നടത്തിയിരുന്നു.
നിയമസഭയില്‍ പ്രാതിനിധ്യമുള്ളതും ഇല്ലാത്തതുമായ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളേയും സര്‍വകക്ഷി യോഗത്തിലേക്ക് ക്ഷണിക്കാനാണു ധാരണ. സാമുദായിക സംഘടനകളെ പങ്കെടുപ്പിക്കണമെന്ന് ആവശ്യമുണ്ടെങ്കിലും തീരുമാനമായിട്ടില്ല. ജനുവരി 22 വരെ യുവതീപ്രവേശനത്തിനു സുപ്രീംകോടതിയോടു സാവകാശം ചോദിണമെന്ന ആവശ്യം സര്‍ക്കാരിന്റെ പരിഗണനയിലാണ്.