കൽപറ്റ- കേന്ദ്ര, സംസ്ഥാന സർക്കാറുകൾ വർഷം തോറും കോടിക്കണക്കിനു രൂപ ഒഴുക്കിയിട്ടും പ്രാക്തന ഗോത്ര ജനതക്കു വിട്ടുമാറാതെ ദുരിതം. പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് കെട്ടിമേഞ്ഞതും പഴന്തുണി കൊണ്ടു മറച്ചതുമായ ചെറ്റക്കുടിലുകളിൽ കഴിയുന്ന കുടുംബങ്ങൾ പ്രാക്തന ഗോത്ര വിഭാഗങ്ങളിൽ ഇപ്പോഴും നിരവധി.
ആദിവാസികളിൽ സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ രംഗങ്ങളിൽ ഏറ്റവും പിന്നോക്കം നിൽക്കുന്ന കാട്ടുനായ്ക്ക, ചോല നായ്ക്ക, കുറുമ്പ, കാടർ, കൊറഗ സമുദായങ്ങളെയാണ് പ്രാക്തന ഗോത്രവർഗങ്ങളായി കണക്കാക്കുന്നത്. ഇവരുടെ ഉന്നമനത്തിനു നിരവധി ക്ഷേമ പദ്ധതികൾ സർക്കാറുകൾ നടപ്പിലാക്കുമ്പോഴാണ് അനേകം കുടുംബങ്ങൾ അടിസ്ഥാന സൗകര്യമില്ലാതെ നരകിക്കുന്നത്. വാസയോഗ്യമായ വീടില്ലാത്ത നിരവധി കുടുംബങ്ങൾ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വനത്തിലും വനാതിർത്തിയിലുമായി ജീവിക്കുന്നുണ്ട്.
സംസ്ഥാനത്തെ പ്രാക്തന ഗോത്ര വിഭാഗങ്ങൾക്കായി കേന്ദ്ര സർക്കാർ 2011-12 ൽ 148 കോടി രൂപയുടെ പദ്ധതി നടപ്പിലാക്കിയിരുന്നു. ഭവന നിർമാണവും റോഡും കുടിവെള്ളവും ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കലുമാണ് പദ്ധതിയിൽ പ്രധാനമായും വിഭാവനം ചെയ്തിരുന്നത്. പദ്ധതിത്തുകയിൽ 80.7 കോടി രൂപ കാട്ടുനായ്ക്ക വിഭാഗത്തിനായാണ് നീക്കിവെച്ചത്. കാട്ടുനായ്ക്ക മേഖലകളിൽ ഭവന നിർമാണത്തിനു 37.1 കോടി രൂപ വിനിയോഗിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നുണ്ടെങ്കിലും ഭൂ-ഭവന രഹിത കുടുംബങ്ങൾ ജില്ലയിൽ ഓടപ്പള്ളം, വടുവൻചാൽ, വാളാരംകുന്ന്, കടച്ചിക്കുന്ന് തുടങ്ങിയ പ്രദേശങ്ങളിൽ അവശേഷിക്കുകയാണ്.