Sorry, you need to enable JavaScript to visit this website.

ഭൂപരിഷ്‌കരണ നിയമം: വെൽഫെയർ പാർട്ടി  ത്രിദിന പ്രക്ഷോഭത്തിന് തുടക്കം

വെൽഫെയർ പാർട്ടിയുടെ ആഭിമുഖ്യത്തിലുള്ള ത്രിദിന ഭൂപ്രക്ഷോഭം സെക്രട്ടറിയേറ്റ് പടിക്കൽ പാർട്ടി ദേശീയ  സെക്രട്ടറി  ഡോ. റാഷിദ് ഹുസൈൻ ഉദ്ഘാടനം ചെയ്യുന്നു.

തിരുവനന്തപുരം - കേരളത്തിലെ കുത്തകകൾ കയ്യേറിയ അഞ്ച് ലക്ഷത്തോളം ഏക്കർ ഭൂമി തിരിച്ചുപിടിച്ച് ഭൂരഹിതർക്ക് വിതരണം ചെയ്യാൻ സമഗ്ര ഭൂപരിഷ്‌കരണ നിയമം നിർമിക്കണമെന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടിയുടെ ആഭിമുഖ്യത്തിലുള്ള ത്രിദിന പ്രക്ഷോഭത്തിന് സെക്രട്ടേറിയറ്റ് പടിക്കൽ തുടക്കമായി. അനധികൃതമായി ഭൂമി കൈവശത്താക്കിയ കുത്തകകൾക്കെതിരെ സർക്കാറുകൾ ചെറുവിരൽ പോലും അനക്കുന്നില്ലെന്നും ഈ അനീതിക്കെതിരെയുള്ള പ്രക്ഷോഭം കത്തിപ്പടരണമെന്നും സമരം ഉദ്ഘാടനം ചെയ്ത് വെൽഫെയർ പാർട്ടി ദേശീയ സെക്രട്ടറി  ഡോ. റാഷിദ് ഹുസൈൻ പറഞ്ഞു. സർക്കാരുകൾ ഭൂമി കയ്യേറ്റക്കാർക്ക് ഒത്താശ ചെയ്യുകയാണ്. പാവങ്ങൾക്ക് വേണ്ടി നിലകൊള്ളുകയാണെന്ന് അവകാശപ്പെടുന്ന സി.പി.എം പ്രായോഗിക തലത്തിൽ കുത്തകകൾക്കൊപ്പമാണ്. സി.പി.എം വർഷങ്ങളോളം ഭരിച്ച ബംഗാളിലെ സ്ഥിതി ഭയാനകമാണ്. ഭൂമിയുടെ പ്രശ്‌നം കേരളത്തിൽ മാത്രമല്ല, രാജ്യത്തെമ്പാടും രൂക്ഷമായി തുടരുകയാണ്. ഭൂമിയുടെ അവകാശം അർഹർക്ക് നൽകുന്നതിന് ശക്തമായ പ്രക്ഷോഭം അനിവാര്യമാണെന്നും ഇത്തരം പോരാട്ടങ്ങൾ രാജ്യത്തെമ്പാടുമുള്ള വിമോചന സമരങ്ങൾക്ക് കരുത്തേകുമെന്നും അദ്ദേഹം പറഞ്ഞു. 
ഭൂപ്രശ്‌നത്തെയും ഭവനപ്രശ്‌നത്തെയും സർക്കാർ കൂട്ടിക്കുഴക്കുകയാണെന്നും എല്ലാ ഭവനപദ്ധതികളെയും മുൻകൂട്ടി തീരുമാനിച്ചപോലെ സർക്കാർ കൊല്ലുകയാണെന്നും സമരത്തെ അഭിസംബോധന ചെയ്ത് സി.എം.പി നേതാവ് സി.പി ജോൺ പറഞ്ഞു. പ്രളയത്തിന് ശേഷം ഭൂപ്രശ്‌നത്തോടൊപ്പം ഭവനപ്രശ്‌നവും രൂക്ഷമാണ്. ലക്ഷം ഭവനങ്ങൾ നിർമിക്കൽ കുടിശ്ശികയായി നിൽക്കേയാണ് പ്രളയം ലക്ഷം ഭവനങ്ങളെ കൂടി വാസയോഗ്യമല്ലാതാക്കിയത്. ഭൂമി പ്രശ്‌നത്തോട് കാപട്യത്തോടെയുള്ള സമീപനമാണ് സർക്കാരിനുള്ളത്. നവകേരളം വേണ്ട, പകരം പഴയകേരളം തിരിച്ചുനൽകണമെന്നാണ് മുഖ്യമന്ത്രിയോടുള്ള അപേക്ഷ. കുത്തകകളെ വെള്ളപൂശുന്ന കപടമുഖങ്ങൾ സമൂഹമധ്യത്തിൽ തുറന്നുകാട്ടണം. ഭൂസമരത്തിൽ സി.എം.പിയുടെ എല്ലാ പിന്തുണയും വെൽഫെയർ പാർട്ടിക്കുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. 
സാമൂഹ്യനീതി സാക്ഷാത്കരിക്കണമെങ്കിൽ ഭൂമിയുടെ ശാസ്ത്രീയമായ വിനിയോഗം സാധ്യമാകണമെന്ന് അധ്യക്ഷത വഹിച്ച വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം പറഞ്ഞു. ഭൂമിപ്രശ്‌നത്തിൽ ഇടതുസർക്കാർ നിലപാട് വഞ്ചനാപരമാണ്. സർക്കാർ കുത്തകകൾക്കൊപ്പമാണെന്ന് ന്യായമായും സംശയിക്കേണ്ട സംഭവങ്ങളാണ് അടിക്കടിയുണ്ടാകുന്നത്. സമഗ്രമായ  ഭൂപരിഷ്‌കരണത്തിന് സർക്കാർ നിയമനിർമാണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടി ഭൂസമരസമിതി ചെയർമാൻ കെ.എ ഷെഫീഖ് മുഖ്യ പ്രഭാഷണം നടത്തി. 
വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി സുരേന്ദ്രൻ കരിപ്പുഴ, സണ്ണി എം. കപിക്കാട്, ടി.എൽ സന്തോഷ്, ശ്രീരാമൻ കൊയ്യോൻ, കെ.കെ ബാബുരാജ്, ടി. പീറ്റർ, കെ.ജി ജഗദീശൻ, സാബു കൊട്ടാരക്കര, സി.എസ് രാജേഷ്, മാഗ്ലിൻ ഫിലോമിന യോഹന്നാൻ, മൃദുലദേവി ശശിധരൻ, ആർ. കുമാർ, വിനീത വിജയൻ, എം.പി കുഞ്ഞിക്കണാരൻ, ശാന്തി രാജശേഖരൻ, പ്രദീപ് നെന്മാറ, ഗോമതി, പി. ലുഖ്മാൻ, ടി.ആർ ശശി, അനീഷ് പാറമ്പുഴ, ജയിംസ് കണ്ണിമല തുടങ്ങിയവർ പ്രസംഗിച്ചു. 
രണ്ടാം ദിവസമായ ഇന്ന് കെ.കെ. കൊച്ച്, ഡോ. ശാർങ്ധരൻ, ജോൺ പെരുവന്താനം, ഇ.സി ആയിഷ, ശ്രീജ നെയ്യാറ്റിൻകര തുടങ്ങി സാമൂഹ്യ രാഷ്ട്രീയ മേഖലയിലെ പ്രമുഖർ പങ്കെടുക്കും.
 

Latest News