പെരിന്തൽമണ്ണ- സമൂഹത്തെ മുന്നോട്ട് നയിക്കാൻ സഹായിക്കാത്ത ആചാരങ്ങൾ ലംഘിക്കണമെന്ന് എഴുത്തുകാരനും പ്രഭാഷകനുമായ കെ.ഇ.എൻ. കുഞ്ഞഹമ്മദ് അഭിപ്രായപ്പെട്ടു. ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 82 ാം വാർഷിക ആഘോഷ പരിപാടികളുടെ ഭാഗമായി ജില്ലാ ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ പെരിന്തൽമണ്ണയിൽ നടന്ന പരിപാടിയിൽ 'വിശ്വാസം, ആചാരം, ജനാധിപത്യം' വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമരങ്ങളിലൂടെയാണ് കേരളം പുരോഗമനം നേടിയിട്ടുള്ളത്. വിവിധ ജാതികളിൽപെട്ട മനുഷ്യർക്ക് ഒരുമിച്ചിരിക്കാൻ അവസരം നൽകിയത് സമരങ്ങളാണ്. ആരാധനാലയങ്ങൾ എല്ലാ ജാതി, മത, വർഗ വിഭാഗത്തിൽ പെട്ടവർക്കും തുറന്ന് നൽകണം.
രാഷ്ട്രീയത്തിനും ദേശങ്ങൾക്കും അതിർത്തിയുണ്ട്. എന്നാൽ ആത്മീയതയ്ക്ക് അതിർത്തിയില്ല. എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ആത്മീയത. ശബരിമലയിൽ ആചാര ലംഘനം നടത്തിയിരിക്കുന്നത് തന്ത്രി കുടുംബമാണ്. സ്ത്രീകൾ നിർബന്ധമായും ശബരിമലയിൽ പ്രവേശിക്കണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടില്ല. ആർക്കെങ്കിലും കയറണമെന്നുണ്ടെങ്കിൽ അതിന് തടസ്സം നിൽക്കരുത് എന്ന് മാത്രമാണ് വിധിയിൽ പറയുന്നത്. 1991 ന് മുമ്പുള്ള സ്ഥിതി തുടരനാണ് കോടതി വിധിയിൽ പറയുന്നത്. 1991 വരെ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ചിരുന്നു. ജാതി മേൽകോയ്മ നേടുന്നതിന് വേണ്ടി നാമജപത്തെ പോലും ചിലർ മലിനപ്പെടുത്തുന്നു. ആളുകളെ ഭയപ്പെടുത്താൻ ഉപയോഗിക്കേണ്ടതല്ല നാമജപമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
നഗരസഭാ ചെയർമാൻ എം മുഹമ്മദ് സലീം അധ്യക്ഷത വഹിച്ചു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ രതി അല്ലക്കാട്ടിൽ, ശോഭന ടീച്ചർ, മാപ്പിളകലാ അക്കാദമി സെക്രട്ടറി റസാക് പയമ്പ്രോട്ട്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ സി അയ്യപ്പൻ, അസി. ഇൻഫർമേഷൻ ഓഫീസർ ഐ ആർ പ്രസാദ് എന്നിവർ സംസാരിച്ചു.
ക്ഷേത്രപ്രവേശന വിളംബരത്തിന്റെ ജില്ലയിൽ നടന്ന വാർഷികാഘോഷങ്ങളോടനുബന്ധിച്ച് കൊണ്ടോട്ടി മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിളകലാ അക്കാദമിയിൽ മൂന്ന് ദിവസങ്ങളിലായി വിവിധ മൽസരങ്ങൾ സംഘടിപ്പിച്ചിരുന്നു. പ്രഭാഷണം-ചർച്ച, ചരിത്ര ചിത്രപ്രദർശനം, ഡോക്യുമെന്ററി പ്രദർശനം, വിദ്യാർഥികൾക്കായി പ്രബന്ധ രചനാ മത്സരങ്ങൾ, വിവിധയിനം കലാപരിപാടികൾ തുടങ്ങിയവയാണ് നടന്നത്. ജില്ലാ ഭരണകൂടം, സാംസ്‌കാരിക വകുപ്പ്, പുരാരേഖ വകുപ്പ്, മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിളകലാ അക്കാദമി, ജില്ലാ ലൈബ്രറി കൗൺസിൽ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.