പാലക്കാട് - ശബരിമല ദർശനത്തിന് പോയതിന്റെ പേരിൽ സംഘ്പരിവാർ പിന്തുടരുന്ന സ്‌കൂൾ അധ്യാപികക്ക് സംരക്ഷണം നൽകാൻ ജില്ലാ പോലീസ് സൂപ്രണ്ട് നിർദ്ദേശം നൽകി.
അട്ടപ്പാടി അഗളി ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിലെ അധ്യാപികയും കോട്ടയം സ്വദേശിയുമായ ബിന്ദു തങ്കം കല്യാണിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. നേരത്തേ കോഴിക്കോട് മെഡിക്കൽ കാമ്പസിലെ സ്‌കൂളിൽ ജോലി ചെയ്തിരുന്ന അധ്യാപിക സംഘ്പരിവാറിന്റെ ഭീഷണിയെത്തുടർന്ന് ഒക്‌ടോബർ 29 നാണ് അട്ടപ്പാടിയിലേക്ക് സ്ഥലം മാറ്റം വാങ്ങിയത്. കുട്ടികളെക്കൊണ്ട് നാമജപ ഘോഷയാത്ര നടത്തിക്കൊണ്ടാണ് അവരെ അട്ടപ്പാടിയിലേക്ക് വരവേറ്റത്. മേഖലയിൽ പ്രതിഷേധങ്ങൾ തുടരുകയാണ്.
തിങ്കളാഴ്ച അട്ടപ്പാടി കർമ്മ സമിതിയുടെ നേതൃത്വത്തിൽ സ്‌കൂളിലേക്ക് നടന്ന പ്രതിഷേധ ജാഥ ഏറെ പണിപ്പെട്ടാണ് പോലീസ് നിയന്ത്രിച്ചത്. അന്ന് രാത്രി അഗളിയിൽ ടീച്ചറുടെ വീട്ടിലെത്തിയ അക്രമികൾ ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് മടങ്ങിയത്. അട്ടപ്പാടിയിൽ നിന്ന് ടീച്ചറെ സ്ഥലം മാറ്റുന്നതു വരെ പ്രതിഷേധ പരിപാടികൾ തുടരുമെന്നാണ് സംഘ്പരിവാർ സംഘടനകൾ നടത്തിയിരിക്കുന്ന പ്രഖ്യാപനം.
കോടതി വിധിയുടെ അടിസ്ഥാനത്തിൽ ശബരിമലയിലെ പ്രതിഷേധക്കാരെ വെല്ലുവിളിച്ച് ശബരിമല ദർശനത്തിന് ഒരുങ്ങിയതോടെയാണ് 42 കാരിയായ ബിന്ദു തങ്കം കല്യാണി സംഘ്പരിവാറിന്റെ ഹിറ്റ് ലിസ്റ്റിൽ പെട്ടത്. ഒക്‌ടോബർ 22 ന് നിലക്കൽ വരെ എത്തിയ അവരെ അവിടെ നിന്ന് പിന്തുടരുന്നതാണ് സംഘ്പരിവാർ.
കോഴിക്കോട്ടെ വാടക വീട്ടിൽ നിന്ന് ഒഴിപ്പിച്ചതിന് പിറകെ സുഹൃത്തിന്റെ വീട്ടിൽ അഭയം തേടിയപ്പോഴും അപമാനിച്ചു. ദളിത് ആക്ടിവിസ്റ്റ് കൂടിയായ ടീച്ചർ നേരത്തേ ജോലി ചെയ്തിരുന്ന സ്‌കൂളിലും പ്രതിഷേധക്കാർ എത്തി. അവിടെ ജോലി ചെയ്യാനാവാത്ത അന്തരീക്ഷം രൂപപ്പെട്ടപ്പോഴാണ് ടീച്ചർ സ്വന്തം ഇഷ്ടപ്രകാരം പ്രത്യേക അപേക്ഷ നൽകി അട്ടപ്പാടിയിലേക്ക് സ്ഥലംമാറ്റം വാങ്ങിയത്.
അവർ കോഴിക്കോട്ടു നിന്ന് എത്തുന്നതിനു മുമ്പു തന്നെ പ്രതിഷേധക്കാർ ഒരുങ്ങി നിൽപായെന്നു മാത്രം.
പുതിയ ഇംഗ്ലീഷ് ടീച്ചറുടെ വരവ് അഗളി സ്‌കൂളിന്റെ താളം തെറ്റിച്ച മട്ടാണ്. ബിന്ദു തങ്കം കല്യാണിയെ സ്ഥലം മാറ്റുന്നതു വരെ പ്രതിഷേധം തുടരുമെന്നാണ് സംഘ്പരിവാർ വ്യക്തമാക്കിയിരിക്കുന്നത്. സഹപ്രവർത്തകരും രക്ഷിതാക്കളിലെ ഒരു വിഭാഗവും ടീച്ചർക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കുഴപ്പങ്ങൾക്കിടയിൽ സ്‌കൂളിന്റെ പ്രവർത്തനം എങ്ങനെ സുഗമമായി മുന്നോട്ടു കൊണ്ടു പോകുമെന്ന കാര്യത്തിൽ അവർക്കെല്ലാം ആശങ്കയുണ്ട്. ബിന്ദു തങ്കം കല്യാണിയുടെ ക്ലാസിലിരുന്ന് കുട്ടികൾ സംഘടിതമായി നാമജപ യജ്ഞം നടത്തുന്ന രീതിയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. ടീച്ചർക്ക് വാടകവീട് നൽകിയ വ്യക്തിക്കു മേലും സമ്മർദമുണ്ട്. ഈ സാഹചര്യത്തിൽ ഏതു രീതിയിലെല്ലാം സുരക്ഷാ ക്രമീകരണം ഏർപ്പെടുത്തണമെന്ന കാര്യത്തിൽ അഗളി പോലീസിനും അങ്കലാപ്പുണ്ട്.
വിഷയത്തിൽ പോലീസിന്റെ ഭാഗത്തു നിന്ന് വേണ്ട രീതിയിലുള്ള സംരക്ഷണം കിട്ടുന്നില്ലെന്നാണ് ബിന്ദു തങ്കം കല്യാണിയുടെ പരാതി. 'ഹൈക്കോടതി ഉത്തരവിൽ പ്രതീക്ഷയർപ്പിച്ചാണ് ശബരിമല ചവിട്ടാൻ പോയത്. പമ്പ വരെയേ പോകാനായുള്ളൂ. അന്ന് തുടങ്ങിയതാണ് വേട്ടയാടൽ. എവിടെയും ജീവിക്കാനനുവദിക്കില്ലെന്ന് വാശിപിടിച്ചാൽ എന്താണ് ചെയ്യാനാവുക. പോലീസിൽ പരാതി നൽകിയിട്ടും വേണ്ട രീതിയിലുള്ള പരിഗണന ലഭിക്കുന്നില്ല. സമാധാനപരമായി ജീവിക്കാനുള്ള അവകാശത്തിനു വേണ്ടിയാണ് എന്റെ നെട്ടോട്ടം. എന്റെയും കുടുംബത്തിന്റെയും സുരക്ഷ ഉറപ്പു വരുത്താനുള്ള ചുമതല പോലീസിനും സർക്കാറിനും ഉണ്ട്'-അവർ പറയുന്നു.