Sorry, you need to enable JavaScript to visit this website.

നാളികേര ഉൽപാദന ക്ഷമതക്ക്  വികസന കൗൺസിൽ

തിരുവനന്തപുരം- നാളികേര കൃഷിയുടെ വിസ്തൃതിയും ഉൽപാദനവും ഉൽപാദന ക്ഷമതയും വർധിപ്പിക്കുന്നതിന് കേരള നാളികേര വികസന കൗൺസിൽ രൂപീകരിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. 
കൃഷിയുടെ വിസ്തൃതി 7.81 ലക്ഷം ഹെക്ടറിൽ നിന്ന് 9.25 ലക്ഷം ഹെക്ടറായി വർധിപ്പിക്കുക, രോഗം ബാധിച്ചതും ഉൽപാദന ക്ഷമത നശിച്ചതുമായ തെങ്ങുകൾക്കു പകരം അത്യുൽപാദന ശേഷിയുളള തൈകൾ വെച്ചുപിടിപ്പിക്കുക, ഉൽപാദന ക്ഷമത ഹെക്ടറിന് 8500 നാളികേരമായി ഉയർത്തുക, നാളികേരത്തിന്റെ മൂല്യവർധന സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയാണ് വികസന കൗൺസിലിന്റെ ലക്ഷ്യങ്ങൾ. കൃഷി മന്ത്രി ചെയർമാനായുളള കൗൺസിലിൽ കൃഷിയുമായി ബന്ധപ്പെട്ട വിദ്യാഭ്യാസ, ഗവേഷണ സ്ഥാപനങ്ങളുടെയും കേര കർഷകരുടെയും ഉൽപാദന കമ്പനികളുടെയും  പ്രതിനിധികൾ  അംഗങ്ങളായിരിക്കും. കൗൺസിലിന് ജില്ലാതലത്തിലും സമിതികൾ ഉണ്ടാകും. 
തലശ്ശേരി ഗവൺമെന്റ് ബ്രണ്ണൻ കോളേജിൽ പുതിയതായി ആരംഭിച്ച എം.എസ്.സി കെമിസ്ട്രി കോഴ്‌സിലേക്ക് രണ്ട് അസിസ്റ്റന്റ് പ്രൊഫസർ തസ്തികകൾ സൃഷ്ടിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. 
പ്രശസ്ത ചലച്ചിത്രകാരനും കെ.എസ്.എഫ്.ഡി.സി ചെയർമാനുമായ ലെനിൻ രാജേന്ദ്രന് കരൾ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ നടത്തുന്നതിന് 30 ലക്ഷം രൂപ കോർപറേഷന്റെ ഫണ്ടിൽ നിന്ന് പ്രത്യേക കേസായി അനുവദിക്കുന്നതിന് തീരുമാനിച്ചു. പോലീസ് ട്രെയിനിംഗ് കോളേജ് പ്രിൻസിപ്പൽ സുകേശനെ കേരള സ്റ്റേറ്റ് കൺസ്യൂമർ ഫെഡ് എം.ഡിയായി ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കാൻ തീരുമാനിച്ചു. 
നവംബർ 27 ന് ആരംഭിക്കുന്ന നിയമസഭ സമ്മേളനത്തിൽ പരിഗണിക്കേണ്ട ബില്ലുകളുടെ മുൻഗണനാക്രമം മന്ത്രിസഭ അംഗീകരിച്ചു.
മത്സ്യത്തൊഴിലാളികൾക്ക് നാവിക് ഉപകരണങ്ങളും സാറ്റലൈറ്റ് ഫോണും ലഭ്യമാക്കാനുളള 25.36 കോടി രൂപയുടെ നിർദേശം മന്ത്രിസഭ അംഗീകരിച്ചു. 15,000 മത്സ്യബന്ധന യാനങ്ങൾക്കാണ് നാവിക ഉപകരണം നൽകുന്നത്. 1500 കിലോമീറ്റർ വരെ കവറേജ് ഏരിയ ഉളള നാവിക് മുഖേന ചുഴലിക്കാറ്റ്, സുനാമി, ഭൂചലനം എന്നിവ ഉൾപ്പെടെയുളള പ്രകൃതി ദുരന്തങ്ങളെക്കുറിച്ചും കാലാവസ്ഥാ വ്യതിയാനം, അന്താരാഷ്ട്ര അതിർത്തി, മത്സ്യബന്ധന സാധ്യതാ മേഖല എന്നിവ സംബന്ധിച്ചും സന്ദേശം നൽകാനാകും. ഐ.എസ്.ആർ.ഒയുടെ സാങ്കേതിക വിദ്യ ഉപയോഗിച്ച് കെൽട്രോണാണ് നാവിക് ഉപകരണങ്ങൾ നിർമിച്ച് നൽകുന്നത്. 15,000 ഉപകരണങ്ങൾക്ക് 15.93 കോടി രൂപയാണ് ചെലവ്. രക്ഷാപ്രവർത്തനം എളുപ്പമാക്കുന്നതിനും മത്സ്യബന്ധനത്തിനിടെയുളള അപകടങ്ങൾ കുറയ്ക്കുന്നതിനും നാവിക് ഫലപ്രദമാണ്. തീരദേശ ജില്ലകളിൽ നിന്ന് പന്ത്രണ്ട് നോട്ടിക്കൽ മൈൽ കൂടുതൽ ദൂരത്തേക്ക് മീൻ പിടിക്കാൻ പോകുന്ന യാനങ്ങളുടെ ഉടമസ്ഥരിൽ നിന്ന് തെരഞ്ഞെടുക്കുന്ന 15,000 പേർക്കാണ് ഉപകരണങ്ങൾ നൽകുക. 
ആയിരം മത്സ്യത്തൊഴിലാളികൾക്കാണ് 9.43 കോടി രൂപ ചെലവിൽ സാറ്റലൈറ്റ് ഫോൺ നൽകുന്നത്. ആഴക്കടൽ മത്സ്യബന്ധനം നടത്തുന്ന തൊഴിലാളികൾ തമ്മിൽ ആശയവിനിമയം നടത്താനും രക്ഷാപ്രവർത്തനം വേഗത്തിലാക്കാനും സാറ്റലൈറ്റ് ഫോൺ പ്രയോജനപ്പെടും. ബി.എസ്.എൻ.എല്ലുമായി സഹകരിച്ചാണ് ഈ പരിപാടി നടപ്പാക്കുന്നത്. ഒരു യൂണിറ്റിന് 94,261 രൂപയാണ് സാറ്റലൈറ്റ് ഫോണിന്റെ വില. ഉപഭോക്തൃ വിഹിതമായി ഓരോ തൊഴിലാളിയും 1500 രൂപ നൽകണം. നാവിക് ഉപകരണത്തിനും സാറ്റലൈറ്റ് ഫോണിനും ആവശ്യമായ 25.36 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് (ഓഖി ഫണ്ട്) വിനിയോഗിക്കും. 
ഓഖി ദുരന്തത്തിൽ മത്സ്യബന്ധനോപാധികൾ പൂർണമായി നഷ്ടപ്പെട്ട 8 പേർക്കും ഭാഗികമായി നഷ്ടപ്പെട്ട 81 പേർക്കും നഷ്ടപരിഹാരമായി 1.78 കോടി രൂപ നൽകാൻ തീരുമാനിച്ചു. ഓഖി ദുരന്തത്തിൽ മത്സ്യബന്ധനോപാധികൾ പൂർണമായി നഷ്ടപ്പെട്ട രജിസ്‌ട്രേഷനും ലൈസൻസുമില്ലാത്ത മൂന്നു യൂണിറ്റുകൾക്കും ഭാഗികമായി നഷ്ടപ്പെട്ട 113 യൂണിറ്റുകൾക്കും 22.52 ലക്ഷം രൂപ നഷ്ടപരിഹാരമായി വിതരണം ചെയ്യും. 
40,000 മത്സ്യത്തൊഴിലാളികൾക്ക് ലൈഫ് ജാക്കറ്റ് വാങ്ങുന്നതിന് 610 ലക്ഷം രൂപയുടെ നിർദേശം മന്ത്രിസഭ അംഗീകരിച്ചു. ലൈഫ് ജാക്കറ്റിന് ഉപഭോക്തൃ വിഹിതമായി ഓരോ തൊഴിലാളിയും 250 രൂപ നൽകണം. 
കോഴിക്കോട് ജില്ലയിൽ ഓഖി ദുരന്തത്തിൽ മത്സ്യബന്ധനോപാധികൾ ഭാഗികമായി നഷ്ടപ്പെട്ട പുത്തൻപുരയിൽ മെഹമൂദിന് 1.48 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകാൻ തീരുമാനിച്ചു. മെഹമൂദിന്റെ പേര് നേരത്തെ പട്ടികയിൽ നിന്ന് വിട്ടുപോയതായിരുന്നു.

 

Latest News