റിയാദ്- മഴക്കെടുതിയിലും പ്രളയത്തിലും പെട്ട് ഒരു മാസത്തിനിടെ മുപ്പതു പേർ മരിച്ചതായി സൗദി സിവിൽ ഡിഫൻസ് മീഡിയ സെന്റർ അറിയിച്ചു. ഒക്‌ടോബർ 17 മുതൽ ഇന്നലെ രാവിലെ വരെ പ്രളയത്തിൽ പെട്ടും മഴക്കിടെ ഷോക്കേറ്റുമാണ് ഇത്രയും പേർ മരിച്ചത്. ഏറ്റവും കൂടുതൽ മരണം മക്ക പ്രവിശ്യയിലാണ്, പത്തു പേർ. അൽബാഹ അഞ്ച് പേരും, കിഴക്കൻ പ്രവിശ്യ, അസീർ എന്നിവിടങ്ങളിൽ മൂന്നു പേർ വീതവും മരിച്ചു. തബൂക്ക്, ജിസാൻ, ഹായിൽ എന്നിവിടങ്ങളിൽ രണ്ട് പേർ വീതവും റിയാദ്, നജ്‌റാൻ, അൽജൗഫ് എന്നിവിടങ്ങളിൽ ഓരോരുത്തരുമാണ് മരിച്ചത്.
ഇക്കാലയളവിൽ പ്രളയത്തിൽ കുടുങ്ങിയ 1480 പേരെ സിവിൽ ഡിഫൻസ് രക്ഷപ്പെടുത്തി. റിയാദ് പ്രവിശ്യ 367, മക്ക 183, മദീന 96, കിഴക്കൻ പ്രവിശ്യ 351, അസീർ 12, അൽഖസീം 30, തബൂക്ക് 25, അൽബാഹ 125, നജ്‌റാൻ ഏഴ്, ജിസാൻ അഞ്ച്, അൽജൗഫ് 235, ഉത്തര അതിർത്തി പ്രവിശ്യ 12, ഹായിൽ 32 എന്നിങ്ങനെയാണ് രക്ഷപ്പെടുത്തിയവരുടെ കണക്ക്.
വെള്ളം കയറിയ പ്രദേശങ്ങളിൽനിന്ന് 3865 പേരെ ഒഴിപ്പിച്ചു. റിയാദ് 15, മക്ക 10, അൽഖസീം ഏഴ്, തബൂക്ക് ഏഴ്, കിഴക്കൻ പ്രവിശ്യ 187, നജ്‌റാൻ 23, അൽജൗഫ് 3,616 എന്നിങ്ങനെയാണ് ഒഴിപ്പിച്ചത്. ഇക്കൂട്ടത്തിൽ 2001 പേർക്ക് സർക്കാർ ചെലവിൽ താമസ സൗകര്യം ലഭ്യമാക്കി. ഏറ്റവും കൂടുതൽ പേർക്ക് താമസ സൗകര്യം ലഭ്യമാക്കിയത് അൽജൗഫ് പ്രവിശ്യയിലാണ്. പ്രളയത്തിലും മഴക്കെടുതിയിലുമുണ്ടായ നാശനഷ്ടങ്ങളുടെ കണക്കെടുക്കുന്നതിന് വിവിധ പ്രവിശ്യകളിൽ എട്ടു കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ടെന്നും സിവിൽ ഡിഫൻസ് മീഡിയാ സെന്റർ അറിയിച്ചു.