ഏതെങ്കിലും ചില സൂചനകളുടെയോ തെറ്റായ കണക്കുകൂട്ടലുകളുടെയോ അടിസ്ഥാനത്തിൽ അമിത ആത്മവിശ്വാസം വെച്ചുപുലർത്തുന്നതും അതിരുകടന്ന അവകാശവാദങ്ങൾ ഉന്നയിക്കുന്നതും ജനങ്ങളാൽ വെറുക്കപ്പെട്ട മോഡി ഭരണകൂടത്തിന്റെ അധികാരത്തുടർച്ചയെന്ന ദുരന്തത്തിലേക്കായിരിക്കും രാജ്യത്തെ നയിക്കുക എന്നത് ബന്ധപ്പെട്ട എല്ലാവർക്കും തിരിച്ചറിയാനുള്ള അവസരമാണ് കർണാടക ഭരണ മുന്നണിയുടെ രൂപീകരണവും അതിന്റെ കരുതലോടെയുള്ള തുടർച്ചയും കാട്ടിത്തരുന്നത്.
കർണാടക ഉപതെരഞ്ഞെടുപ്പു ഫലം മോഡി സർക്കാറിനെതിരായ വിലയിരുത്തലല്ലെന്ന ബി.ജെ.പി നേതൃത്വത്തിന്റെ പ്രതികരണം കൗതുകം ഉണർത്തുന്നതാണ്. അത് ഫലത്തിൽ ബി.ജെ.പി പാളയത്തിലുണ്ടാക്കിയ ഞെട്ടലും ജാള്യവും മറച്ചുവെയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗം മാത്രമാണ്. ദക്ഷിണേന്ത്യയിലേക്കുള്ള തങ്ങളുടെ പ്രവേശന കവാടമായി ബി.ജെ.പി കരുതിപ്പോന്ന കർണാടകയിൽ അവരെ ഫലപ്രദമായി പ്രതിരോധിക്കാൻ ജനതാദൾ (എസ്), കോൺഗ്രസ് കൂട്ടുകെട്ടിന് കഴിഞ്ഞു. എന്നു മാത്രമല്ല, അടുത്ത വർഷം നടക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ കർണാടകയിൽ നിന്ന് ഭരണമുന്നണിയെ പരാജയപ്പെടുത്തി ഒരു സീറ്റു പോലും കരസ്ഥമാക്കാൻ ബി.ജെ.പിക്ക് ആവില്ലെന്നതിന്റെ വ്യക്തമായ സൂചനയാണ് തെരഞ്ഞെടുപ്പു ഫലം നൽകുന്നത്.
മൂന്ന് ലോക്‌സഭാ സീറ്റുകളിലേക്കും രണ്ട് അസംബ്ലി സീറ്റുകളിലേക്കും നടന്ന തെരഞ്ഞെടുപ്പിൽ ഒരു സീറ്റ് മാത്രമേ ബി.ജെ.പിയിൽ നിന്നും പിടിച്ചെടുക്കാൻ ഭരണമുന്നണിക്ക് കഴിഞ്ഞുള്ളൂ. ബാക്കി നാലിലും നിലവിലുള്ള പാർട്ടികൾ അവരവരുടെ സീറ്റുകൾ നിലനിർത്തി.
എന്നാൽ വിജയിച്ച സീറ്റുകളിലെ ഭരണ മുന്നണിയുടെ ഭൂരിപക്ഷവും ബി.ജെ.പി നിലനിർത്തിയ ഏക സീറ്റിലെ ദയനീയ പ്രകടനവും വരാൻ പോകുന്ന പൊതു തെരഞ്ഞെടുപ്പിൽ കർണാടക സംഘ്പരിവാറിനായി കാത്തുവെച്ചിരിക്കുന്നത് എന്തായിരിക്കുമെന്ന് വരച്ചുകാട്ടാൻ മതിയായതാണ്.
അത് നവംബർ - ഡിസംബർ മാസങ്ങളിൽ അഞ്ച് സംസ്ഥാനങ്ങളിലും തുടർന്നുനടക്കുന്ന പൊതുതെരഞ്ഞെടുപ്പിലും പ്രതിഫലിക്കാതിരിക്കില്ല. അതിലുമുപരി ഈ ഫലങ്ങൾ ബി.ജെ.പി ദുർഭരണത്തിനെതിരെ രാജ്യത്താകെ ജനാധിപത്യ, മതനിരപേക്ഷ ശക്തികളുടെ ഒരു പൊതുവേദി ഉയർന്നുവരേണ്ടതിന്റെ ആവശ്യകതയും അടിവരയിടുന്നു. ഏതെങ്കിലും ചില സൂചനകളുടെയോ തെറ്റായ കണക്കുകൂട്ടലുകളുടെയോ അടിസ്ഥാനത്തിൽ അമിത ആത്മവിശ്വാസം വെച്ചുപുലർത്തുന്നതും അതിരുകടന്ന അവകാശവാദങ്ങൾ ഉന്നയിക്കുന്നതും ജനങ്ങളാൽ വെറുക്കപ്പെട്ട മോഡി ഭരണകൂടത്തിന്റെ അധികാര ത്തുടർച്ചയെന്ന ദുരന്തത്തിലേക്കായിരിക്കും രാജ്യത്തെ നയിക്കുക എന്നത് ബന്ധപ്പെട്ട എല്ലാവർക്കും തിരിച്ചറിയാനുള്ള അവസരമാണ് കർണാടക ഭരണ മുന്നണിയുടെ രൂപീകരണവും അതിന്റെ കരുതലോടെയുള്ള തുടർച്ചയും കാട്ടിത്തരുന്നത്.
കർണാടകയിലെ ഭരണ മുന്നണിയുടെ സംഘടിത ജനശക്തിക്കു മുന്നിൽ ബി.ജെ.പി - സംഘ്പരിവാർ രാഷ്ട്രീയത്തിനും അവരുടെ പിന്തുണയുള്ള പണക്കൊഴുപ്പിനും മാഫിയ സംഘങ്ങളുടെ പേശിബലത്തിനും പിടിച്ചുനിൽക്കാനാവില്ലെന്നതിന്റെ ഉത്തമ ദൃഷ്ടാന്തമാണ് ബെല്ലാരി ലോക്‌സഭാ സീറ്റിലെ കോൺഗ്രസിന്റെ വിജയം. തങ്ങളുടെ ശക്തികേന്ദ്രമെന്ന് അവർ ഊറ്റംകൊണ്ടിരുന്ന അവിടെ 2,43,161 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് വരുത്തൻ എന്ന് അവർ അധിക്ഷേപിച്ച കോൺഗ്രസ് പുതുമുഖം വി.എസ്. ഉഗ്രപ്പ ബി.ജെ.പി സ്ഥാനാർഥിയെ അക്ഷരാർഥത്തിൽ നിലംപരിശാക്കിയത്. ബി.ജെ.പിയുടെ സംസ്ഥാനത്തെ ഏറ്റവും കരുത്തനായ നേതാവായി കണക്കാക്കപ്പെടുന്ന ബി.എസ്. യദിയൂരപ്പ 2014 ൽ 3,63,305 വോട്ടുകൾക്ക് വിജയിച്ച ശിവമോഗയിൽ മകൻ ബി.വൈ. രാഘവേന്ദ്രക്ക് അമ്പതിനായിരത്തിൽ താഴ്ന്ന ഭൂരിപക്ഷം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു എന്നതും സംഘ്പരിവാറിന്റെ പൊതുതെരഞ്ഞെടുപ്പ് പ്രതീക്ഷകൾക്ക് മങ്ങലേൽപിക്കുന്നു.
ഭരണ മുന്നണി വിജയിച്ച രണ്ട് അസംബ്ലി സീറ്റുകളിലും ശ്രദ്ധേയമായ പ്രകടനമാണ് കോൺഗ്രസ്, ജെ.ഡി (എസ്) മുന്നണി കാഴ്ചവെച്ചത്. കർണാടക ലോക്‌സഭയിലേക്ക് തെരഞ്ഞെടുത്തയക്കുന്നത് 28 അംഗങ്ങളെയാണ്. അതെല്ലാം തന്നെ വിജയിക്കാനാകുമെന്ന ആത്മവിശ്വാസമാണ് മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി പ്രകടിപ്പിക്കുന്നത്. കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പിൽ വേറിട്ടു മൽസരിച്ച്, സർക്കാർ രൂപീകരണത്തോടെ മാത്രം മുന്നണിയായി മാറിയ ഇരു പാർട്ടികളും യോജിച്ചുനിന്നാൽ കർണാടകയിൽ മികവുറ്റ പ്രകടനം കാഴ്ചവെയ്ക്കാനാവുമെന്ന് കണക്കുകൾ പകൽപോലെ വ്യക്തമാക്കുന്നു. കർണാടകയിലെ ഭരണ മുന്നണിയുടെ പ്രകടനം രാജ്യത്തെ ജനാധിപത്യ മതനിരപേക്ഷ ശക്തികൾക്ക് ആത്മവിശ്വാസം പകർന്നു നൽകുമെന്നതിൽ സംശയമില്ല. ആ മാതൃക രാജ്യത്തിന്റെ ഇതര ഭാഗങ്ങളിലേക്കും വിശിഷ്യ യു.പിയടക്കം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്കും പകർത്തുക എന്നതാണ് യഥാർഥ വെല്ലുവിളി.
ഇന്ത്യൻ ജനാധിപത്യം അഭിമുഖീകരിക്കുന്ന ഏറ്റവും കനത്ത വെല്ലുവിളി തെരഞ്ഞെടുപ്പു സമ്പ്രദായത്തിന്റെ പ്രാകൃതാവസ്ഥയാണ്. ജനങ്ങളുടെ സമ്മതിദാനത്തെ അതിന്റെ അർഥത്തിലും വ്യാപ്തിയിലും പ്രതിഫലിപ്പിക്കുന്ന തെരഞ്ഞെടുപ്പു രീതിയും ജനപ്രാതിനിധ്യ സംവിധാനവുമല്ല നിലനിൽക്കുന്നത്. ന്യൂനപക്ഷ വോട്ടുകൾ കരസ്ഥമാക്കുന്ന പാർട്ടികൾക്കും മുന്നണികൾക്കും ഭൂരിപക്ഷം സീറ്റുകളും കയ്യാളാവുന്ന കാലഹരണപ്പെട്ട ഒന്നാണ് അത്. ഗണ്യമായ വോട്ടും ജനപിന്തുണയും തെളിയിക്കുന്ന പാർട്ടികൾക്കു പോലും പ്രാതിനിധ്യം ഫലത്തിൽ നിഷേധിക്കപ്പെടുന്ന വിരോധാഭാസമായി അത് പരിണമിച്ചിരിക്കുന്നു.
അതുകൊണ്ടു തന്നെ ജനങ്ങളെ ഭിന്നിപ്പിച്ച് രാഷ്ട്രീയ ധ്രുവീകരണവും വോട്ടുകളുടെ ശിഥിലീകരണവും ഉറപ്പു വരുത്തി വോട്ട് ബാങ്ക് രാഷ്ട്രീയത്തിലൂടെ അധികാരം കയ്യാളുകയും അത് നിലനിർത്തുകയുമാണ് അടിസ്ഥാന രാഷ്ട്ര തന്ത്രമെന്ന് വന്നിരിക്കുന്നു. അതിന് അറുതി വരുത്തി ജനാഭിലാഷത്തെ യഥാർഥത്തിൽ പ്രതിഫലിപ്പിക്കാൻ പര്യാപ്തമായ തെരഞ്ഞെടുപ്പ് പരിഷ്‌കാരം നിലവിൽ വരുംവരെ ജനാധിപത്യം, മതനിരപേക്ഷത, ഭരണഘടനയുടെ കേന്ദ്രീകരണം എന്നിവയിൽ ഊന്നിയുള്ള വിശാല രാഷ്ട്രീയ വേദികളും സഖ്യങ്ങളും ഇന്ത്യൻ രാഷ്ട്രീയത്തിൽ അതീവ പ്രസക്തി അർഹിക്കുന്നു.