Sorry, you need to enable JavaScript to visit this website.

ദന്ത ഡോക്ടര്‍മാര്‍ക്ക് ഇനി മുതല്‍ സൗദിയിലേക്ക് വിസയില്ല

ആരോഗ്യ, തൊഴില്‍ മന്ത്രാലയങ്ങള്‍ സഹകരിച്ച് ഇന്നലെ റിയാദില്‍ സംഘടിപ്പിച്ച ശില്‍പശാലയില്‍ തൊഴില്‍, സാമൂഹിക വികസന മന്ത്രി ഡോ. അലി അല്‍ഗഫീസും ആരോഗ്യ മന്ത്രി ഡോ. അബ്ദുല്ല അല്‍റബീഅയും.

റിയാദ് - വിദേശങ്ങളില്‍ നിന്ന് ദന്ത ഡോക്ടര്‍മാരെ റിക്രൂട്ട് ചെയ്യുന്നതിന് വിസ അനുവദിക്കുന്നത് നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചതായി തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. ആരോഗ്യ മന്ത്രാലയവുമായി ഏകോപനം നടത്തിയാണ് വിദേശങ്ങളില്‍ നിന്ന് ദന്ത ഡോക്ടര്‍മാരുടെ റിക്രൂട്ട്‌മെന്റ് നിര്‍ത്തിവെക്കുന്നത്. സൗദി ദന്ത ഡോക്ടര്‍മാര്‍ക്ക് തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിനാണിതെന്ന് തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. ആരോഗ്യ, തൊഴില്‍ മന്ത്രാലയങ്ങള്‍ സഹകരിച്ച് ഇന്നലെ രാവിലെ റിയാദില്‍ സംഘടിപ്പിച്ച ശില്‍പശാലയിലാണ് വിദേശങ്ങളില്‍ നിന്ന് ദന്ത ഡോക്ടര്‍മാരുടെ റിക്രൂട്ട്‌മെന്റ് നിര്‍ത്തിവെക്കുന്നതിനുള്ള തീരുമാനം തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം പ്രഖ്യാപിച്ചത്. ആരോഗ്യ മന്ത്രി ഡോ. അബ്ദുല്ല അല്‍റബീഅയും തൊഴില്‍, സാമൂഹിക വികസന മന്ത്രി ഡോ. അലി അല്‍ഗഫീസും ശില്‍പശാലയില്‍ പങ്കെടുത്തു. സ്വകാര്യ ആരോഗ്യ മേഖലക്ക് പ്രോത്സാഹനം നല്‍കുന്നതിനെയും സ്വകാര്യ ആരോഗ്യ മേഖലയില്‍ സൗദികള്‍ക്ക് തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിനെയും കുറിച്ചാണ് ശില്‍പശാല വിശകലനം ചെയ്തത്.
സൗദിയില്‍ നിലവില്‍ ജോലി ചെയ്യുന്ന വിദേശികളായ ദന്ത ഡോക്ടര്‍മാരുടെ ഭാവി എന്തായിരിക്കുമെന്ന് മന്ത്രാലയം വെളിപ്പെടുത്തിയിട്ടില്ല. നിലവിലുള്ള ദന്ത ഡോക്ടര്‍മാരുടെ വര്‍ക്ക് പെര്‍മിറ്റും ഇഖാമയും പുതുക്കി നല്‍കുമെന്നാണ് കരുതുന്നത്. എന്നാല്‍ ഫൈനല്‍ എക്‌സിറ്റില്‍ പോകുന്ന ദന്ത ഡോക്ടര്‍മാര്‍ക്കു പകരം ബദല്‍ ദന്ത ഡോക്ടര്‍മാരെ റിക്രൂട്ട് ചെയ്യുന്നതിനും പുതിയ ആശുപത്രികളിലേക്കും ക്ലിനിക്കുകളിലേക്കും സ്ഥാപന വിപുലീകരണ ആവശ്യത്തിനും പുതിയ ദന്ത ഡോക്ടര്‍മാരെ റിക്രൂട്ട് ചെയ്യുന്നതിനും വിസകള്‍ അനുവദിക്കില്ല. ആരോഗ്യ മേഖലയില്‍ സൗദികള്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതിന് ആദ്യമായാണ് തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം ഇത്തരമൊരു തീരുമാനം പ്രഖ്യാപിക്കുന്നത്. ഇതുവരെ ആരോഗ്യ മേഖലയിലെ ഒരു തൊഴില്‍ മേഖലയിലേക്കും റിക്രൂട്ട്‌മെന്റ് പാടെ നിര്‍ത്തിവെച്ചിട്ടില്ല. പ്രാദേശിക തൊഴില്‍ വിപണിക്കാവശ്യമായ സൗദി ദന്ത ഡോക്ടര്‍മാരെ വേണ്ടത്ര കിട്ടാനുണ്ടെന്ന യാഥാര്‍ഥ്യം കണക്കിലെടുത്താണ് വിദേശ ദന്ത ഡോക്ടര്‍മാരുടെ റിക്രൂട്ട്‌മെന്റ് തൊഴില്‍, ആരോഗ്യ മന്ത്രാലയങ്ങള്‍ നിര്‍ത്തിവെക്കുന്നത്.
സൗദികള്‍ക്കിടയിലെ വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മക്ക് പരിഹാരം കാണുന്നതിന് സൗദിയിലെ മാളുകളില്‍ സമ്പൂര്‍ണ സൗദിവല്‍ക്കരണം നടപ്പാക്കുന്നതിന് തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. അല്‍ഖസീം, ഹായില്‍ പ്രവിശ്യകളിലെ മാളുകളില്‍ നാലു മാസത്തിനു ശേഷം മുഹറം ഒന്നു മുതല്‍ സമ്പൂര്‍ണ സൗദിവല്‍ക്കരണം നിര്‍ബന്ധമാക്കും. മൊബൈല്‍ ഫോണ്‍ വില്‍പന, അറ്റകുറ്റപ്പണി മേഖലയില്‍ എട്ടു മാസം മുമ്പ് സമ്പൂര്‍ണ സൗദിവല്‍ക്കരണം നടപ്പാക്കിയിട്ടുണ്ട്. റെന്റ് എ കാര്‍ മേഖലയില്‍ സമാന പദ്ധതി നടപ്പാക്കുന്നതിനും മന്ത്രാലയം നീക്കം തുടങ്ങിയിട്ടുണ്ട്. ഓണ്‍ലൈന്‍ ടാക്‌സി കമ്പനികളിലും സൗദിവല്‍ക്കരണം നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഓണ്‍ലൈന്‍ ടാക്‌സി കമ്പനികള്‍ക്കു കീഴില്‍ ഡ്രൈവര്‍മാരായി ജോലി ചെയ്യുന്നതിന് സൗദികള്‍ക്കു മാത്രമാണ് അനുമതിയുള്ളത്. ഇത് ലംഘിച്ച് ജോലി ചെയ്യുന്ന വിദേശികള്‍ക്കും അവരെ ജോലിക്കു വെക്കുന്ന കമ്പനികള്‍ക്കുമെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കുന്നുണ്ട്. വാഹന ഏജന്‍സികളിലെ സെയില്‍സ് ജോലികള്‍ സൗദിവല്‍ക്കരിക്കുമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.


 

 

Latest News