തിരുവനന്തപുരം- ഗജ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ മത്സ്യത്തൊഴിലാളികള്‍ ഇന്നു തെക്ക്മധ്യ ബംഗാള്‍ ഉള്‍ക്കടലിലും, ഇന്നു മുതല്‍ വ്യാഴം വരെ തെക്ക്പടിഞ്ഞാറ്, മധ്യപടിഞ്ഞാറ് ബംഗാള്‍ ഉള്‍ക്കടലിലും മത്സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പ്. ആഴക്കടലില്‍ മല്‍സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ എത്രയും വേഗം തീരത്തു തിരിച്ചെത്തണമെന്നും കാലാവസ്ഥ വിഭാഗം അറിയിച്ചു. മധ്യകിഴക്ക്, മധ്യപടിഞ്ഞാറ്, തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലായി രൂപപ്പെട്ട ഗജ ചുഴലിക്കാറ്റ് മണിക്കൂറില്‍ എട്ട് കിലോമീറ്റര്‍ വേഗതയില്‍ തെക്കു തെക്കുപടിഞ്ഞാറ് ദിശയിലേക്ക് സഞ്ചരിച്ച് ചെന്നൈയില്‍ നിന്ന് കിഴക്ക്-വടക്കുകിഴക്കായി 730 കിലോമീറ്ററും നാഗപട്ടണത്തു നിന്നും കിഴക്ക്-വടക്കുകിഴക്കായി 840 കിലോമീറ്റര്‍ അകലെയുമായി നിലകൊള്ളുകയാണ്.
അടുത്ത 12 മണിക്കൂറില്‍ ഇത് പടിഞ്ഞാറ് തെക്കു പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കാനും ശക്തി പ്രാപിച്ച് ശക്തമായ ചുഴലിക്കാറ്റായി മാറാനും സാധ്യത ഏറെയാണ്. അടുത്ത മണിക്കൂറില്‍ കാറ്റിന്റെ തീവ്രത ഇതേ രീതിയില്‍ തന്നെ തുടരാനും സാധ്യതയുണ്ട്. പടിഞ്ഞാറ്-തെക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുകയും ക്രമേണ തീവ്രത കുറഞ്ഞ് നവംബര്‍ 15ഓടുകൂടി ചുഴലിക്കാറ്റായി പടിഞ്ഞാറ്-തെക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുകയും നാഗപട്ടണത്തിനും ചെന്നൈക്കും ഇടയിലെ തീരദേശ മേഖലയില്‍ വീശാനും സാധ്യതയുണ്ട്.
നവംബര്‍ 16ന് ഒന്നോ രണ്ടോ സ്ഥലങ്ങളില്‍ (സംസ്ഥാനത്ത്, കാലാവസ്ഥാ വകുപ്പിന്റെ മഴ നിരീക്ഷണ കേന്ദ്രങ്ങളില്‍ 25 ശതമാനമോ അതില്‍ കുറവോ സ്ഥലങ്ങളില്‍) ശക്തമായ മഴക്ക് സാധ്യതയുണ്ട്. പാലക്കാട് ജില്ലയില്‍ 15, 16 തീയതികളിലും, ഇടുക്കി, വയനാട് ജില്ലകളില്‍ നവംബറിന് 16ന് മഞ്ഞ അലേര്‍ട്ടും മലപ്പുറം ജില്ലയില്‍ ഇതേദിവസം ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.