കോഴിക്കോട്- കേരളത്തിലെ സുന്നീ സമൂഹം ഐക്യ സാധ്യതകൾക്ക് കാതോർത്തിരിക്കുമ്പോൾ അതിന് വിഘാതമാവുന്ന വിധത്തിൽ വീണ്ടും ഒരു കേശവുമായി പ്രത്യക്ഷപ്പെട്ട കാന്തപുരം എ.പി അബൂബക്കർ മുസ്‌ല്യാരുടെ നിലപാട് ഖേദകരമാണെന്ന് സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ സംസ്ഥാന സെക്രട്ടറി കൊടക് അബ്ദുറഹ്മാൻ മുസ്‌ലിയാർ, എസ്.കെ.എം.ഇ.എ സംസ്ഥാന ജനറൽ സെക്രട്ടറി മുസ്തഫ മുണ്ടുപാറ, സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറി നാസർ ഫൈസി കൂടത്തായി, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സത്താർ പന്തല്ലൂർ എന്നിവർ പ്രസ്താവിച്ചു.
മദീനയിൽ നിന്ന് നേരിട്ട് ഒന്നു കൂടി കിട്ടിയെന്നും അതു പ്രദർശിപ്പിക്കുമെന്നും കാന്തപുരം പ്രഖ്യാപിച്ചതിനെ തുടർന്നാണ് ഇ.കെ. വിഭാഗം നേതാക്കളുടെ പ്രതികരണം.
കാന്തപുരത്തിന്റെ പ്രസംഗം: വീഡിയോ കാണാം
യാതൊരു അടിസ്ഥാനവുമില്ലാതെ നേരത്തെ കൊണ്ടുവന്ന കേശം വിശ്വാസികൾക്കിടയിലും പൊതു സമൂഹത്തിനിടയിലും ഉണ്ടാക്കിയ വിവാദങ്ങളും ആധികാരികത സ്ഥിരീകരിക്കാൻ കഴിയാതെ വന്നതും വിസ്മരിച്ചു കൂടാ. ഇത്തരം കാര്യങ്ങൾ ആവർത്തിക്കുമ്പോൾ പ്രതികരിക്കാതിരിക്കാൻ നിർവാഹമില്ല. വിശ്വാസി സമൂഹത്തെ വീണ്ടും വഞ്ചിക്കുക വഴി ഇസ്‌ലാമിക പ്രത്യയശാസ്ത്രത്തെക്കുറിച്ച് അവമതിപ്പുണ്ടാക്കുമെന്ന കാര്യം ആ വിഭാഗത്തിലെ മറ്റുള്ള നേതൃത്വമെങ്കിലും ഗൗരവപൂർവം കാണണം.
കക്കോവിലെ പള്ളി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കാന്തപുരം വിഭാഗം കാണിച്ച അവിവേകങ്ങൾ സുന്നി സമൂഹത്തിന് ഉൾക്കൊള്ളാൻ കഴിയാത്തതാണെന്നും നേതാക്കൾ പറഞ്ഞു.