റിയാദ്- രാജ്യത്തെ വിവിധ പ്രവിശ്യകളിലുള്ള 130 പുരാതന മസ്ജിദുകൾ അറ്റകുറ്റപ്പണികൾ നടത്തി പുനരുദ്ധരിക്കുന്നതിന് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ നിർദേശം നൽകി. ഇസ്‌ലാമികകാര്യ മന്ത്രാലയവും ടൂറിസം, ദേശീയ പൈതൃക വകുപ്പും സഹകരിച്ച് നടപ്പാക്കുന്ന ചരിത്ര മസ്ജിദുകളുടെ പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായാണിത്. മുഹമ്മദ് ബിൻ സൽമാൻ ചരിത്ര മസ്ജിദ് പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി ആദ്യ ഘട്ടത്തിൽ പത്തു പ്രവിശ്യകളിലെ മുപ്പതു മസ്ജിദുകൾ പുനരുദ്ധരിക്കും. ഇതിന് ആകെ അഞ്ചു കോടിയിലേറെ റിയാലാണ് ചെലവ് കണക്കാക്കുന്നത്.
ചരിത്ര മസ്ജിദുകളുടെ പുനരുദ്ധാരണത്തിനുള്ള പദ്ധതി ഇരുപതു വർഷം മുമ്പ് ആരംഭിച്ച ശേഷം പുരാതന മസ്ജിദുകളുടെ പുനരുദ്ധാരണത്തിന് ലഭിച്ചതിൽ വെച്ചേറ്റവും വലിയ സഹായം കിരീടാവകാശിയുടെ വകയാണ്. പുരാതന മസ്ജിദുകളുടെ പുനരുദ്ധാരണ പദ്ധതി ഇരുപതു വർഷം മുമ്പ് ടൂറിസം, ദേശീയ പൈതൃക വകുപ്പാണ് ആരംഭിച്ചത്. ഇതിനായി ടൂറിസം, ദേശീയ പൈതൃക വകുപ്പ് പ്രത്യേക ഫൗണ്ടേഷൻ സ്ഥാപിക്കുകയായിരുന്നു. മൂന്നു വർഷം മുമ്പാണ് ഇസ്‌ലാമികകാര്യ മന്ത്രാലയത്തിന്റെ കൂടി പങ്കാളിത്തം പദ്ധതി നടപ്പാക്കുന്നതിന് പ്രയോജനപ്പെടുത്തുന്നതിന് തുടങ്ങിയത്.
റിയാദ് പ്രവിശ്യയിൽ പെട്ട സുദൈറിലെ അൽദാഖില, ഥർമദായിലെ അൽസർഖാ, തുവൈമിലെ അൽതുവൈം, അൽഹയാഥമിലെ ഖസ്‌റുശ്ശരീഅ, സുൽഫിയിലെ അൽമൻസഫ്, ശഖ്‌റായിലെ സുദൈറ, മക്ക പ്രവിശ്യയിൽ പെട്ട തായിഫിലെ സുലൈമാൻ (അ), തായിഫിലെ ബജലി ബിൻ മാലിക്, കിഴക്കൻ പ്രവിശ്യയിലെ ഹുഫൂഫിൽ അൽഹുബൈശ്, ഹുഫൂഫ് അബൂബക്കർ, അസീർ പ്രവിശ്യയിലെ അൽസറൂ ഗ്രാമത്തിലെ അൽസറൂ, അബഹയിലെ അൽനസബ്, അൽനമാസിലെ സ്വദ്ർ അയ്ദ്, അൽനമാസിലെ ആലു അകാസ, ബൽസമറിലെ അൽമുദഫാ, അൽഖസീം പ്രവിശ്യയിൽ പെട്ട ബുറൈദയിലെ അൽഅജ്‌ലാൻ, ബുറൈദ മുഹമ്മദ് അൽമുഖ്ബിൽ, അൽഅസ്‌യാഹിലെ അൽബർഖാ, ഉഖ്‌ലത്തുസ്സുഖൂറിലെ അൽഖദീം, അൽബാഹയിലെ അൽഅതാവിലയിലെ അൽഅതാവില ഹെരിറ്റേജ്, അൽദുഫൈർ, ഖഫാർ, സുമൈറായിലെ അൽജൽഊദ്, അൽജൗഫ് സകാക്കയിലെ അൽറഹീബിയ്യീൻ, അൽഹദീഥയിലെ അൽഹദീഥ, അൽഈസാവിയയിലെ അൽഈസാവിയ, നജ്‌റാൻ ഥാറിലെ അബൂബക്കർ എന്നീ മസ്ജിദുകളാണ് മുഹമ്മദ് ബിൻ സൽമാൻ ചരിത്ര മസ്ജിദ് പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി ആദ്യ ഘട്ടത്തിൽ പുനരുദ്ധരിക്കുന്നത്. ഒരേ സമയം ആകെ നാലായിരത്തിലേറെ പേർക്ക് നമസ്‌കാരം നിർവഹിക്കുന്നതിന് ഈ മസ്ജിദുകൾ വിശാലമാണ്.