Sorry, you need to enable JavaScript to visit this website.

പോലീസിലേക്ക് വ്യാജ റിക്രൂട്ട്‌മെന്റ്:  മുഖ്യ പ്രതിക്കായി തിരച്ചിൽ തുടരുന്നു

കോട്ടയം- വ്യാജ പോലീസ് റിക്രൂട്ട്‌മെന്റ് തട്ടിപ്പുകേസിലെ മുഖ്യ പ്രതി രവിക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി. അസി. പോലീസ് കമ്മീഷണറുടെ വേഷത്തിൽ കറങ്ങി നടന്നായിരുന്നു തട്ടിപ്പ്. കേസിൽ അന്വേഷണം കൂടുതൽ വ്യാപിപ്പിക്കുമെന്നും പോലീസ് വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് റിമാൻഡിൽ കഴിയുന്ന പ്രതികളെ ചോദ്യം ചെയ്യാൻ ഉടൻ കസ്റ്റഡിയിൽ വാങ്ങും. 
രവിയാണ് തട്ടിപ്പിന്റെ മുഖ്യ സൂത്രധാരൻ എന്നാണ് സൂചന. അസി. പോലീസ് കമ്മീഷണറുടെ വേഷത്തിൽ കറങ്ങി നടന്നായിരുന്നു തട്ടിപ്പ്. വ്യാജ റിക്രൂട്ട്‌മെന്റ് നടക്കുന്ന വിവരമറിഞ്ഞ് കടുവാക്കുളം എമ്മാവൂസ് പബ്ലിക് സ്‌കൂളിൽ പോലീസ് സംഘം എത്തുമ്പോൾ ഇയാൾ അവിടെ ഉണ്ടായിരുന്നില്ല. കേസിൽ കഴിഞ്ഞ ദിവസം പിടിയിലായ അയ്മനം ഒളശ ചെല്ലിത്തറ ബിജോയ്, പനച്ചിക്കാട് കൊല്ലാട് വട്ടക്കുന്നേൽ ഷൈമോൻ, മൂലേടം കുന്നമ്പള്ളി വാഴക്കുഴിയിൽ സനിതാമോൾ എന്നിവരെ കോടതി കഴിഞ്ഞ ദിവസം റിമാൻഡ് ചെയ്തിരുന്നു. 
ഒമ്പതു പേരാണ് കേസിലുള്ളത്. ഇനി ആറു പേർ കൂടി പിടിയിലാകാനുണ്ട്. നിലവിൽ റിമാൻഡിൽ കഴിയുന്നവരെ കൂടുതൽ ചോദ്യം ചെയ്യലിനായി പോലീസ് ഉടൻ കസ്റ്റഡിയിൽ വാങ്ങും. ഐ.ജിയുടെ പേരിലുള്ള വ്യാജ ലെറ്റർ ഹെഡിലുള്ള കത്ത് നൽകിയാണ് കടുവാക്കുളം എമ്മാവൂസ് സ്‌കൂൾ അധികൃതരെയും ഇവർ കബളിപ്പിച്ചത്. എഴുത്ത് പരീക്ഷയും കായികക്ഷമതാ പരിശോധനയുമാണ് സ്‌കൂളിൽ നടത്തിയത്. വിജയികളായവർക്ക് കായികക്ഷമതാ പരിശീലനവും ട്രെയിനിങിന്റെ പേരിലുള്ള മറ്റ് പരിശീലനങ്ങളും നടത്തുന്നതിനിടെയായിരുന്നു സംഘത്തെ കസ്റ്റഡിയിലെടുക്കുന്നത്. 
കേസ് അന്വേഷണം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി പ്രതികളുടെ ഫോൺ കോളുകളുടെ വിശദാംശങ്ങളും ശേഖരിക്കും. പോലീസ് യൂണിഫോമിൽ തട്ടിപ്പ് നടത്തിയ സംഭവത്തിൽ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോലീസുമായി ബന്ധപ്പെട്ട് ആരെങ്കിലും ഇതിനു പിന്നിലുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.
എ.സി.പി എന്ന പേരിൽ കറങ്ങി നടന്ന  രവിയാണു തട്ടിപ്പിന്റെ സൂത്രധാരനെന്നു കണ്ടെത്തിയിട്ടുണ്ട്. നക്ഷത്ര ചിഹ്‌നങ്ങൾ പതിച്ച യൂണിഫോമോടെയായിരുന്നു ഇയാളുടെ നാട്ടിലെ കറക്കം. വർഷങ്ങൾക്കു മുൻപ് കൊല്ലാട്‌നിന്നു വിവാഹം കഴിച്ച ഇയാൾ പിന്നീട് ഇവിടെത്തന്നെ സ്ഥിരതാമസമാക്കുകയായിരുന്നു. പോലീസ് യൂണിഫോമിൽ തിരുവനന്തപുരം രജിസ്‌ട്രേഷൻ നമ്പറുള്ള വാഹനത്തിലാണു രവിയുടെ കറക്കം. 
നേരത്തെ പോലീസ് യൂണിഫോമിൽ കറങ്ങി നടന്നതിനു രവിയെ നാട്ടുകാർ പിടികൂടിയിരുന്നു. പോലീസ് യൂണിഫോമിൽ കൊല്ലാട് ഭാഗത്ത് വാഹന പരിശോധന നടത്തിയിരുന്ന രവിക്കെതിരേ പത്തു വർഷം മുൻപ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
പോലീസ് റിക്രൂട്ട്‌മെന്റിന്റെ അതേ മാതൃകയിലായിരുന്നു തട്ടിപ്പ് സംഘത്തിന്റെ ഇടപാടുകൾ എല്ലാം. പി.എസ്.സിയുടെ മാതൃകയിൽ ഒ.എം.ആർ. പരീക്ഷ നടത്തുമെന്നായിരുന്നു ഉദ്യോഗാർഥികൾക്കു തട്ടിപ്പുകാർ നൽകിയ അറിയിപ്പ്.  എന്നാൽ, 28 ന് കടുവാക്കുളത്ത് എത്തിയവർക്ക് ചോദ്യക്കടലാസിൽ ശരി രേഖപ്പെടുത്തുന്ന പരീക്ഷയാണു നടത്തിയത്. പരീക്ഷ എഴുതിയ 76 പേരിൽ വിജയിച്ച 15 പേർക്ക് മൂന്നു ദിവസമായി നടത്തിയ തീവ്ര ട്രെയിനിങിനിടെയാണു തട്ടിപ്പുകാർ കുടുങ്ങിയത്. സംഘത്തിനെതിരെ ആലപ്പുഴ, തൃശൂർ എന്നിവിടങ്ങളിൽനിന്നും പരാതി ലഭിച്ചിട്ടുണ്ട്.
കടുവാക്കുളത്തെ വ്യാജ പോലീസ് റിക്രൂട്ട്‌മെന്റുകാർ നാട്ടിലും നഗരത്തിലും വിലസിയത് യഥാർഥ പോലീസിനെ വെല്ലുന്ന രീതിയിലായിരുന്നു. ഐ.ജിയുടെയും സി.ഐയുടെയും യൂണിഫോമിൽ ഒരാഴ്ചയിലേറെ നാടു ചുറ്റിയതു ലോക്കൽ പോലീസിനു നാണക്കേടായി.

 

Latest News