കൊച്ചി- ടാറ്റ, ഹാരിസൺ, എ.വി.ടി പോലുള്ളവർ കൈയേറിയ ഭൂമി തിരിച്ചുപിടിക്കാൻ സമഗ്ര ഭൂപരിഷ്‌കരണ നിയമം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് വെൽഫെയർ പാർട്ടി ഭൂസമര സമിതിയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിന് മുന്നിൽ ത്രിദിന ഭൂപ്രക്ഷോഭം സംഘടിപ്പിക്കുന്നു. ഈ മാസം 13, 14, 15 തീയതികളിൽ നടക്കുന്ന പ്രക്ഷോഭം പാർട്ടി ദേശീയ സെക്രട്ടറി റാഷിദ് ഹുസൈൻ (രാജസ്ഥാൻ) ഉദ്ഘാടനം ചെയ്യുമെന്ന് സംസ്ഥാന സെക്രട്ടറി സജീദ് ഖാലിദ് പത്രസമ്മേളനത്തിൽ അറിയിച്ചു.
സർക്കാരുകൾ നിയമിച്ച അന്വേഷണ കമ്മീഷനുകൾ കേരളത്തിൽ അഞ്ച് ലക്ഷത്തിലധികം ഏക്കർ ഭൂമി ടാറ്റ, ഹാരിസൺ അടക്കമുള്ള വൻകിട കൈയേറ്റക്കാരുടെ കൈയിലാണെന്നു കണ്ടെത്തിയിട്ടുണ്ട്. ഏറ്റവും ഒടുവിൽ രാജമാണിക്യം റിപ്പോർട്ടനുസരിച്ച് ഹാരിസണിന്റെ ഭൂമി തിരിച്ചു പിടിച്ചതിനെതിരെ ഹാരിസൺ നൽകിയ കേസിൽ സർക്കാർ പക്ഷം ഹൈക്കോടതിയിൽ പരാജയപ്പെടുകയായിരുന്നു. നിലവിലുള്ള നിയമങ്ങൾ ഇത്തരം കൈയേറ്റ ഭൂമികൾ തിരിച്ച് പിടിക്കുന്നതിന് അപര്യാപ്തമാണെന്ന് ഇത് തെളിയിക്കുന്നു. ഇതിനായി പുതിയ നിയമനിർമാണം നടത്തണമെന്ന് നിയമ വകുപ്പ് സെക്രട്ടറി പിണറായി സർക്കാരിന് ശുപാർശ നൽകിയിരുന്നു.
കേരളത്തിൽ ലക്ഷക്കണക്കിന് ഭൂരഹിതർക്ക് ഭൂമി വിതരണം ചെയ്യുന്നതിന് ഭൂലഭ്യതക്കുറവുണ്ടെന്നാണ് സർക്കാർ പറയുന്നത്. കഴിഞ്ഞ യു.ഡി.എഫ് സർക്കാർ മുന്നോട്ടു വെച്ച ഭൂരഹിതരില്ലാത്ത കേരളം പദ്ധതി കേരളത്തിലെ ഭൂരഹിതർക്ക് മൂന്ന് സെന്റ് ഭൂമി വീതം നൽകുമെന്നാണ് വാഗ്ദാനം ചെയ്തത്. ഇത് തികച്ചും അപര്യാപ്തമായിരുന്നു. സർക്കാർ കണ്ടെത്തിയ രണ്ടരലക്ഷം ഭൂരഹിതരിൽ നാൽപതിനായിയരത്തിൽ താഴെ മാത്രമാണ് ഭൂമി ലഭിച്ചവർ. എന്നാൽ ഇതിൽ തന്നെ ചെറിയ ഒരു വിഭാഗത്തിനാണ് വാസയോഗ്യമായ ഭൂമി ലഭിച്ചത്. സർക്കാർ കണക്കിൽ പെടാതെപോയവർ ലക്ഷക്കണക്കിന് വേറേയുമുണ്ട് . ഈ സാഹചര്യത്തിലാണ് 5 ലക്ഷത്തിലേറെ ഏക്കർ ഭൂമി സ്വദേശ വിദേശ കോർപ്പറേറ്റുകൾ അനധികൃതമായി കൈവശം വെച്ചിരിക്കുന്നത്.
ഇടതു സർക്കാരാകട്ടെ ഈ മൂന്ന് സെന്റു പദ്ധതിയും നിർത്തലാക്കി ഭൂരഹിതർക്ക് ഇനി ഒരിഞ്ച് ഭൂമിയും നൽകില്ല എന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പകരം ലൈഫ് പദ്ധതി വഴി ഫ്‌ലാറ്റ് നൽകുമെന്നാണ് പറയുന്നത്. ഭൂമി പ്രശ്‌നത്തെ പാർപ്പിട പ്രശ്‌നമാക്കി പരിമിതപ്പെടുത്തുകയാണ് സർക്കാർ. നിലവിലെ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഭവന പദ്ധതികളെ സംയോജിപ്പിച്ചാണ് ലൈഫ്. പുതുതായി ഇതിന് യാതൊരു ഫണ്ടും അനുവദിച്ചിട്ടില്ല. 400 ചതുരശ്ര അടിയുള്ള തീപ്പെട്ടി പോലുള്ള ഫ്‌ലാറ്റുകളാണ് വാഗ്ദാനം. അതിൽ തന്നെ ഭൂരഹിതരായി സർക്കാർ അംഗീകരിച്ച ഒന്നരലക്ഷത്തിലേറെ പേരെ അനർഹർ എന്നു പറഞ്ഞു പുറം തള്ളി. കൂടുതൽ ഗുരുതരമായ പ്രശ്‌നത്തിലേക്കാണ് സർക്കാർ കാര്യങ്ങളെ എത്തിച്ചത്.
ഈ സാഹചര്യത്തിൽ കേരളത്തിൽ സമഗ്രമായ ഭൂ നിയമം ആവശ്യമാണ്. ഭൂമിയുടെ സന്തുലിതമായ വിതരണം ഭൂപരിഷ്‌കരണം വഴി സാദ്ധ്യമായിട്ടില്ല. കൃഷിഭൂമി വിതരണം നടന്നിട്ടില്ല. പഴുതുകളടച്ച സമഗ്ര ഭൂ നിയമത്തിനായി കേരളത്തിൽ പ്രക്ഷോഭങ്ങൾ ഉയർന്നു വരണം. കഴിഞ്ഞ ആറു വർഷമായി കേരളത്തിൽ ഭൂ പ്രശ്‌നങ്ങളെ സജീവമായി ഉയർത്തുന്ന പാർട്ടിയാണ് വെൽഫെയർ പാർട്ടി. വലുതും ചെറുതുമായ നിരവധി ഭൂ പ്രക്ഷോഭങ്ങൾക്ക പാർട്ടി നേതൃത്വം നൽകിയിട്ടുണ്ട്. അതിന്റെ തുടർച്ചയാണ് സെക്രട്ടറിയേറ്റിന് മുന്നിലെ ത്രിദിന പ്രക്ഷോഭം.
കൂടംകുള സമര നായകൻ എസ്.പി.ഉദയകുമാർ, വെൽഫെയർ പാർട്ടി ദേശീയ സെക്രട്ടറി കെ.അംബുജാക്ഷൻ, സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം, സി.എം.പി സംസ്ഥാന ജനറൽ സെക്രട്ടറി സി.പി. ജോൺ, ദളിത് ചിന്തകൻ കെ.കെ. കൊച്ച്, കെ.കെ.ബാബുരാജ്, സണ്ണി എം.കപിക്കാട്, വിളയോടി വേണുഗോപാൽ, ജോൺ പെരുവന്താനം, ശ്രീരാമൻ കൊയ്യോൻ, ടി.പീറ്റർ, സലീന പ്രക്കാനം, ഗോമതി, ടി.കെ. വാസു, ജയഘോഷ് പുതുവൈപ്പ്, മാഗ്ലിൻ ഫിലോമിന, മൃദുലാ ദേവി ശശിധരൻ, അമ്പലത്തറ കുഞ്ഞികൃഷ്ണൻ, എ.എസ്. അജിത്കുമാർ തുടങ്ങിയ നിരവധി ആക്ടിവിസ്റ്റുകളും സമര നേതാക്കളും മൂന്നു ദിവസങ്ങളായി പ്രക്ഷോഭത്തിൽ പങ്കെടുക്കും
സംസ്ഥാന സമിതിയംഗം സമദ് നെടുമ്പാശ്ശേരി, ജില്ലാ പ്രസിഡന്റ് ജ്യോതിവാസ് പറവൂർ, ജില്ലാ ജനറൽ സെക്രട്ടറി ഷംസുദ്ദീൻ എടയാർ, ജില്ലാ വൈസ് പ്രസിഡന്റ് കെ.എ. സാദിഖ്, ഭൂസമര സമിതി ജില്ലാ കൺവീനർ കെ.എച്ച്.സദഖത്ത് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.