Sorry, you need to enable JavaScript to visit this website.

സൗദിയില്‍ വിദേശ എന്‍ജിനീയര്‍മാര്‍ ഗണ്യമായി കുറഞ്ഞു; ഈ വര്‍ഷം പുറത്തായത് 11,811 പേര്‍

റിയാദ്- സൗദി അറേബ്യയിൽ വിദേശികളായ എൻജിനീയർമാരുടെ എണ്ണം വലിയ തോതിൽ കുറയുന്നു. സൗദി കൗൺസിൽ ഓഫ് എൻജിനീയേഴ്‌സ് ലിസ്റ്റില്‍നിന്ന്‌ ഈ വർഷം 11,811 വിദേശ പൗരന്മാരാണ് പുറത്തായത്. 2018 ആദ്യം മുതൽ വെള്ളിയാഴ്ച വരെയുള്ള കണക്ക് പ്രകാരം സ്വദേശികളായ 9616 എൻജിനീയർമാർ പുതുതായി രജിസ്റ്റർ ചെയ്തിട്ടുമുണ്ട്.

എൻജിനിയേഴ്‌സ് കൗൺസിലിൽ പ്രസിദ്ധീകരിച്ച കണക്ക് പ്രകാരം നിലവിൽ രാജ്യത്ത് 1,91,497 എൻജിനീയർമാർ ജോലി ചെയ്യുന്നുണ്ട്. പ്രധാന ഓഫീസുകളും ശാഖ ഓഫീസുകളുമായി 2866 എൻജിനീയറിംഗ് സ്ഥാപനങ്ങളാണ് സൗദിയിൽ  പ്രവർത്തിക്കുന്നത്. ഇതിൽ 2344 സ്ഥാപനങ്ങളാണ് മെയിൻ ഓഫീസുകൾ. ഈ വർഷം 75 ഓളം സ്ഥാപനങ്ങൾ അടച്ചു പൂട്ടിയതായും കണക്കുകൾ വെളിപ്പെടുത്തുന്നു. 1,56,455 വിദേശികൾക്കും 35,042 സ്വദേശികൾക്കുമാണ് സൗദി കൗൺസിൽ ഓഫ് എൻജിനീയേഴ്‌സ് അംഗീകാരമുള്ളത്.


കൂടുതൽ സ്വദേശി എൻജിനീയർമാർക്ക് ജോലി ലഭ്യമാക്കുന്നതിന്റെ ഭാഗമായി ഈ രംഗത്തെ കമ്പനികളിലും ഓഫീസുകളിലും  എൻജിനീയറിംഗ് കൗൺസിൽ പദ്ധതികൾ ആവിഷ്‌കരിച്ചിട്ടുണ്ട്. ഈ മേഖലയിൽ സ്വദേശിവത്കരണം വ്യാപിപ്പിക്കുന്നതിനുള്ള പ്രതിബന്ധങ്ങൾ സംബന്ധിച്ച് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയവും സൗദി കൗൺസിൽ ഓഫ് എൻജിനീയേഴ്‌സും തമ്മിൽ ചർച്ച നടത്തിയിരുന്നു.

ട്രെയിനിയായി സൗദി എൻജിനീയറിംഗ് വിദ്യാർഥികളെ നിയോഗിക്കുന്നുവെങ്കിൽ അത്തരം സ്ഥാപനങ്ങൾക്ക് സ്വദേശിവത്കരണ പദ്ധതിയുടെ ആനുകൂല്യം ലഭ്യമാക്കുമെന്ന് തൊഴിൽ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. പക്ഷേ, പഠനം പൂർത്തിയായാൽ സൗദി വിദ്യാർഥികൾക്ക് ജോലി നൽകുമെന്ന നിബന്ധന ഈ സ്ഥാപനങ്ങൾ മുന്നോട്ടു വെക്കണമെന്ന് മാത്രം. കൂടാതെ, ഈ ട്രെയിനികളെ ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസ് (ഗോസി) പദ്ധതിയിലും വരിചേർക്കാവുന്നതാണ്. സ്വദേശി എൻജിനീയർമാരെ പ്രോത്സാഹിപ്പിക്കുന്നതിന് കൗൺസിൽ ആവിഷ്‌കരിച്ച പദ്ധതികളുടെ ഭാഗമായാണ് സ്വദേശി വിദ്യാർഥികളെ ട്രെയിനികളായി നിയോഗിക്കണമെന്ന് നിഷ്‌കർഷിക്കുന്നത്. 

Latest News