Sorry, you need to enable JavaScript to visit this website.

നാടകം ഹൃദയത്തിലേറ്റിയ മാണിയാട്ട്  എൻ.എൻ. പിള്ളക്ക് സ്മാരകമൊരുങ്ങി

മാണിയാട്ട് (കാസർകോട്)- വടക്കൻ കേരളത്തിലെ കർഷക ഗ്രാമമായ മാണിയാട്ടുള്ള ജനങ്ങൾ പുതിയൊരു ചരിത്രം രചിക്കുകയാണ്. അത് കലയുടെയും നാടകത്തിന്റെയുമാണ്. നാടകം എന്ന് കേൾക്കുമ്പോൾ തന്നെ മനസ്സിൽ ഉത്സവ മേളം തുടിക്കുന്ന ആ നാടക ഗ്രാമത്തിലാണ് നാടകാചാര്യൻ എൻ.എൻ. പിള്ളയുടെ പേരിൽ കേരളത്തിൽ ആദ്യമായി ഒരു സ്മാരക മന്ദിരം ഒരുങ്ങുന്നത്. 
നാടകത്തെ ജനങ്ങൾ ഏറ്റെടുത്ത നാടാണിത്. കണ്ടിരിക്കാൻ ആളെ കിട്ടാനില്ലാതെ പല നാടക കമ്പനികളും പൂട്ടിപ്പോയ സ്ഥാനത്ത് പതിനായിരക്കണക്കിനാളുകൾ സ്റ്റേജിന് മുന്നിൽ ഇരുന്ന് നാടക സങ്കൽപങ്ങൾ തിരുത്തിക്കുറിച്ച ചരിത്രമുള്ള ഗ്രാമം. സാമൂഹ്യ തിന്മകൾക്കെതിരെ നാടകത്തിലൂടെ കലഹിച്ച വലിയ നാടകകൃത്ത് എൻ.എൻ. പിള്ളയുടെ പേരിൽ കഴിഞ്ഞ ഏഴ് വർഷമായി നാടകോത്സവം നടത്തി രാജ്യത്തിന്റെയാകെ ശ്രദ്ധ പിടിച്ചുപറ്റിയ മാണിയാട്ട് ഗ്രാമത്തിലെ കലയെയും നാടകത്തെയും നെഞ്ചേറ്റിയവർ തന്നെയാണ് എൻ.എൻ. പിള്ളയുടെ പേരിൽ മനോഹരമായൊരു സൗധം പണിയുന്നതിനും മുൻപന്തിയിൽ പ്രവർത്തിച്ചത്.
കലയെയും നാടകത്തെയും സ്‌നേഹിക്കുന്ന നാട്ടുകാരുടെയും ഗൾഫ് മലയാളികളുടെയും സഹായത്തോടെ മാണിയാട്ട് കോറസ് കലാസമിതിയും പാലിയേറ്റീവ് കെയർ സൊസൈറ്റിയും ചേർന്നാണ് ഒരു വർഷം കൊണ്ട് ഇരുനില മന്ദിരം പണിതുയർത്തിയത്. ജാതിക്കും മതത്തിനും എതിരായ സ്വതന്ത്ര നിലപാട് എടുത്ത ഒരു നാടകക്കാരന്റെ സ്മരണ ഉയർത്തുന്നതിൽ അഭിമാനം കൊള്ളുകയാണ് തിന്മകൾക്കെതിരെ പൊരുതുന്ന കോറസ് കലാസമിതിയുടെയും സൊസൈറ്റിയുടെയും പ്രവർത്തകർ. 
നാല് സെന്റ് സ്ഥലം വിലയ്ക്ക് വാങ്ങിയാണ് കെട്ടിടം പണി തുടങ്ങിയത്. 35 ലക്ഷത്തോളം രൂപയാണ് സ്മാരക മന്ദിരത്തിന് വേണ്ടി സംഘാടകർ ചെലവഴിച്ചത്. മന്ദിരത്തിന്റെ താഴത്തെ നിലയിൽ പാലിയേറ്റിവ് കെയർ സൊസൈറ്റി പ്രവർത്തിക്കും. പാവപ്പെട്ട രോഗികൾക്ക് അത്യാവശ്യം വേണ്ടുന്ന  ബി.പി, ഷുഗർ പരിശോധന, വീൽ ചെയർ, വാട്ടർ ബെഡ് തുടങ്ങിയ സംവിധാനങ്ങൾ ഒരുക്കും. മൃതദേഹങ്ങൾ സൂക്ഷിക്കാനുള്ള ഫ്രീസർ സൗകര്യവും ഉണ്ടാകും. മുകളിലത്തെ നിലയിൽ ഓഫീസും ഹാളും പ്രവർത്തിക്കും. 
നാടക അവബോധം വളർത്തുന്നതിനും നാടക കലാകാരന്മാരെ സൃഷ്ടിക്കുക എന്ന ഉദ്ദേശ്യത്തോടെ കുട്ടികളുടെ പഠന കളരികൾ, ക്ലാസുകൾ എന്നിവ നടത്താനും മന്ദിരം ഉപയോഗിക്കും. 2017 നവംബർ 14 ന് ഇ. പി. ജയരാജൻ എം.എൽ.എയാണ് സ്മാരക മന്ദിരത്തിന് തറക്കല്ലിട്ടത്. ഒരു വർഷം കൊണ്ട് ഈ സ്മാരക മന്ദിരം പൂർത്തിയാക്കുമെന്ന് ജനങ്ങൾക്ക് നൽകിയ വാക്ക് പാലിക്കുകയാണ് ഭാരവാഹികൾ. ഈ മാസം 17 ന് തറക്കല്ലിട്ട ഇ.പി. ജയരാജൻ തന്നെയാണ് മന്ദിരം തുറന്നുകൊടുക്കാൻ എത്തുന്നത്. മാണിയാട്ട് നാടകോത്സവത്തിന് സ്ഥിരം സാന്നിധ്യം കൂടിയാണ് അദ്ദേഹം. 
പാലിയേറ്റീവ് കെയർ സൊസൈറ്റി പ്രസിഡന്റും ജനറൽ കൺവീനറുമായ ടി.വി. ബാലൻ (ശോഭ ബാലൻ) , സെക്രട്ടറി ഇ. രാഘവൻ, കോറസ് കലാസമിതി പ്രസിഡന്റ് തമ്പാൻ കീനേരി, സെക്രട്ടറി നന്ദകുമാർ എന്നിവരാണ് മന്ദിര നിർമാണത്തിന് ചുക്കാൻ പിടിക്കുന്നത്. ഏഴാമത് എൻ.എൻ. പിള്ള സ്മാരക സംസ്ഥാന പ്രൊഫഷണൽ നാടക മത്സരം 14 മുതൽ 22 വരെ നടക്കുകയാണ്. അതിനിടയിലാണ് നാടകാചാര്യന്റെ മന്ദിരം ജനങ്ങൾക്ക് തുറന്നുകൊടുക്കുന്നത്. 
 

Latest News