തിരുവനന്തപുരം- മണ്ഡല കാലത്ത് ശബരിമലയിൽ നാലായിരം പോലീസുകാരെ വീതം നാലു ഘട്ടങ്ങളിലായി നിയോഗിക്കാനാണ് ആഭ്യന്തര വകുപ്പിന്റെ തീരുമാനം. ഉന്നത ഉദ്യോഗസ്ഥർ വേറെയും. ഹെലികോപ്ടറിലൂടെയുള്ള നിരീക്ഷണം, സായുധസേന, ഡ്രോണുകൾ, ജലപീരങ്കികൾ, മെറ്റൽ ഡിറ്റക്ടറുകൾ, ബാരിക്കേഡുകൾ, ഷീൽഡുകൾ അടക്കമുള്ള യുദ്ധസന്നാഹങ്ങളാണ് അക്രമികളെ നേരിടാൻ ഒരുക്കുന്നത്.
മണ്ഡല-മകര വിളക്ക് കാലത്ത് തീവ്രവാദികൾ കടന്നുകയറുമെന്ന് സംസ്ഥാന ഇന്റലിജൻസ് റിപ്പോർട്ടുണ്ടെന്നും അതിനെ തുടർന്നാണ് യുദ്ധസന്നാഹമെന്നുമാണ് പോലീസ് വാദം. എന്നാൽ ഈ മാസം 13 ന് സുപ്രീം കോടതി യുവതി പ്രവേശനത്തിനെതിരെയുള്ള ഹരജികൾ നിരസിച്ചാൽ മണ്ഡല കാലത്തെത്തുന്ന യുവതികൾക്ക് സംരക്ഷണം ഒരുക്കാനാണെന്ന് മറുപക്ഷം പറയുന്നു. സുരക്ഷക്കായി സർക്കാരിന് 50 കോടി രൂപയെങ്കിലും ചെലവ് വരുമെന്ന് കണക്കാക്കുന്നു.
60 ദിവസമാണ് ശബരിമലയിൽ വൻ സുരക്ഷ ഒരുക്കുന്നത്. പോലീസുകാരന് ദിനംപ്രതി അലവൻസ് 350 മുതൽ 400 രൂപയും അതിന് മുകളിലുമാണ്.
ഇത് 10 കോടിയോളം രൂപ വരും. മണ്ഡല കാലത്ത് പോലീസിന് ഭക്ഷണം ഒരുക്കുന്നത് പോലീസ് മെസ്സാണ്. ഭക്ഷണത്തിന് ഒരാൾക്ക് ദിവസം 150 രൂപയോളം വേണം. തീർഥാടനം കഴിയുമ്പോൾ നാലു കോടിയിലധികം രൂപ ഭക്ഷണത്തിന് മാത്രം കണ്ടെത്തണം. ബാഗ് അലവൻസ്, യാത്രാ ബത്ത തുടങ്ങിയവ വേറെയും. അതായത് ഒരു പോലീസുകാരന് ഒരു ദിവസം ഡ്യൂട്ടിക്ക് 1000 രൂപയോളം ചെലവ് വരും. ഇത് മാത്രം ഏകദേശം 24 കോടിയോളം വരും. കൂടാതെ ഭക്ഷണം ഒരുക്കുന്ന ക്യാമ്പ് ഫോളവേഴ്‌സിനും ഈ ആനുകൂല്യങ്ങളെല്ലാം നൽകണം. ഉന്നത ഉദ്യോഗസ്ഥരുടെയും സായുധ, ദുരന്ത നിവാരണ, അഗ്നിരക്ഷാ സേനകളുടെ അലവൻസും ഭക്ഷണ ചെലവും വേറെയും.
ഹെലികോപ്ടർ, പോലീസ് വാഹനങ്ങളുടെ ചെലവ്, ജലപീരങ്കി, ബാരിക്കേഡുകൾ, ഡ്രോണുകൾ, ഫെയ്‌സ് ഡിറ്റക്ടിംഗ് ക്യാമറകൾ അടക്കമുള്ളവയ്ക്ക് കോടികളാണ് വേണ്ടിവരിക. ഹെലികോപ്ടർ നൽകാൻ സ്വകാര്യ കമ്പനികൾ തയാറായി വന്നിട്ടുണ്ടെന്നാണ് അറിയുന്നത്.
ദേവസ്വം ബോർഡും പോലീസിന്റെ സൗകര്യങ്ങൾക്കായി തുക മാറ്റിവെയ്ക്കണം. പോലീസ് പറയുന്ന അടിസ്ഥാന സൗകര്യങ്ങളെല്ലാം ഒരുക്കി നൽകേണ്ടത് ദേവസ്വം ബോർഡാണ്. ആയിരം പോലീസുകാർക്ക് താമസിക്കാനും പ്രാഥമിക ആവശ്യം നിർവഹിക്കാനുമുള്ള സൗകര്യമാണ് ഇപ്പോൾ സന്നിധാനത്തുള്ളത്. ഇത്തവണ മൂന്നിരട്ടിയിൽ കൂടുതൽ പോലീസുകാരെത്തുമ്പോൾ അവർക്കുള്ള സൗകര്യം വേറെ ഒരുക്കണം. മരക്കൂട്ടം, പമ്പ, നിലയ്ക്കൽ, വടശ്ശേരിക്കര തുടങ്ങിയ ഇടങ്ങളിൽ വനിതാ പോലീസുകാർക്ക് അടക്കം പുതിയ സൗകര്യങ്ങൾ ഒരുക്കണം. ആവശ്യമെങ്കിൽ ഹെലിപ്പാഡ് നിർമ്മിച്ചുനൽകണം. പോലീസ് പറയുന്ന സംവിധാനങ്ങളും ലിസ്റ്റ് അനുസരിച്ചുള്ള സാധനങ്ങളും ഒരുക്കി നൽകണം. ഇതിനും കോടികൾ വേണ്ടിവരും.
നേരത്തെ പോലീസിന്റെ നിർദ്ദേശപ്രകാരം താമസത്തിന് ഒരുക്കി നൽകിയ കണ്ടെയ്‌നറുകളിൽ ശീതീകരണ സംവിധാനം ഒരുക്കണമെന്നാവശ്യപ്പെട്ട് ആഭ്യന്തര വകുപ്പ് ദേവസ്വം ബോർഡിന് കത്ത് നൽകിയിരിക്കുകയാണ്. അതിനും കോടികൾ മാറ്റിവെയ്ക്കണം.