ദുബായ്- സഹപാഠികളുടെ നിരന്തര മാനസിക പീഡനത്തില്‍ മനംനൊന്ത് ജീവനൊടുക്കാന്‍ ശ്രമിച്ച 15 കാരിയെ ദുബായ് പോലീസിന്റെ സമയോചിത ഇടപെടല്‍ രക്ഷപ്പെടുത്തി. ആഭ്യന്തര മന്ത്രാലയത്തിന്റെ കുട്ടികളുടെ സുരക്ഷക്കായുള്ള ഹോട്ട്‌ലൈനില്‍ വിളിച്ച കൗമാരക്കാരി, സഹപാഠികളുടെ പീഡനം സഹിക്കാനാവുന്നില്ലെന്നും മരിക്കാന്‍ പോകുകയാണെന്നും അറിയിക്കുകയായിരുന്നു.
ഉടന്‍ ദുബായ് പോലീസ് കമാന്റ് റൂമില്‍ വിവരമറിയിച്ചതോടെ സ്കൂളിലേക്ക് ഒരു സംഘം വിദഗ്ധര്‍ എത്തുകയും പെണ്‍കുട്ടിയെ സമീപിച്ച് ആത്മഹത്യയില്‍നിന്ന് തടയുകയുമായിരുന്നു.
കെട്ടിത്തൂങ്ങി മരിക്കാന്‍ പദ്ധതിയിടുകയായിരുന്ന കുട്ടിക്ക് കൗണ്‍സലിംഗിലൂടെ ആത്മവിശ്വാസം നല്‍കിയതായും നേരത്തേയും താന്‍ ആത്മഹത്യക്ക് ശ്രമിച്ചതായി കുട്ടി സമ്മതിച്ചതായും മനശ്ശാസ്ത്ര വിദഗ്ധ റൗദ അല്‍ റസൂഖി പറഞ്ഞു. ദുര്‍ബലമനസ്സുള്ള കുട്ടിയാണിത്. മനസ്സ് വേദനിച്ചാല്‍ പെട്ടെന്ന് പ്രകോപിതയാവുന്ന സ്വഭാവക്കാരിയാണ്. പ്രമേഹത്തിന് ചികിത്സയിലിരിക്കുന്ന കുട്ടി ഭക്ഷണം കഴിക്കാന്‍ വിസമ്മതിക്കുന്നതായും മാതാപിതാക്കള്‍ നിര്‍ബന്ധിച്ച് ഭക്ഷണം കഴിപ്പിക്കുകയും ശാസിക്കുകയും ചെയ്തതായും വിദഗ്ധര്‍ക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞു.
കുട്ടിയുടെ മാതാപിതാക്കളെ സന്ദര്‍ശിച്ച വിദഗ്ധര്‍ റാഷിദ് ആശുപത്രിയിലെ വിദഗ്ധ ഡോക്ടര്‍മാരെ കാണിക്കാന്‍ ഉപദേശിക്കുകയും ചെയ്തു.
സമാനമായ നിരവധി കോളുകള്‍ സ്കൂളില്‍നിന്ന് ലഭിക്കാറുണ്ടെന്ന് അല്‍ റസൂഖി പറഞ്ഞു. 2016 ലാണ് ആഭ്യന്തര മന്ത്രാലയം ഹോട്ടലൈന്‍ ആരംഭിച്ചത്. 116111 ആണ് നമ്പര്‍.