അബുദാബി- ഒറ്റവര്‍ഷം കൊണ്ട് ഗള്‍ഫിലെ കലാ വിസ്മയമായി മാറിയ ലൂവ്‌റ് അബുദാബി മ്യൂസിയത്തിലെത്തുന്ന സന്ദര്‍ശരിലേറെയും ഇന്ത്യക്കാര്‍. കഴിഞ്ഞ വര്‍ഷം നവംബര്‍ എട്ടിന് തുറന്ന മ്യൂസിയത്തില്‍ ഒരു വര്‍ഷത്തിനിടെ എത്തിയത് പത്തു ലക്ഷത്തിലേറെ സന്ദര്‍ശകരാണ്. ഒന്നാം വാര്‍ഷികം വിപുലമായി ആഘോഷിക്കുകയാണ് മ്യൂസിയം ഇപ്പോള്‍.
ചൈന, അമേരിക്ക, ഇംഗ്ലണ്ട്, ജര്‍മനി, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള സഞ്ചാരികളും ആദ്യ പട്ടികയില്‍ ഇടംപിടിച്ചു. സന്ദര്‍ശകരില്‍ 60 ശതമാനം രാജ്യാന്തര വിനോദ സഞ്ചാരികളും 40 ശതമാനം യു.എ.ഇയിലെ സ്വദേശികളും വിദേശികളുമായ താമസക്കാരുമാണ്. ആര്‍ട് ക്ലബില്‍ അംഗങ്ങളായ 5000 സ്ഥിരം മെമ്പര്‍മാരും മ്യൂസിയത്തിനുണ്ട്.
വാര്‍ഷിക ആഘോഷ പരിപാടിയില്‍ 115 പ്രത്യേക പ്രദര്‍ശനങ്ങള്‍ ഒരുക്കുന്നുണ്ട്. 22 രാജ്യങ്ങളിലെ 400 ലേറെ കലാകാരന്മാരുടെ വ്യത്യസ്തതയാര്‍ന്ന കലാവിരുന്നുകളും അരങ്ങേറുമെന്ന് ലൂവ്‌റ് അബുദാബി ഡയറക്ടര്‍ മാന്വല്‍ റബാത് പറഞ്ഞു. ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ബ്രിട്ടിഷ് പോപ് താരം ദുആ ലിപയുടെ സംഗീത പരിപാടിയുമുണ്ട്.
പാരിസിലെ ലൂവ്‌റ് മ്യൂസിയവുമായി സഹകരിച്ച് സജ്ജമാക്കിയ മ്യൂസിയം മാനവരാശിയുടെ 12 കാലഘട്ടങ്ങളെ അനുസ്മരിപ്പിക്കുംവിധം 12 ഭാഗങ്ങളായാണ് ഒരുക്കിയിരിക്കുന്നത്. ലിയനാര്‍ഡോ ഡാവിഞ്ചിയുടെ ലാ ബെല്ലാ ഫെറോനീയ, 'ദ് സാല്‍വദോര്‍ മുന്‍ഡി, ബെല്ലിനിയുടെ മഡോണയും കുട്ടിയും തുടങ്ങി ലോകോത്തര കലാസൃഷ്ടികള്‍ ലൂവ്‌റ് അബുദാബിയെ സവിശേഷമാക്കുന്നു. ഇതുകൂടാതെ അറേബ്യയുടെ ചരിത്രം പറയുന്ന റോഡ്‌സ് ഓഫ് അറേബ്യ അടക്കം മേഖലയിലെ വിവിധ രാജ്യങ്ങളുമായി സഹകരിച്ച് നടത്തുന്ന പ്രത്യേക പ്രദര്‍ശനങ്ങളും സന്ദര്‍ശകരെ വീണ്ടും ആകര്‍ഷിക്കുന്ന ഘടകങ്ങളാണ്.