ഇടുക്കി- ബൈസണ്‍വാലി ടീ കമ്പനിയില്‍ യുവതിയുടെ ആത്മഹത്യ ഹൃദയാഘാതമാക്കി മാറ്റി മൃതദേഹം ദഹിപ്പിച്ച സംഭവത്തില്‍ ഒരാളെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. മരിച്ച സെല്‍വിയുടെ ഭര്‍തൃ സഹോദരന്‍ തിരുമകനാണ് പിടിയിലായത്. സെല്‍വിയുടെ മരണകാരണം ഇയാളുടെ മോശം ഇടപെടലാണെന്ന് കാണിച്ച് സെല്‍വിയുടെ പിതാവ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. മരണം സംഭവിച്ച അന്നു മുതല്‍ ഇയാള്‍ ഒളിവിലായിരുന്നു.
23ന് രാത്രിയില്‍ വീട്ടില്‍ നിന്നും കാണാതായ സെല്‍വിയെ 24ന് വെളുപ്പിന് രണ്ടു മണിയോടെയാണ് വീടിന് സമീപത്തെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടത്. ഭര്‍ത്താവ് തമിഴ് സെല്‍വന്‍ അടക്കമുള്ളവര്‍ സെല്‍വിയുടെ മരണം ഹാര്‍ട്ട് അറ്റാക്ക് മൂലമാണെന്ന് വിശ്വസിപ്പിക്കുകയായിരുന്നു. അന്ന് വൈകിട്ട് നാലു മണിയോടെ മൃതദേഹം ദഹിപ്പിക്കുകയും ചെയ്തു. എന്നാല്‍ സംസ്‌ക്കാരത്തിന് ശേഷം സെല്‍വിയുടെ മകന്‍ അമ്മയുടെ മൃതദേഹം കുളത്തില്‍ നിന്നാണ് എടുത്തതെന്ന് സെല്‍വിയുടെ പിതാവ് അറുമുഖനോട് പറഞ്ഞു. സെല്‍വി മരിച്ചതറിഞ്ഞ് ഭര്‍തൃ സഹോദരന്‍ തിരുമകന്‍ ഇവിടേക്ക് എത്താതെ സ്ഥലം വിട്ടത് സംശയത്തിന് ഇടവരുത്തി. തുടര്‍ന്നാണ് അറുമുഖന്‍ രാജാക്കാട് സ്റ്റേഷനില്‍ പരാതി നല്‍കിയത്.
സംഭവത്തില്‍ പോലീസ് വേണ്ടരീയില്‍ ഇടപെട്ടില്ലെന്ന ആക്ഷപവും ഉയര്‍ന്നിരുന്നു. തുടര്‍ന്ന് ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ രാജാക്കാട് എസ്.ഐയുടെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തില്‍ തിരുമകന്‍ സെല്‍വിയുടെ ചിത്രങ്ങള്‍ ഫോണില്‍ പകര്‍ത്തിയെന്നും ഇതുപയോഗിച്ച് ഭീഷണിപ്പെടുത്തിയിരുന്നതായും കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് രാജാക്കാട്ട് നിന്ന് പ്രതിയെ പിടികൂടിയത്. തിരുമകന്റെ ഫോണ്‍ കണ്ടെടുത്തു. ഫോണില്‍ ചിത്രങ്ങള്‍ പകര്‍ത്തിയതടക്കമുള്ള കാര്യങ്ങള്‍ പോലീസിന് ഇയാള്‍ മൊഴി നല്‍കുകയും ചെയ്തിട്ടുണ്ട്. ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയാണ് ഇയാള്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്. തുടര്‍ നടപടികള്‍ക്ക് ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കും. പ്രത്യേക അന്വേഷണ സംഘത്തിലെ അംഗങ്ങളായ എസ്.ഐ പി.ഡി അനൂപ് മോന്‍, എ.എസ്.ഐ സജി.എന്‍. പോള്‍, ഉലഹന്നാന്‍, ഷാജു, ഓമനക്കുട്ടന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.