Sorry, you need to enable JavaScript to visit this website.

മാന്ദ്യവും ചെലവു ചുരുക്കലും സൗദിയില്‍ വിദേശികളുടെ എണ്ണം കുറച്ചു

റിയാദ്- സൗദിവൽക്കരണം മാത്രമല്ല, സാമ്പത്തിക മാന്ദ്യവും ചെലവു ചുരുക്കൽ നടപടികളും സ്വകാര്യ മേഖലയിലെ വിദേശ തൊഴിലാളികളുടെ എണ്ണം കുറയാൻ ഇടയാക്കിയതായി കൗൺസിൽ ഓഫ് സൗദി ചേംബേഴ്‌സിനു കീഴിലെ തൊഴിൽ വിപണി കമ്മിറ്റി പ്രസിഡന്റ് എൻജിനീയർ മൻസൂർ അൽശത്‌രി പറഞ്ഞു. കോൺട്രാക്ടിംഗ് മേഖലയിലെ മാന്ദ്യം വിദേശികളുടെ എണ്ണം കുറയാൻ ഇടയാക്കിയ പ്രധാന കാരണങ്ങളിൽ ഒന്നാണ്. ഏറ്റവും കൂടുതൽ വിദേശികൾക്ക് തൊഴിൽ നൽകുന്ന മേഖലയാണ് കോൺട്രാക്ടിംഗ് മേഖല. 
സ്വകാര്യ സ്ഥാപനങ്ങളുടെ കാര്യക്ഷമത ഉയർന്നതും വിദേശികളുടെ എണ്ണം കുറയാൻ കാരണമാണ്. കാര്യക്ഷമത ഉയരുന്നതിലൂടെ കുറഞ്ഞ എണ്ണം തൊഴിലാളികളെ ഉപയോഗിച്ച് ജോലികൾ പൂർത്തിയാക്കാൻ സ്വകാര്യ സ്ഥാപനങ്ങൾക്ക് സാധിക്കും. വിദേശികളുടെ കൊഴിഞ്ഞുപോക്ക് സൗദിവൽക്കരണം ഉയർത്താൻ സഹായകമായി. രാജ്യം വിട്ട എണ്ണത്തിന് തുല്യമായത്ര സൗദികൾക്ക് സ്വകാര്യ മേഖലയിൽ പുതുതായി തൊഴിൽ ലഭിച്ചിട്ടില്ല. വിദേശികൾ നിർവഹിച്ചിരുന്ന ചില തൊഴിലുകൾ സ്വീകരിക്കാൻ സൗദികൾ ആഗ്രഹിക്കുന്നില്ല. കൂടാതെ ചില തൊഴിൽ മേഖലകളും സ്ഥാപനങ്ങളും പൂർണമായും അടച്ചുപൂട്ടി. ഇതിലൂടെ ഈ മേഖലകളിലും സ്ഥാപനങ്ങളിലും തൊഴിലവസരങ്ങൾ ഇല്ലാതായി. 
ചില സ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ സൗദിവൽക്കരണമല്ല കാരണം. മികച്ച ലാഭം ലഭിക്കുന്ന, വിജയകരമായി പ്രവർത്തിക്കുന്ന ഒരു സ്ഥാപനവും അടച്ചുപൂട്ടില്ല. ഓൺലൈൻ വ്യാപാരം വ്യാപകമായതും പൊതുധന വിനിയോഗം കുറഞ്ഞതും ജനങ്ങളുടെ വാങ്ങൽ ശക്തി കുറഞ്ഞതും അടച്ചുപൂട്ടലിന് കാരണമാകാം. ഭാവിയിൽ കൂടുതൽ മേഖലകളിൽ സൗദിവൽക്കരണം നടപ്പാക്കുന്നതിനെ കുറിച്ച് വിദഗ്ധരുമായും തൊഴിലുടമകളുമായും തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം ചർച്ചകളും കൂടിയാലോചനകളും നടത്തിവരികയാണെന്നും എൻജിനീയർ മൻസൂർ അൽശത്‌രി പറഞ്ഞു.
ഒരു വർഷത്തിനിടെ സൗദിയിൽ 8,95,986 വിദേശികൾക്ക് തൊഴിൽ നഷ്ടപ്പെട്ടതായി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ കൊല്ലം രണ്ടാം പാദത്തിനും ഇക്കൊല്ലം രണ്ടാം പാദത്തിനുമിടയിലാണ് ഇത്രയും വിദേശികൾക്ക് തൊഴിൽ നഷ്ടപ്പെട്ടത്. ഇക്കാലയളവിൽ സ്വകാര്യ മേഖലയിലെ സൗദി ജീവനക്കാരുടെ എണ്ണത്തിൽ 5.7 ശതമാനം വർധന രേഖപ്പെടുത്തി. സർക്കാർ, സ്വകാര്യ മേഖലകളിൽ ജോലി ചെയ്യുന്ന സൗദികളുടെ എണ്ണം 30,52,449 ൽനിന്ന് 31,25,343 ആയി ഒരു വർഷത്തിനിടെ ഉയർന്നതായും ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് കണക്കുകൾ വ്യക്തമാക്കുന്നു.


 

Latest News