മഞ്ചേരി- ഏറെക്കാലമായി നഗരത്തിന്റെ ശാപമായി തുടരുന്ന നിലമ്പൂര്‍ റോഡ് ഗതാഗത കുരുക്ക് അഴിക്കുന്നതിനും നാടുകാണി - പരപ്പനങ്ങാടി റോഡ് വികസനത്തിനുമായി പള്ളിയുടെ സ്ഥലം വിട്ടു നല്‍കി മഹല്ല് കമ്മിറ്റി മാതൃകയായി. ഇതിനായി മഹല്ല് ഭാരവാഹികളുടെ നേതൃത്വത്തില്‍ മസ്ജിദിന്റെ ഗെയിറ്റ് പൊളിച്ചു നീക്കി. പ്രദേശത്തെ ഏതാനും ചില സ്വകാര്യ വ്യക്തികള്‍ റോഡ് വിട്ടു നല്‍കുന്നതിനെതിരെ കോടതിയെ സമീപിച്ച സാഹചര്യത്തിലാണ് പള്ളി കമ്മിറ്റിയുടെ നടപടി. നെല്ലിപ്പറമ്പു മുതല്‍ ജസീല ജംഗ്ഷന്‍ വരെ മിനിമം 14 മീറ്റര്‍ വീതിയാക്കിയെങ്കില്‍ മാത്രമേ പ്രദേശത്തെ ഗതാഗത കുരുക്കിനു പരിഹാരമാവുകയുള്ളൂ. ഇക്കാര്യം പ്രദേശവാസികളെ ബോധ്യപ്പെടുത്തുകയും ഇതിന്റെ അടിസ്ഥാനത്തില്‍ ഭൂവുടമകള്‍ പൊന്നും വിലയുള്ള സ്ഥലം സ്വമേധയാ വിട്ടു നല്‍കാന്‍ സന്നദ്ധത അറിയിക്കുകയുമായിരുന്നു. ഇത്തരത്തില്‍ 34 പേര്‍ സ്ഥലം വിട്ടു നല്‍കാന്‍ സന്നദ്ധത അറിയിച്ചു. എന്നാല്‍ നാലുപേര്‍ സ്ഥലം വിട്ടു നല്‍കുന്നതിനെതിരെ കോടതിയെ സമീപിച്ചു. എന്നിരുന്നാലും റോഡ് വികസന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. അഡ്വ.എം. ഉമ്മര്‍ എം.എല്‍.എയുടെയും പ്രദേശത്തെ ചില സംഘടനകളുടെയും നേതൃത്വത്തില്‍ സമവായ ചര്‍ച്ചകളും മറ്റും നടന്നു വരുന്നു. നെല്ലിപ്പറമ്പ് മസ്ജിദ് നല്‍കിയ പോലെ ചെരണി ജുമാമസ്ജിദും മിനാരങ്ങള്‍ പൊളിച്ചു നീക്കി റോഡ് വികസനവുമായി സഹകരിച്ചിരുന്നു. റോഡ് വികസനം ഏറെ വൈകാതെ പൂര്‍ത്തിയാകുമെന്ന് എം.എല്‍.എ പ്രത്യാശ പ്രകടിപ്പിച്ചു.