Sorry, you need to enable JavaScript to visit this website.

സൗദിയില്‍ തൊഴില്‍ വിസാ വ്യവസ്ഥകളില്‍ ഇളവ്; സ്ഥാപനങ്ങള്‍ക്ക് നേരിട്ട് അപേക്ഷിക്കാം

റിയാദ്- സ്വകാര്യ സ്ഥാപനങ്ങൾക്ക് തൊഴിൽ വിസകൾ അനുവദിക്കുന്നതിനുള്ള വ്യവസ്ഥകൾ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം ലഘൂകരിച്ചതായി റിപ്പോർട്ട്. വിസാ അപേക്ഷകൾ സമർപ്പിക്കുന്നതിനു മുമ്പായി സ്വകാര്യ സ്ഥാപനങ്ങളിൽ ഒഴിവുള്ള തൊഴിലവസരങ്ങളെ കുറിച്ച് നാഷണൽ ലേബർ ഗേറ്റ്‌വേ (താഖാത്ത്) പോർട്ടലിൽ നിശ്ചിത കാലം പരസ്യം ചെയ്തിരിക്കണമെന്ന വ്യവസ്ഥ മന്ത്രാലയം എടുത്തുകളഞ്ഞതായി അൽമദീന ദിനപത്രം റിപ്പോർട്ട് ചെയ്തു. ഇനി മുതൽ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴി നേരിട്ട് വിസാ അപേക്ഷകൾ സമർപ്പിക്കുകയാണ് വേണ്ടത്. ഇതുവരെ സ്വകാര്യ സ്ഥാപനങ്ങളിൽ ഒഴിവുള്ള തൊഴിലവസരങ്ങളെ കുറിച്ച് താഖാത്ത് പോർട്ടലിൽ നിശ്ചിത കാലം പരസ്യപ്പെടുത്തൽ നിർബന്ധമായിരുന്നു. തൊഴിലവസരങ്ങൾ പരസ്യപ്പെടുത്തിയിട്ടും തൊഴിലുകൾ സ്വീകരിക്കുന്നതിന് യോഗ്യരായ സൗദികൾ മുന്നോട്ടു വരാതിരിക്കുന്ന പക്ഷമാണ് സ്ഥാപനങ്ങൾക്ക് വിദേശങ്ങളിൽ നിന്ന് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് വ്യവസ്ഥകൾക്ക് വിധേയമായി വിസകൾ അനുവദിച്ചിരുന്നത്. തൊഴിലവസരങ്ങളിൽ നിയമിക്കുന്നതിന് മതിയായ കഴിവും യോഗ്യതയുമുള്ള സൗദികളെ കിട്ടാനില്ലെന്ന് ഉറപ്പു വരുത്തിയ ശേഷം മാത്രമായിരുന്നു സ്വകാര്യ സ്ഥാപനങ്ങളുടെ വിസാ അപേക്ഷകൾ മന്ത്രാലയം പാസാക്കിയിരുന്നത്. 
ഓരോ സ്ഥാപനങ്ങളും നടപ്പാക്കിയ സൗദിവൽക്കരണത്തിന്റെ അനുപാതത്തിന്റെ അടിസ്ഥാനത്തിൽ നിതാഖാത്ത് പ്രകാരമുള്ള വ്യത്യസ്ത വിഭാഗം സ്ഥാപനങ്ങൾ ഒരാഴ്ച മുതൽ 45 ദിവസം വരെയുള്ള കാലം താഖാത്ത് പോർട്ടലിൽ തൊഴിലവസരങ്ങൾ പരസ്യപ്പെടുത്തിയിരിക്കണമെന്നായിരുന്നു വ്യവസ്ഥ. ഉയർന്ന തോതിൽ സൗദിവൽക്കരണം നടപ്പാക്കി എക്‌സലന്റ് (പ്ലാറ്റിനം) വിഭാഗത്തിൽ പെട്ട സ്ഥാപനങ്ങൾ ഒരാഴ്ചയും നിശ്ചിത ശതമാനം സൗദിവൽക്കരണം നടപ്പാക്കി സുരക്ഷിത വിഭാഗങ്ങളിൽ ഇടംനേടിയ മറ്റു സ്ഥാപനങ്ങൾ 45 ദിവസവും തൊഴിലവസരങ്ങളെ കുറിച്ച് താഖാത്ത് പോർട്ടലിൽ പരസ്യപ്പെടുത്തേണ്ടിയിരുന്നു. ഈ വ്യവസ്ഥ മൂലം സ്വകാര്യ സ്ഥാപനങ്ങൾക്ക് വിദേശങ്ങളിൽ നിന്ന് വേഗത്തിൽ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് സാധിക്കുമായിരുന്നില്ല. വിസകൾക്ക് അപേക്ഷ സമർപ്പിക്കുന്നതിനു മുമ്പായി, സ്വകാര്യ സ്ഥാപനങ്ങളിൽ ഒഴിവുള്ള തൊഴിലവസരങ്ങളെ കുറിച്ച് താഖാത്ത് പോർട്ടലിൽ പരസ്യപ്പെടുത്തിയിരിക്കണമെന്ന വ്യവസ്ഥ സമീപ കാലത്താണ് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം നടപ്പാക്കിയത്. 
അതേസമയം, സൗദി പൗരന്മാരുടെ സൗദി പൗരത്വം ലഭിക്കാത്ത വിദേശികളായ ഭാര്യമാരും സൗദി വനിതകളുടെ വിദേശികളായ ഭർത്താക്കന്മാരും സ്വകാര്യ സ്ഥാപനങ്ങളിൽ ജോലിയിൽ പ്രവേശിക്കണമെന്ന് ആഗ്രഹിക്കുന്ന പക്ഷം അവരുടെ സ്‌പോൺസർഷിപ്പ് സ്വകാര്യ സ്ഥാപനങ്ങളുടെ പേരിലേക്ക് മാറ്റൽ നിർബന്ധമാണെന്ന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ പട്ടികയിൽ നിന്ന് സ്വദേശികളെ നീക്കം ചെയ്യേണ്ടത് ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസ് (ഗോസി) വഴിയാണ്. സ്വകാര്യ മേഖലയിലെ തൊഴിൽ നഷ്ടപ്പെടുന്ന സ്വദേശികൾക്ക് ധനസഹായം നൽകുന്ന സാനിദ് പദ്ധതി ഗോസിക്കു കീഴിലാണ്. സ്വകാര്യ മേഖലയിലെ തൊഴിൽ നഷ്ടപ്പെടുന്നവർക്ക് ഒരു വർഷക്കാലമാണ് ഗോസിയിൽ നിന്ന് ധനസഹായം നൽകുക. 
ഇതിന് അടിസ്ഥാന വേതനത്തിന്റെ രണ്ടു ശതമാനം ഗോസി വിഹിതമായി പ്രതിമാസം അടച്ചിരിക്കണം. തൊഴിൽനഷ്ട ഇൻഷുറൻസ് പോളിസി വരിസംഖ്യയുടെ പകുതി തൊഴിലുടമയയും പകുതി തൊഴിലാളിയുമാണ് വഹിക്കേണ്ടത്. 2030 ഓടെ തൊഴിലില്ലായ്മ നിരക്ക് ഏഴു ശതമാമായി കുറക്കുന്നതിനാണ് സൗദി അറേബ്യ ലക്ഷ്യമിടുന്നത്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം സ്വദേശികൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 12.9 ശതമാനമാണ്. സൗദിവൽക്കരണത്തിന്റെയും ലെവികളുടെയും സാമ്പത്തിക പരിഷ്‌കരണങ്ങളുടെയും ഫലമായി സമീപ കാലത്ത് പത്തു ലക്ഷത്തിലേറെ വിദേശികൾക്ക് സൗദിയിൽ തൊഴിൽ നഷ്ടപ്പെട്ടിട്ടുണ്ട്. 
 

Latest News