Sorry, you need to enable JavaScript to visit this website.

ശബരിമലയിൽനിന്ന് അയോധ്യയിലേക്ക് ഒരു രാഷ്ട്രീയ ആകാശ പാത

രാഷ്ട്രീയ പാർട്ടികൾക്കും മുന്നണികൾക്കും ഒരേസമയം അപ്രതീക്ഷിതമായ ഞെട്ടലുണ്ടാക്കുന്ന തുടർച്ചയായ രാഷ്ട്രീയ സംഭവങ്ങളുമായാണ് കേരളത്തിൽ ഈ വാരം അവസാനിക്കുന്നത് -ഇനിയെന്ത് എന്ന് ഉദ്വേഗത്തോടെ എല്ലാ രാഷ്ട്രീയ പാർട്ടികളേയും ജനങ്ങളേയും കാതുകൂർപ്പിച്ചിരുത്തിക്കൊണ്ട്. 
 ബി.ജെ.പി പ്രസിഡന്റ് പി.എസ്. ശ്രീധരൻ പിള്ള ഉൾപാർട്ടി യോഗത്തിൽ നടത്തിയ പ്രസംഗത്തിന്റെ വീഡിയോ പരസ്യമായിരുന്നു തുടക്കം. പിറകെ മന്ത്രി കെ.ടി. ജലീലിന്റെ ബന്ധുനിയമന വിവാദം. ഏറ്റവുമൊടുവിൽ ഇതെഴുതുമ്പോൾ ഹൈക്കോടതിയിൽനിന്ന് പുറത്തു വന്ന അഴീക്കോട് എം.എൽ.എ കെ.എം. ഷാജിയെ അയോഗ്യനാക്കിയ  വിധി -അങ്ങനെ സമ്മിശ്ര പ്രത്യാഘാതങ്ങളുണ്ടാക്കുന്ന സംഭവങ്ങൾക്കു മുമ്പിലാണ് ഇപ്പോൾ കേരളം. അതിലെല്ലാമുപരി ഏതു നിമിഷവും ടൈംബോംബ് പോലെ പൊട്ടിത്തെറിക്കാൻ സാധ്യതയുള്ള ശബരിമല പ്രശ്‌നം.
കേരളത്തിന്റെ രാഷ്ട്രീയ പ്രശ്‌നമായും വിശ്വാസികളുടെ ദേശീയ ഉൽക്കണ്ഠയായും രാജ്യം ഉറ്റുനോക്കുന്ന ക്രമസമാധാന-ഭരണഘടനാ പ്രശ്‌നമായും ശബരിമല വിഷയം വളരുകയാണ്. അടുത്ത വർഷം ആദ്യം നടക്കാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പിന്റെ കേന്ദ്ര ബിന്ദുവാക്കാൻ പല ഭാഗത്തുനിന്നും രഥയാത്ര മുതൽ പ്രചാരണ ജാഥകൾ വരെ ശബരിമല ലക്ഷ്യമാക്കി നീങ്ങുന്നു. 
ദേശീയ രാഷ്ട്രീയവും സ്‌ഫോടകാത്മകമാണ്. നോട്ട് നിരോധനം ഏർപ്പെടുത്തി അമ്പരപ്പിച്ച പ്രധാനമന്ത്രി മോഡിയുടെ തന്ത്രപരമായ ആക്രമണത്തിന്റെ രണ്ടാം വാർഷികം കടന്നുപോയി. കർണാടകയിൽ നടന്ന ഉപതെരഞ്ഞെടുപ്പുകളുടെ ഫലം അവരെ നടുക്കി.  രണ്ട് നിയമസഭകളിലേക്കും മൂന്ന് ലോക്‌സഭാ സീറ്റുകളിലേക്കും നടന്ന തെരഞ്ഞെടുപ്പിൽ ബെല്ലാരിയടക്കം നാല് സീറ്റുകളിലും ജനതാദൾ-കോൺഗ്രസ് സഖ്യം ബി.ജെ.പിയെ തൂത്തെറിഞ്ഞു. ഈ തെക്കൻ കാറ്റ് ഡിസംബറിൽ ഫലം പുറത്തു വരുന്ന അഞ്ചു നിയമസഭകളേയും ബാധിക്കുമെന്ന ഭീതിയിലാണിപ്പോൾ മോഡിയും സംഘ് പരിവാറും. 


കേരള രാഷ്ട്രീയം എന്തും സംഭവിക്കാവുന്ന സന്ദിഗ്ധാവസ്ഥയിലേക്കും ദേശീയ രാഷ്ട്രീയം നിർണായകമായ ഒരു വഴിത്തിരിവിലേക്കും നീങ്ങുകയാണെന്നാണ് ഇവയെല്ലാം സൂചിപ്പിക്കുന്നത്.  ശബരിമലയിൽ മണ്ഡല പൂജ ആരംഭിക്കാൻ ഒരാഴ്ചയേ ബാക്കിയുള്ളൂ. ഇത്തവണ വൃശ്ചികം ഒന്ന് അഥവാ നവംബർ 17 കേരളത്തെ സംബന്ധിച്ചിടത്തോളം ചരിത്രത്തിലെ ഒരു വിധി നിർണായക ദിവസമാണ്. ഗ്രാമഗ്രാമാന്തരങ്ങളിലും നഗര വീഥികളിലും വാഹനങ്ങളിലും ഒരുപോലെ മുഴങ്ങിയിരുന്ന സ്വാമിയേ ശരണമയ്യപ്പാ വിളികൾ ഇതുവരെ ശാന്തി ശരണ മന്ത്രമായിരുന്നു. അത് അശാന്തിയുടെയും ഭയപ്പാടിന്റെയും സംഘർഷത്തിന്റെയും രാഷ്ട്രീയ മന്ത്രവും കാര്യപരിപാടിയുമായി മാറാൻ പോകുന്നു. ആ തിരിച്ചറിവിന്റെ മുമ്പിലാണ് രാഷ്ട്രീയ പക്ഷപാതികളല്ലാത്ത കേരള സമൂഹം ഇപ്പോൾ.  ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ളയുടെ പ്രസംഗം അതാണ് ബോധ്യപ്പെടുത്തുന്നത്. 
ശബരിമല ഒരു വലിയ സമസ്യയാണെന്നും അത് പൂരിപ്പിക്കുന്ന ബി.ജെ.പിയുടെ അജണ്ടയാണ് തന്റെ പ്രസംഗത്തിന്റെ ഉള്ളടക്കമെന്നുമാണ് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് സ്ഥിരീകരിച്ചത്.  ഹിന്ദു വികാരത്തിന്റെയും അയ്യപ്പ വിശ്വാസത്തിന്റെയും പേരിൽ കേരളത്തിൽ 60 കളിൽ ജനസംഘം ആവിഷ്‌കരിച്ചതു പോലെ, പിന്നീട് അയോധ്യയിൽ ബി.ജെ.പി നടപ്പാക്കിയതു പോലെ - ഒരു രാഷ്ട്രീയ പരിപാടിയാണ് ശബരിമല വിശ്വാസികളുടെ പേരിൽ ആവിഷ്‌കരിച്ചിട്ടുള്ളത് എന്നാണ് അതിന്റെ രത്‌നച്ചുരുക്കം. 
നാലു ലക്ഷത്തോളം തീർത്ഥാടകർ ഓൺലൈൻ വഴി ശബരിമല തീർത്ഥാടനത്തിന് ഇതിനകം ഔദ്യോഗികമായി രജിസ്റ്റർ ചെയ്തുകഴിഞ്ഞു.  അതിൽ അഞ്ഞൂറിൽപരം യുവതികൾ അമ്പതു വയസിൽ താഴെ വരുന്നവരാണ്. ഇവരെ ഒരു നിലയ്ക്കും സന്നിധാനത്തിലെത്തിക്കില്ലെന്ന സംഘ്പരിവാർ രാഷ്ട്രീയ പരിപാടി ഒരു വശത്ത്. പോരാ, അവർക്ക് തുല്യമായ ആരാധനാവകാശം നൽകണമെന്ന് സുപ്രീം കോടതി ഭരണഘടനാ ബെഞ്ച്. ആ വിധി നടപ്പാക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശം. നടപ്പാക്കുമെന്ന് മുഖ്യമന്ത്രിയുടെ ആവർത്തിച്ചുള്ള പ്രഖ്യാപനം. അത് തടഞ്ഞ് അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകാൻ ആർ.എസ്.എസ് നേതൃത്വത്തിൽ ബി.ജെ.പി മുന്നോട്ടു വെക്കുന്ന പരിപാടി.  
ഇത് ശബരിമലയെ, കേരളത്തിലെ നിയമ വാഴ്ചയെ, ക്രമസമാധാനത്തെ എവിടേക്കാണ് നയിക്കുക. ഇത് കേവലം ഒരു ദിവസത്തിന്റെ സമസ്യയല്ല.  മണ്ഡല-മകര പൂജക്കാലം മുഴുവൻ സമാധാനപരമായി നടക്കേണ്ട കാര്യമാണ്.  അതും വിവിധ സംസ്ഥാനങ്ങളിൽനിന്നടക്കം വന്നെത്തുന്ന രണ്ടു കോടിയിൽപരം തീർത്ഥാടകരുടെ സുരക്ഷിതത്വവുമായി ബന്ധപ്പെട്ട വിഷയം കൂടിയാണ്. 
അങ്ങനെ വരുമ്പോൾ അത്യന്തം ഉൽക്കണ്ഠാകുലമാണ് സ്ഥിതി. ആർ.എസ്.എസിന്റെ നിയന്ത്രണമാണോ പോലീസിന്റെ നിയന്ത്രണമാണോ ശബരിമലയിലെന്ന ഒരു പരീക്ഷണത്തിലേക്ക് കടന്നാൽ ഫലം എന്തായിരിക്കും. ചിത്തിര ആട്ടപൂജ നടന്ന കഴിഞ്ഞ ദിവസം തന്നെ സന്നിധാനത്ത് പോലീസിന്റെ നിയന്ത്രണം നഷ്ടമായി.  ആർ.എസ്.എസ് പതിനെട്ടാം പടിയടക്കം കയ്യടക്കി. അവർ കാട്ടിക്കൂട്ടിയത് വരും ദിവസങ്ങളിലേക്കുള്ള അപായത്തിന്റെ ചൂണ്ടുപലകയാണ്.  
ഇത് രാഷ്ട്രീയമായി മൂർഛിപ്പിക്കാൻ വടക്കുനിന്ന് രഥയാത്ര വരെ തുടങ്ങിക്കഴിഞ്ഞു. വിശ്വാസം സംരക്ഷിക്കാനും  വർഗീയതയെ ചെറുക്കാനും എന്ന പേരിൽ കെ.പി.സി.സിയും   ജനകീയ മാർച്ചുകൾ നടത്തുന്നുണ്ട്.   പതിമൂന്നാം തീയതി സുപ്രീം കോടതി ശബരിമല സംബന്ധിച്ച ഹരജികൾ എടുക്കുമെന്നതു നേരാണ്. അയോധ്യയിലെ തർക്കഭൂമി പ്രശ്‌നം സുപ്രീം കോടതി മുമ്പ് കൈകാര്യം ചെയ്തതും സംഘ് പരിവാർ അവരുടെ പദ്ധതി കൃത്യമായി നടപ്പാക്കിയതും ചരിത്രത്തിന്റെ ഭാഗമാണ്. 
ശബരിമല സമസ്യയെ സമാധാനപരമായി പൂരിപ്പിക്കുകയെന്ന യഥാർത്ഥ പരിഹാര മാർഗത്തിലേക്കല്ല ഈ അവസ്ഥ കേരളത്തെ കൊണ്ടുചെന്ന് എത്തിക്കുക. ഇത് തിരിച്ചറിയുന്ന, ഇതിന് അടിയന്തര പരിഹാരം കാണാൻ വ്യഗ്രതയുള്ള ആരാണ് ഉള്ളതെന്നാണ് ഇപ്പോൾ ജനങ്ങൾക്കു വ്യക്തതയില്ലാത്തത്. ഈ കനത്ത ഇരുട്ടിൽനിന്ന്  വെളിച്ചത്തിന്റെ ഒരു നാളവും പുതിയ വഴിയുമാണ് കേരളം അടിയന്തരമായി ഇപ്പോൾ ആവശ്യപ്പെടുന്നത്.
          ശ്രീരാ മവിഗ്രഹത്തിലും വിശ്വാസത്തിലും കേന്ദ്രീകരിച്ചുള്ള ഒരു രാഷ്ട്രീയ തെരഞ്ഞെടുപ്പു വഴി ദേശീയ തലത്തിലും സംഘ് പരിവാർ ആവിഷ്‌കരിച്ചു കഴിഞ്ഞു. തർക്കഭൂമി നിലനിന്ന അയോധ്യ ഉൾപ്പെട്ട ഫൈസാബാദ് ജില്ലയുടെ പേര് അയോധ്യ എന്നു പ്രഖ്യാപിച്ചു.  ദീപാവലി ദിനത്തിൽ അയോധ്യ സന്ദർശിച്ച യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്  അയോധ്യയിൽ ദശരഥന്റെ പേരിൽ ഒരു ആശുപത്രിയും ശ്രീരാമന്റെ പേരിൽ വിമാനത്താവളവും നിർമിക്കുമെന്നു പ്രഖ്യാപിച്ചു. ഒട്ടേറെ മറ്റു വികസന പദ്ധതികളും. മോഡിയുടെ പട്ടേൽ പ്രതിമയുടെ മാതൃകയിൽ 150 മീറ്റർ ഉയരമുള്ള ഒരു ശ്രീരാമ പ്രതിമ കൂടി നിർമിക്കാനുള്ള പദ്ധതി ആസൂത്രണം ചെയ്യുന്നു എന്നും വാർത്തയുണ്ട്.  
ഇതെല്ലാം രാമക്ഷേത്രത്തിനു വേണ്ടിയുള്ള സംഘ് പരിവാറിന്റെ ദീർഘകാല സമരത്തെ ഒരിക്കൽ കൂടി സജീവമാക്കാനാണ്.  അതിന്റെ ഫലം ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കു ലഭിക്കാനും. കാലാവധി കഴിയാറായിട്ടും രാമക്ഷേത്രം എവിടെയെന്ന ചോദ്യത്തിന് പ്രധാനമന്ത്രി മോഡിക്ക് മറുപടിയില്ലാത്ത സാഹചര്യത്തിൽ. 
അയോധ്യയിലെ തർക്ക ഭൂമിയുമായി ബന്ധപ്പെട്ടുള്ള കേസ് സുപ്രീം കോടതി ബി.ജെ.പിക്കു വേണ്ട തെരഞ്ഞെടുപ്പ് അജണ്ടയായി വിട്ടുകൊടുത്തില്ല.  അപ്പോഴാണ്  ഒരിക്കൽ കൂടി ഹിന്ദു സന്ന്യാസിമാർ രാമക്ഷേത്ര നിർമിതിക്ക് നിയമ നിർമാണം ആവശ്യപ്പെട്ട് രംഗത്തു വന്നത്.  അഞ്ചു സംസ്ഥാനങ്ങളിൽ നടക്കുന്ന തെരഞ്ഞെടുപ്പുകളെ ഇതു കൂടി ബാധിക്കാതിരിക്കാനാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അയോധ്യാ ദൗത്യം. 
രാമക്ഷേത്രവുമായി ബന്ധപ്പെട്ട സംഘ് പരിവാറിന്റെ ഉത്തരേന്ത്യൻ വിശ്വാസ ചക്രവാളവുമായി ദക്ഷിണേന്ത്യയെ കൂടി ബന്ധിപ്പിക്കുന്ന ഒരു വിശ്വാസത്തിന്റെ പാലമാണ് ശബരിമലയിൽനിന്ന് ബി.ജെ.പിയുടെ മുൻകൈയിൽ സംഘ് പരിവാർ രൂപപ്പെടുത്തുന്നത്. അതിന്റെ രാഷ്ട്രീയ ബ്ലൂ പ്രിന്റാണ് ശ്രീധരൻ പിള്ള പറഞ്ഞ ബി.ജെ.പി അജണ്ട. 
തന്ത്രി സമൂഹം ഉൾപ്പെടെ ക്ഷേത്ര സംരക്ഷണ സമിതിയുമായി ബന്ധപ്പെട്ട് ഇതിനകം വിവിധ തട്ടുകളിൽ അവർ രൂപീകരിച്ച സവർണ സംഘടനകൾ, അയ്യപ്പ സേവാസംഘങ്ങൾ ഇവയുടെയൊക്കെ നേതൃത്വത്തെ സംഘ് പരിവാർ നയിക്കുന്ന ഉത്തരേന്ത്യയിലെ സന്ന്യാസി മണ്ഡലങ്ങളുമായി ബന്ധിപ്പിക്കുക. അവരെ കേരളത്തിലേക്ക് സമരത്തിനു നേതൃത്വം നൽകാൻ കൊണ്ടുവരിക.  അങ്ങനെ ശബരിമല സംരക്ഷണ സമരത്തെ ദേശവ്യാപക പ്രസ്ഥാനമാക്കുക.  എന്നാൽ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പാലിക്കാനാകാതെയും നടപ്പാക്കിയ പരിപാടികളും ഭരണ നടപടികളും തിരിച്ചടിക്കുകയും ചെയ്ത സംഘടനാപരവും രാഷ്ട്രീയവുമായ പ്രതിസന്ധിയെയാണ് പ്രധാനമന്ത്രി മോഡി നേരിടുന്നത്.  രാഷ്ട്രീയമായി ബി.ജെ.പി ഉത്തരേന്ത്യയിലാകെ പിന്നോട്ടടിക്കുകയും ആഭ്യന്തര കുഴപ്പങ്ങളിൽ പെട്ടിരിക്കയുമാണ്. കൃഷിക്കാരും തൊഴിലാളികളും തൊഴിൽ രഹിതരും ദളിതരും പിന്നോക്കക്കാരും ഒരുപോലെ ഗവണ്മെന്റിന്റെ നയങ്ങൾക്കെതിരെ സമര മുഖത്താണ്. 
നോട്ട് റദ്ദാക്കിയ നടപടി രാജ്യത്തിന്റെ സാമ്പത്തിക നില ആകെ തകർത്തു. സി.ബി.ഐയും റിസർവ് ബാങ്ക് പോലും സർക്കാർ നയങ്ങളോട് ശക്തമായി വിയോജിച്ചത് സ്ഥിതിഗതികൾ ഗുരുതരമാക്കി. ഡിസംബറിലെ തെരഞ്ഞെടുപ്പു ഫലം അഞ്ചു സംസ്ഥാനങ്ങളിലും ബി.ജെ.പിക്ക് വൻ തിരിച്ചടിയാകുമെന്ന ആശങ്കയിലാണ് എൻ.ഡി.എ ഘടക കക്ഷികളും.   
ഈ സാഹചര്യം രാഷ്ട്രീയമായി പരമാവധി മുതലെടുക്കാനുള്ള നീക്കം പ്രതിപക്ഷത്തു ശക്തിപ്പെട്ടു. ചന്ദ്രബാബു നായിഡു രാഹുൽ ഗാന്ധിയെ കണ്ടതും കർണാടകയിലെ ഉപതെരഞ്ഞെടുപ്പു വിജയത്തിനു പിറകെ ബംഗളൂരുവിലെത്തി ദേവഗൗഡയുമായി ചർച്ച ചെയ്തതും മറ്റും ഇതിന്റെ ഭാഗമാണ്. പ്രതിപക്ഷ വോട്ടുകൾ ബി.ജെ.പിക്കെതിരെ ഏകോപിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. 
വീണ്ടും കേരളത്തിലേക്കു തിരിച്ചെത്തുമ്പോൾ വിശദീകരിക്കാനുള്ള പുതിയ വിഷയം അഴീക്കോട് മണ്ഡലത്തിലെ തെരഞ്ഞെടുപ്പു റദ്ദാക്കിയ ഹൈക്കോടതി വിധിയാണ്. സി.എം.പി നേതാവ് എം.വി. രാഘവന്റെ മകനും മാധ്യമ പ്രവർത്തകനുമായ എം.വി. നികേഷ് കുമാർ കൊടുത്ത തെരഞ്ഞെടുപ്പു വിധിയിലാണ് മുസ്ലിം ലീഗ് എം.എൽ.എ കെ.എം. ഷാജിയുടെ വിജയം റദ്ദാക്കിയത്. സാമുദായിക വർഗീയത പ്രചരിപ്പിച്ചതിന് ഷാജിയെ ആറു വർഷത്തേക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്ന് കോടതി അയോഗ്യനാക്കിയിട്ടുമുണ്ട്.  
എന്നാൽ തന്നെ തെരഞ്ഞെടുത്തതായി പ്രഖ്യാപിക്കണമെന്ന നികേഷ് കുമാറിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല.  അഴീക്കോട് ഉപതെരഞ്ഞെടുപ്പു നടത്താൻ തെരഞ്ഞെടുപ്പു കമ്മീഷന് നിർദ്ദേശം നൽകുകയാണുണ്ടായത്. അര ലക്ഷം രൂപ നികേഷിന് കോടതിച്ചെലവായി ഷാജി കെട്ടിവെക്കണം.  
ഷാജിയെ അയോഗ്യനാക്കിയെങ്കിലും നികേഷിനെ വിജയിയായി  പ്രഖ്യാപിച്ചില്ലെന്നത് തൽക്കാലം കേസ് സമനിലയിൽ നിർത്തുകയാണ്.    ഷാജി ഹൈക്കോടതിയിൽനിന്ന് സ്റ്റേ വാങ്ങിയതോടെ അഴീക്കോട്ട് ഉപതെരഞ്ഞെടുപ്പിനുള്ള അവസരവും ഇല്ലാതായി. സുപ്രീം കോടതിയിൽ അപ്പീലിൽ ഇനി തീരുമാനം വരണം. നിയമസഭയുടെ കാലാവധി തീരും വരെ അത് വരാൻ സാധ്യത കുറവാണ്.  
ബന്ധു നിയമന വിവാദത്തിൽ മുഖ്യമന്ത്രിയുടെ അടുപ്പക്കാരനായ കെ.ടി ജലീൽ കുരുങ്ങിയതാണ് എൽ.ഡി.എഫ്  നേരിടുന്ന പുതിയ രാഷ്ട്രീയ പ്രശ്‌നം.  മുസ്ലിം ലീഗും കോൺഗ്രസും കരിങ്കൊടിയുമായി ജലീലിനു നേരെ തെരുവിലിറങ്ങിയത് തലവേദനയാണ്. ഇ.പി. ജയരാജനെ രാജിവെപ്പിച്ചതു പോലെ ജലീലിന്റെ രാജി വാങ്ങാനുള്ള സാഹചര്യമില്ലെന്നു വാദിച്ച് മുന്നോട്ടു പോകാനാണ് സാധ്യത. കത്തിനിന്ന ബ്രൂവറി - ഡിസ്റ്റിലറി അനുമതി സംബന്ധിച്ച അഴിമതി പ്രശ്‌നം ശബരിമല വിവാദത്തോടെ മുങ്ങിപ്പോയതു പോലെ  ജലീൽ വിവാദവും ആറിത്തണക്കുമെന്ന് സി.പി.എം നേതൃത്വത്തിന് ആശ്വസിക്കാം. 


 

Latest News