കോഴിക്കോട് - ഐ.എൻ.എല്ലിൽ വീണ്ടും ഗ്രൂപ്പിസം ശക്തമാവുന്നു. മാസങ്ങളായി രണ്ടു വിഭാഗമായി നടക്കുന്ന ശീതസമരം, ഇന്നലെ പരസ്യമായ ഇറങ്ങിപ്പോക്കിൽ വരെ എത്തി.
അഖിലേന്ത്യാ സെക്രട്ടറി അഹമ്മദ് ദേവർകോവിൽ ആണ് ഐ.എൻ.എൽ കോഴിക്കോട് ജില്ലാ കമ്മിറ്റി ഇന്നലെ സംഘടിപ്പിച്ച പ്രവർത്തക കൺവെൻഷനിൽ നിന്ന് ഇറങ്ങിപ്പോയത്. പരിപാടിയുടെ ഉദ്ഘാടകനായിരുന്നു അഹമ്മദ് ദേവർകോവിൽ.
സദസ്സിലുണ്ടായിരുന്ന ഏതാനും പ്രവർത്തകരും ഇദ്ദേഹത്തോടൊപ്പം പരിപാടിയിൽ നിന്ന് ഇറങ്ങിപ്പോയിരുന്നു. പാർട്ടി അഖിലേന്ത്യാ പ്രസിഡന്റ് വിലക്കിയ സംസ്ഥാന നേതാവ് കെ.പി ഇസ്മാഈലിനെയും മറ്റും പരിപാടിയിൽ പങ്കെടുപ്പിച്ചതിലുള്ള പ്രതിഷേധ സൂചകമായാണ് ഇസ്മാഈൽ സ്റ്റേജിലേക്ക് കയറുന്ന സമയത്ത് വേദിയിൽ കയറാതെ സദസ്സിൽ നിന്ന് ഇറങ്ങിപ്പോയത്. അഖിലേന്ത്യാ നേതൃത്വം വിലക്കിയ ഒരാളോടൊപ്പം അഖിലേന്ത്യാ സെക്രട്ടറിയായ താൻ പങ്കെടുക്കുന്നത് ശരിയല്ലെന്നാണ് ഇതിനെക്കുറിച്ച് അദ്ദേഹം ടൗൺഹാളിൽ വെച്ച് ചില പ്രവർത്തകരോട് പറഞ്ഞത്. സംസ്ഥാന പ്രസിഡന്റ് പ്രൊഫ. എ.പി അബ്ദുൽ വഹാബ് നേതൃത്വം നൽകുന്ന വിഭാഗവും അഖിലേന്ത്യാ സെക്രട്ടറി അഹമ്മദ് ദേവർകോവിൽ വിഭാഗവും തമ്മിലാണ് രണ്ടു ഗ്രൂപ്പായി തിരിഞ്ഞ് ഏറ്റുമുട്ടലിന്റെ വക്കിലെത്തിയിരിക്കുന്നത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എ.പി അബ്ദുൽ വഹാബിന്റെ സ്ഥാനാർഥിത്വം മുതൽ തുടങ്ങിയതാണ് ഐ.എൻ.എല്ലിലെ ശീതസമരം. നിയമസഭാ സ്ഥാനാർഥിത്വം നേടിയ വഹാബ് തന്നെ ഇടതു മുന്നണി ഐ.എൻ.എല്ലിന് നൽകിയ ന്യൂനപക്ഷ ധനകാര്യ വികസന കോർപറേഷൻ ചെയർമാൻ സ്ഥാനവും ആരോടും ചോദിക്കാതെ ഏറ്റെടുത്തുവെന്ന്, ദേവർകോവിലിനും സഹപ്രവർത്തകർക്കും പരാതിയുണ്ടായിരുന്നു. എന്നാൽ ഇത് വലിയ പ്രശ്‌നമാകാതെ സീനിയർ നേതാക്കളിടപെട്ട് പരിഹരിക്കുകയായിരുന്നു. പക്ഷേ പിന്നീടും സംസ്ഥാന നേതാക്കളും അഹമ്മദ് ദേവർകോവിലും തമ്മിൽ പല വിഷയത്തിലും രൂക്ഷമായ അഭിപ്രായ വ്യത്യാസവും വ്യത്യസ്തമായ കാഴ്ചപ്പാടുമായിരുന്നു. സംസ്ഥാന പ്രസിഡന്റ് എ.പി അബ്ദുൽ വഹാബിനെക്കൊണ്ട് ഗ്രൂപ്പിസം കളിപ്പിക്കുന്നത് മുൻ സംസ്ഥാന ഭാരവാഹിയായിരുന്ന കെ.പി ഇസ്മാഈലും എൻ.കെ അബ്ദുൽ അസീസുമാണെന്നാണ് ദേവർകോവിലിനെ അനുകൂലിക്കുന്നവരുടെ പരാതി. ഇതടക്കമുള്ള കാര്യങ്ങൾ അഖിലേന്ത്യാ നേതൃത്വത്തിനു മുന്നിൽ പലപ്പോഴായി എത്തിയിരുന്നു.

അതിനിടെ കഴിഞ്ഞ ഒക്‌ടോബർ 30ന് മലപ്പുറം ജില്ലയിലുണ്ടായ ചില പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലാ കമ്മിറ്റി നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ അഖിലേന്ത്യാ പ്രസിഡന്റ് പ്രൊഫ.മുഹമ്മദ് സുലൈമാൻ, കെ.പി ഇസ്മാഈലിനെ ഐ.എൻ.എല്ലിന്റെ ഒരു പരിപാടിയിലും പങ്കെടുപ്പിക്കരുതെന്നും സാലിഹ് മേടത്തിൽ എന്ന കൗൺസിലറെ ആറു മാസത്തേക്ക് സസ്‌പെന്റു ചെയ്യുന്നതായും എല്ലാ ജില്ലാ കമ്മിറ്റികളെയും അറിയിച്ചിട്ടുണ്ടായിരുന്നു. ഇതാണ് ഇപ്പോൾ ലംഘിക്കപ്പെട്ടിരിക്കുന്നത്.
അഖിലേന്ത്യാ പ്രസിഡന്റ് നൽകിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് ദേവർകോവിൽ പരിപാടിയിൽ എത്തിയതെന്നാണ് ദേവർകോവിൽ വിഭാഗം പറയുന്നത്. കെ.പി ഇസ്മാഈലിനെ പരിപാടിയിൽ പങ്കെടുപ്പിക്കില്ലെന്ന് സംസ്ഥാന പ്രസിഡന്റ് എ.പി അബ്ദുൽ വഹാബ് ഉറപ്പു തന്നതായി സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ അഖിലേന്ത്യാ പ്രസിഡന്റിനെ അറിയിച്ചിരുന്നുവത്രേ. എന്നാൽ ഇത് ലംഘിച്ച് ഇസ്മാഈലിനെ സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗം കൊണ്ടുവരികയായിരുന്നുവെന്നാണ് മറുവിഭാഗത്തിന്റെ അരോപണം. കെ.പി ഇസ്മാഈലിനെ കഴിഞ്ഞ ദിവസം നടന്ന ഐ.എൻ.എൽ ബേപ്പൂർ മണ്ഡലം കൺവെൻഷനിലും വിലക്ക് ലംഘിച്ച് മറുവിഭാഗം പങ്കെടുപ്പിച്ചിരുന്നു.
രൂപീകരിച്ച് ഇരുപത്തഞ്ച് വർഷത്തിനു ശേഷം ഐ.എൻ.എല്ലിനെ ഇടതു മുന്നണിയിലേക്കെടുക്കുവാനുള്ള നീക്കങ്ങൾ നടക്കുന്നതിനിടയിലാണ് ഐ.എൻ.എല്ലിൽ ഗ്രൂപ്പിസം മൂർഛിച്ച് പൊട്ടിത്തെറിയുടെ വക്കിലെത്തിയിരിക്കുന്നത്.