Sorry, you need to enable JavaScript to visit this website.

സൗദിവല്‍ക്കരണം വന്‍ വിജയം; തൊഴിലുടമകള്‍ക്ക് എതിരല്ലെന്നും മന്ത്രാലയം

റിയാദ് - തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം തൊഴിലുടമകള്‍ക്കും സ്വകാര്യ സ്ഥാപന ഉടമകള്‍ക്കും എതിരല്ലെന്ന് റിയാദ് തൊഴില്‍, സാമൂഹിക വികസന മന്ത്രാലയ ശാഖാ മേധാവി യൂസുഫ് അല്‍സയ്യാലി. പുതുതായി സൗദിവല്‍ക്കരണം നിലവില്‍വന്ന മേഖലകളില്‍ പരിശോധനകള്‍ നടത്തുന്നതിനുള്ള ഒരുക്കങ്ങള്‍ മുന്‍കൂട്ടി പൂര്‍ത്തിയാക്കിയിട്ടുണ്ട്. ലേബര്‍ ഓഫീസുകള്‍ക്കു കീഴിലെ തൊഴില്‍ പരിശോധകരുടെ എണ്ണം ഉയര്‍ത്തേണ്ട ആവശ്യം ഇപ്പോഴില്ല. മൊബൈല്‍ ഫോണ്‍ കടകളിലെ സൗദിവല്‍ക്കരണവും ലേഡീസ് ഷോപ്പുകളിലെ വനിതാവല്‍ക്കരണവും അടക്കം നേരത്തെ ചില മേഖലകളില്‍ നടപ്പാക്കിയ സൗദിവല്‍ക്കരണം വന്‍ വിജയമായിരുന്നു.
തൊഴിലുടമകള്‍ക്ക് മന്ത്രാലയം ആവശ്യമായ പിന്തുണ നല്‍കുന്നുണ്ട്. തൊഴിലുടമകളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും മന്ത്രാലയം ആഗ്രഹിക്കുന്നു. തൊഴിലുടമകള്‍ക്കും സ്ഥാപന ഉടമകള്‍ക്കുമൊപ്പമാണ് മന്ത്രാലയം നിലയുറപ്പിക്കുന്നത്. സൗദിവല്‍ക്കരണ ശ്രമങ്ങളില്‍ തങ്ങളുടെ വലംകൈയായാണ് തൊഴിലുടമകളെ മന്ത്രാലയം കാണുന്നത്. വാണിജ്യ മേഖലയില്‍ അനിശ്ചിതത്വമുണ്ടാക്കുന്നതിന് മന്ത്രാലയം ആഗ്രഹിക്കുന്നില്ല.
സൗദിവല്‍ക്കരണം നടപ്പാക്കുന്നതിന് ഉദ്ദേശിക്കുന്ന മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ കണക്കെടുപ്പ് നടത്തിയിട്ടുണ്ട്. സൗദിവല്‍ക്കരണം നടപ്പാക്കേണ്ടതിനെ കുറിച്ച് സ്ഥാപന ഉടമകളെ ബോധവല്‍ക്കരിക്കുന്നതിന് കാമ്പയിനുകളും നടത്തി. തൊഴില്‍ വിപണിയുടെയും പ്രവര്‍ത്തന മേഖലകളുടെയും ആവശ്യങ്ങള്‍ക്ക് അനുസൃതമായി വ്യത്യസ്ത അനുപാതത്തില്‍ മുഴുവന്‍ തൊഴില്‍ മേഖലകളും 2030 ഓടെ സൗദിവല്‍ക്കരിക്കുകയെന്നതാണ് തൊഴില്‍, സാമൂഹിക വികസന മന്ത്രാലയത്തിന്റെ തന്ത്രപ്രധാന ലക്ഷ്യമെന്നും യൂസുഫ് അല്‍സയ്യാലി പറഞ്ഞു.

Latest News