ജിദ്ദ- നാല്‍പതിലേറെ വര്‍ഷം നീണ്ട പ്രവാസത്തിലെ കയ്പും മധുരവും നിറഞ്ഞ ഓര്‍മകള്‍ ബാക്കിയാക്കി ജിദ്ദയിലെ മത, സാമൂഹിക, ജീവകാരുണ്യ മേഖലകളിലെ നിറസാന്നിധ്യം ഇല്ലിക്കല്‍ കുഞ്ഞുഹാജി ചുങ്കത്തറ നാട്ടിലേക്ക് മടങ്ങുന്നു.
മമ്പാട് എം.ഇ.എസ് കോളേജില്‍ പ്രീഡിഗ്രി പൂര്‍ത്തിയായതിന് ശേഷം 1977 ല്‍ കപ്പല്‍ മാര്‍ഗം ഇല്ലിക്കല്‍ കുഞ്ഞു ഹജിനെത്തുമ്പോള്‍ ചുങ്കത്തറ, എടക്കര മേഖലയില്‍നിന്ന് സൗദിയില്‍ പ്രവാസികളായി ആരെങ്കിലുമുണ്ടോയെന്ന് തന്നെ സംശയം. ഹജിന് ശേഷം ഒരു വര്‍ഷത്തോളം വിശുദ്ധ ഹറമിന് ചാരത്ത് ജോലി ചെയ്തു. പിന്നീട് ജിദ്ദ ബനീ മാലിക്കിലേക്ക് നീങ്ങി രണ്ട് വര്‍ഷം ഒരു കമ്പനിയിലെ ജോലിക്കാരനായി. മെച്ചപ്പെടില്ലെന്ന് കണ്ട് ജിസാനില്‍ ബഖാല നടത്തിപ്പിലേക്ക് ഒരു ചുവടുമാറ്റം. ഒന്നര കൊല്ലം കൊണ്ട് കച്ചവട തന്ത്രങ്ങള്‍ വശത്താക്കി 1985 ല്‍ ജിദ്ദ ഹറാജ് സവാരീഖ് സൂഖിലെത്തി. ഇതോടെയാണ് മുഴുസമയ വ്യാപാരിയായി മാറുന്നത്. ആദ്യം ഇവിടെ തുടങ്ങിയ ബ്രോസ്റ്റ് കട പിന്നീട് സവാരീഖ് സൂഖില്‍ സ്വദേശികള്‍ക്കും വിദേശികള്‍ക്കുമിടയില്‍ ഏറെ സുപരിചിതമായ മദീന ഹോട്ടലായി വികസിച്ചു. ഇവിടെ തന്നെ സൗദി ഷോപ്പിംഗ് സെന്റര്‍ എന്ന പേരില്‍ ഒരു സൂപ്പര്‍ മാര്‍ക്കറ്റ്, മന്തി ഹോട്ടല്‍, ബൂഫിയ എന്നീ സ്ഥാപനങ്ങളും നടത്തി. സ്വദേശിവല്‍ക്കരണ നിയമം പ്രാബല്യത്തില്‍ വന്നതോടെ പതിയെപ്പതിയെ സ്ഥാപനങ്ങളുടെ നടത്തിപ്പില്‍നിന്ന് പി•ാറാന്‍ തുടങ്ങിയെന്ന് കുഞ്ഞു ഹാജി പറഞ്ഞു. 2012-13 ല്‍ ആരംഭിച്ച പിന്‍വലിയല്‍ 2018 ഓടെ പൂര്‍ണമായി.
ഓര്‍മയില്‍ സൂക്ഷിക്കാനേറെ ബാക്കിവെച്ചാണ് താന്‍ പ്രവാസം അവസാനിപ്പിക്കുന്നതെന്ന് കുഞ്ഞുഹാജി പറഞ്ഞു. മുസ്‌ലിം ലീഗ് പ്രവര്‍ത്തകരുടെ സൗദിയിലെ ആദ്യകാല കൂട്ടായ്മയായ ചന്ദ്രിക റീഡേഴ്‌സ് ഫോറത്തില്‍ സജീവമായാണ് സാമൂഹ്യ സേവന രംഗത്തേക്ക് കടന്നുവരുന്നത്. 1978 ല്‍ മുസ്‌ലിം ലീഗ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സി.എച്ച്. മുഹമ്മദ് കോയ, സീതി ഹാജി എന്നിവര്‍ മക്കയില്‍ വരുമ്പോള്‍ ആവശ്യമായ സഹായ സഹകരണങ്ങള്‍ ചെയ്യാന്‍ സാധിച്ചത് ഇന്നലെ കഴിഞ്ഞ പോലെ കുഞ്ഞു ഹാജി ഓര്‍ക്കുന്നു. അവശനായിരുന്നു സി.എച്ച് അന്ന്, എങ്കിലും ജിദ്ദയില്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകരോട് അദ്ദേഹം ഒസ്യത്ത് എന്നോണം നടത്തിയ പ്രസംഗം ഇന്നും മനസ്സില്‍ മായാതെ കിടക്കുന്നുവെന്നും അദ്ദേഹം പറയുന്നു. കെ.എം.സി.സി രൂപീകരിച്ചത് പ്രവര്‍ത്തന രംഗത്തുള്ള കുഞ്ഞുഹാജി നിലമ്പൂര്‍ നിയോജക മണ്ഡലം കെ.എം.സി.സി ട്രഷററായും കുറച്ചുകാലം സേവനം അനുഷ്ഠിച്ചു. പിതാവ് ഇല്ലിക്കല്‍ മൊയ്തീന്‍കുട്ടി ഹാജിക്ക് സയ്യിദ് പൂക്കോയ തങ്ങളുമായി ഉണ്ടായിരുന്ന ഉറ്റ ബന്ധം ഇന്നും പാണക്കാട് കുടുംബവുമായി നിലനിര്‍ത്തിപ്പോരുന്നു. ഇ. അഹമ്മദ് പല തവണ വീട്ടിലെത്തിയതും ഒരിക്കല്‍ അന്തിയുറങ്ങിയതും കുഞ്ഞുഹാജി അനുസ്മരിച്ചു. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, കൊരമ്പയില്‍ അഹമ്മദ് ഹാജി, ചെര്‍ക്കളം അബ്ദുല്ല തുടങ്ങി മുസ്‌ലിം ലീഗിന്റെ മണ്‍മറഞ്ഞ അനേകം നേതാക്കള്‍ പലപ്പോഴായി വീട്ടില്‍ സന്ദര്‍ശിച്ചിട്ടുണ്ട്. സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, പി.കെ കുഞ്ഞാലിക്കുട്ടി എം.പി, കെ.പി.എ. മജീദ്, കെ.എന്‍.എ. ഖാദര്‍, പി.വി. അബ്ദുല്‍ വഹാബ് എം.പി തുടങ്ങിയ നേതാക്ക•ാരുമായും നല്ല അടുപ്പമുണ്ടെന്ന് കുഞ്ഞുഹാജി പറയുന്നു. നാട്ടിലും പരിസര പ്രദേശങ്ങളിലുമുള്ള മതസ്ഥാപനങ്ങളെ അകമഴിഞ്ഞ് സഹായിച്ച കുഞ്ഞു ഹാജി കിഴക്കന്‍ ഏറനാട്ടിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ എടക്കര മുസ്‌ലിം ഓര്‍ഫനേജിന്റെ ഭാരവാഹിയാണ്. 1996 ല്‍ യതീംഖാന ജിദ്ദ കമ്മിറ്റി രൂപീകരിച്ചത് മുതല്‍ പ്രസിഡന്റ് പദവിയും അലങ്കരിച്ചുവരുന്നു. എടക്കര ടൗണിന്റെ ഹൃദയഭാഗത്ത് യതീംഖാനക്ക് ഒരു ഷോപ്പിംഗ് കോംപ്ലക്‌സ് സ്ഥാപിക്കുന്നതിന് ജിദ്ദ കമ്മിറ്റിക്ക് നേതൃത്വം നല്‍കിയതില്‍ ഏറെ ചാരിതാര്‍ഥ്യമുണ്ടെന്നും കുഞ്ഞു ഹാജി പറയുന്നു. പിതാവും മാതാവ് ഇത്തീമ ഹജുമ്മയും ജീവിച്ചിരിപ്പില്ല. മൂന്ന് പെണ്ണും രണ്ട് ആണും ഉള്‍പ്പെടെ അഞ്ച് മക്കളുണ്ട്. ഹസീന, ഷമീമ, ദീന എന്നീ പെണ്‍മക്കളെ യഥാക്രമം വാണിയമ്പലം പാപ്പറ്റ മൊയ്തീന്‍ ഹാജിയുടെ മകന്‍ നിസാമുദ്ദീന്‍, പെരിന്തല്‍മണ്ണ അല്‍ശിഫ ഹോസ്പിറ്റല്‍ പാര്‍ട്ണറും ഫിനാന്‍ഷ്യല്‍ ഡയരക്ടറുമായ അബ്ദുറസാഖിന്റെ മകന്‍ നഹാസ്, എടത്തനാട്ടുകര മന്‍സില്‍ കണ്‍സ്ട്രക്ഷന്‍ കമ്പനി ഉടമ ബക്കറിന്റെ മകന്‍ എന്‍ജി.അബൂതാഹിര്‍ എന്നിവരാണ് വിവാഹം ചെയ്തത്. അബ്ദുറബ്ബ് എം.എല്‍.എയുടെ ഭാര്യാസഹോദരന്റെ മകള്‍ ബിനിയാണ് മകന്‍ ഫിറോസ് ബാബുവിന്റെ ഭാര്യ. വരുംനാളുകളില്‍ നാട്ടില്‍ സാമൂഹിക സേവനത്തില്‍ മുഴുകണമെന്ന് ചിന്തയിലാണെന്ന് താനെന്ന് കുഞ്ഞു ഹാജി പറഞ്ഞു.