നോട്ടു നിരോധത്തിന്റെ വാർഷിക വേള നരേന്ദ്ര മോഡിയുടെ അബദ്ധ പരിഷ്‌കാരങ്ങളെയും വായാടിത്തത്തിലൊതുങ്ങുന്ന വികസനത്തെയും വീണ്ടും ശ്രദ്ധയിലേക്ക് കൊണ്ടുവരുന്നു. വർഗീയതയും വിഭാഗീയതയും വളർത്തി, രാജ്യത്തെ ധ്രുവീകരിക്കുന്നതിലൂടെ രാഷ്ട്രീയ നേട്ടം കൊയ്യാമെന്നതു മാത്രമാണ് ബി.ജെ.പിയുടെ ആത്യന്തിക ലക്ഷ്യമെന്നും രാഷ്ട്രത്തെ ആധുനികതയിലേക്ക് നയിക്കാൻ അവർ അശക്തരാണെന്നുമുള്ള സത്യം വെളിപ്പെട്ടു കഴിഞ്ഞു. മോഡി സർക്കാറിനെ പോസ്റ്റ്‌മോർട്ടം ചെയ്യാൻ ഏറ്റവും ശക്തമായ ആയുധം നോട്ടുനിരോധം തന്നെയാണ്.
മലപ്പുറം കത്തി മുതൽ അമ്പും വില്ലും വരെയുള്ള മാരകായുധങ്ങളുമായെത്തിയ പവനായി ഒരു ശവമായി കിടക്കുന്നത് കണ്ട് ഏറെ ചിരിച്ചവരാണ് മലയാളികൾ. അകക്കാമ്പില്ലാത്ത അവകാശവാദങ്ങളുടെ ശവക്കല്ലറയിൽ മറ്റൊരു പവനായിയെ കണ്ട് ഇന്ത്യക്കാരെല്ലാവരും ഇപ്പോൾ ചിരിക്കുന്നുണ്ട്. ഡിജിറ്റൽ ഇന്ത്യ മുതൽ മേക്ക് ഇൻ ഇന്ത്യ വരെയുള്ള സകലമാന ഉഡായിപ്പുകൾക്കും മേൽ എന്നിട്ടും അടയിരിക്കുന്നു അവർ.
പറഞ്ഞുവന്നത് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ചരിത്ര പ്രധാനമായ നവംബർ എട്ട് പ്രസംഗത്തെക്കുറിച്ചാണ്. നിലവിലെ 1000 രൂപ, 500 രൂപ നോട്ടുകൾ പിൻവലിച്ചും സാമ്പത്തിക നിയന്ത്രണങ്ങളേർപ്പെടുത്തിയുമുള്ള അവിചാരിത പ്രഖ്യാപനത്തിന്റെ വാർഷിക വേളയാണിത്. ഇന്ത്യൻ സമ്പദ്‌രംഗം ശുദ്ധീകരിക്കുമെന്നും കള്ളപ്പണം തിരിച്ചുപിടിക്കുമെന്നുമൊക്കെ വീരവാദം മുഴക്കിയ പ്രധാനമന്ത്രി ഇന്ന് ഒരുപക്ഷേ ഓർക്കാൻ പോലും ഇഷ്ടപ്പെടാത്ത അധ്യായമായി അത് മാറിക്കഴിഞ്ഞു.
യാഗാശ്വം പോലെ മുന്നേറിയ നരേന്ദ്ര മോഡിക്ക് ആദ്യമായി ബ്രേക്കിട്ടത് നോട്ട് നിരോധമായിരുന്നു. അബദ്ധങ്ങളുടെ ഘോഷയാത്രയുടെ തുടക്കം. മോഡി എന്ന വിഗ്രഹം വീണുടയുന്നതിന്റെ സമാരംഭം.
കേന്ദ്ര മന്ത്രിസഭയിലെ പ്രമുഖർ പോലും അറിയാതെ മോഡിയും അമിത് ഷായും അരുൺ ജെയ്റ്റ്‌ലിയും കൂടിച്ചേർന്ന് നടപ്പാക്കിയ ഇരുട്ടടി. രാജ്യത്തെ സാധാരണക്കാരുടെ ജീവിതത്തെ ഇത്രയേറെ അസഹ്യമാക്കിയ മറ്റൊരു പരിഷ്‌കാരവും സമീപ വർഷങ്ങളിലുണ്ടായിട്ടില്ല. മോഡിയുടെ വാക്ചാതുര്യവും നോട്ട് നിരോധം ഉണ്ടാക്കിയ അമ്പരപ്പും ചേർന്ന് കുറച്ചുനാൾ ഇത് മഹത്തായ സംഭവമാണെന്ന് കരുതി നടന്നവർക്ക് വൈകാതെ മനസ്സിലായി അത് വലിയ ആനമണ്ടത്തരമായിരുന്നെന്ന്. ഇന്ന് സർക്കാരിന്റെ പ്രവർത്തനങ്ങളെ വിലയിരുത്തുന്നവർക്ക് ഓർത്തോർത്ത് ചിരിക്കാൻ വക നൽകുന്നതാണ് മോഡിയുടെ ഓരോ അവകാശവാദങ്ങളും.
സാമ്പത്തിക വളർച്ചയെ പിന്നോട്ടടിക്കുകയും ചെറുകിട വ്യവസായ മേഖലയെ തകർക്കുകയും ചെയ്ത നോട്ടുനിരോധം വഴിമുട്ടിച്ചത് അനേകായിരങ്ങളുടെ ജീവിതായോധനമാണ്. ഒരുവേള രാജ്യം പഴയ ബാർട്ടർ സംവിധാനത്തിലേക്ക് പോകുന്നതിന്റെ കാഴ്ചകളും കണ്ടു. അധ്വാനിച്ച് സമ്പാദിച്ച പണത്തിന് വേണ്ടി ബാങ്കുകൾക്കും എടിഎമ്മുകൾക്കും മുമ്പിൽ ജനം വരിനിന്ന് മടുത്തു. ചിലരൊക്കെ അവിടെ വീണ് ജീവൻ വെടിഞ്ഞു. അപ്പോഴെല്ലാം പ്രധാനമന്ത്രി വാഗ്ദാനം ചെയ്ത നല്ല നാളേക്കായി ജനം കാത്തിരിക്കുകയായിരുന്നു, ക്ഷമയോടെ. എന്നാൽ സംഭവിച്ചതെന്താണ്.
നിശ്ചയിച്ചുവെച്ച കല്യാണം വരെ മുടങ്ങുന്ന അവസ്ഥയുണ്ടായി. നോട്ടുനിരോധത്തിന് മുമ്പ് ബി.ജെ.പിയുടെ ചില സംസ്ഥാന ഘടകങ്ങൾ വൻതോതിൽ പണം ബാങ്കുകളിൽ നിക്ഷേപിച്ചത് പരിഷ്‌കരണത്തിന് പിന്നിലെ രാഷ്ട്രീയവും വ്യക്തമാക്കി.
നോട്ടുനിരോധത്തിന്റെ മുഖ്യഫലമായി പ്രഖ്യാപിച്ച കള്ളപ്പണ വേട്ട ജലരേഖയായി മാറിയെന്ന് ഇന്ന് കൊച്ചുകുട്ടികൾക്ക് പോലും അറിയാം. നിരോധിച്ച നോട്ടുകളിൽ മുഖ്യ പങ്കും ബാങ്കുകളിൽ തിരിച്ചെത്തിയ സ്ഥിതിക്ക് സർക്കാർ പറഞ്ഞ കള്ളപ്പണ കണക്കുകൾക്ക് യാതൊരു അടിസ്ഥാനവുമില്ലായിരുന്നു എന്ന് വ്യക്തമായി. കള്ളപ്പണക്കാർ അവരുടെ അവിഹിത സമ്പാദ്യം മുഴുവനും ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകളാക്കി വീട്ടിൽ വെച്ചിരിക്കുകയാണെന്ന സർക്കാരിന്റെ സങ്കൽപമാണ് തകർന്നത്.
നോട്ട് നിരോധത്തിനെതിരെ മുന്നറിയിപ്പ് നൽകിയ അന്നത്തെ റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജന് സ്ഥാനമൊഴിയേണ്ടിവന്നു. തങ്ങളുടെ അഭീഷ്ടങ്ങൾ നടപ്പാക്കാനായി കൊണ്ടുവന്ന നിലവിലെ ഗവർണറാകട്ടെ, പുറത്തേക്കുള്ള വഴിയിലുമാണ്. ഭരണഘടനാ സ്ഥാപനങ്ങളെയും സ്റ്റാറ്റിയൂട്ടറി ബോഡികളെയും സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന വാശിയാണ് കേന്ദ്ര സർക്കാർ പുലർത്തുന്നത്. ഇതാകട്ടെ, വിനാശകരമായ നിലയിലേക്ക് നീങ്ങുകയും ചെയ്യുന്നു.
നോട്ടു നിരോധം ഏറ്റവും പ്രതികൂലമായി ബാധിച്ചത് രാജ്യത്തിന്റെ സാമ്പത്തിക നട്ടെല്ലായ കർഷകരെയാണ്. പണം പിൻവലിക്കാൻ കർശന വ്യവസ്ഥകളെത്തിയത് കർഷകരെയും ചെറുകിട നിക്ഷേപകരെയും തെല്ലൊന്നുമല്ല പ്രതിസന്ധിയിലാക്കിയത്. കാർഷിക രംഗം രൂക്ഷമായ വിലയിടിച്ചിലിന് ഇരയായി. പഞ്ചാബിലും ഹരിയാനയിലുമൊക്കെ കർഷകർ തെരുവിലിറങ്ങി. കയറ്റുമതി രംഗത്തും വലിയ സ്തംഭനാവസ്ഥയാണുണ്ടായത്. സമ്പദ്‌വ്യവസ്ഥയിൽ ഇത്രയധികം പ്രതിസന്ധിയുണ്ടാക്കിയ ഒരു സുപ്രധാന തീരുമാനം ആരുമറിയാതെയും വേണ്ടത്ര ചർച്ചകൾ കൂടാതെയും നടപ്പാക്കിയതിന് പിന്നിലെ ദുരൂഹത ഇനിയും വെളിച്ചത്തു വന്നിട്ടില്ല.
നിരോധിച്ച ആയിരം, അഞ്ഞൂറു രൂപ നോട്ടുകളുടെ മൂല്യം 15.44 ലക്ഷം കോടിയായിരുന്നെന്ന് സർക്കാർ കണക്കുകൾ തന്നെ വ്യക്തമാക്കുന്നു. ഇതിൽ 15.31 ലക്ഷം കോടി രൂപ ബാങ്കുകളിൽ തിരിച്ചെത്തിയതായും റിസർവ് ബാങ്കിന്റെ ഏറ്റവും പുതിയ കണക്കുകൾ പറയുന്നു. അതായത്, വിപണിയിൽ പ്രചാരത്തിലുണ്ടായിരുന്ന നോട്ടുകളും 99.3 ശതമാനവും തിരിച്ചെത്തി. 10,720 കോടി രൂപ മാത്രമാണ് തിരികെയെത്താതിരുന്നത്. നേപ്പാളിലും ഭൂട്ടാനിലുമൊക്കെ ഇപ്പോഴും പഴയ നോട്ടുകൾക്ക് മൂല്യമുണ്ടെന്നിരിക്കേ, അവിടെ പ്രചാരത്തിലുള്ള നോട്ടുകളുടെ മൂല്യംകൂടി കിഴിച്ചാൽ നിസ്സാര തുക മാത്രമാണ് ബാങ്കിൽ തിരികെയെത്താതിരുന്നത്. കള്ളപ്പണത്തെക്കുറിച്ചും പാക്കിസ്ഥാനിൽനിന്ന് വരുന്ന കള്ളനോട്ടിനെക്കുറിച്ചുമൊക്കെയുള്ള സർക്കാറിന്റെ കണക്കുകൾ പർവതീകരിച്ചതാണെന്ന് തെളിയിക്കുന്നതായിരുന്നു ഈ കണക്കുകൾ.
രാഷ്ട്രീയ പാർട്ടികളെയും അവരെ സഹായിക്കുന്ന ബിസിനസ് ലോബികളെയും നോട്ടുനിരോധത്തിലൂടെ പാപ്പരാക്കുകയായിരുന്നു സർക്കാരിന്റെ പ്രധാന ലക്ഷ്യം എന്ന ആരോപണം ഇതിലൂടെയാണ് ശക്തമാകുന്നത്. നോട്ടു നിരോധത്തിന് ശേഷം വന്ന തെരഞ്ഞെടുപ്പിൽ ഇത് പ്രകടമാകുകയും ചെയ്തു. സർക്കാറിനോട് അടുത്തു നിൽക്കുന്ന അംബാനി, അദാനി വ്യവസായ ഗ്രൂപ്പുകൾക്ക് പ്രധാനമന്ത്രിയുടെ പ്രസംഗത്തെക്കുറിച്ച് മുൻകൂട്ടി വിവരം ലഭിച്ചിരുന്നതായുളള റിപ്പോർട്ടുകളും പിന്നീട് പുറത്തു വരികയുണ്ടായി. ഇതെല്ലാം വ്യക്തമാക്കിയത് നോട്ടു നിരോധം ഒരു സാമ്പത്തിക പരിഷ്‌കരണ നടപടിയായിരുന്നില്ലെന്നും രാഷ്ട്രീയ നടപടിയായിരുന്നെന്നുമാണ്. അതിന് വില നൽകേണ്ടിവന്നതാകട്ടെ, രാജ്യത്തെ സാധാരണ പൗരന്മാരും.
നോട്ടു നിരോധത്തിന്റെ മറപിടിച്ച് കേരളത്തിൽ സഹകരണ മേഖലയെ തകർക്കാൻ നടത്തിയ ശ്രമം ബി.ജെ.പിയുടെ രാഷ്ട്രീയ അജണ്ടയുടെ വ്യക്തമായ സൂചനയായിരുന്നു. കേരളത്തിന്റെ ഗ്രാമീണ സാമ്പത്തിക വ്യവസ്ഥയിൽ നിർണായക പങ്കുവഹിക്കുന്ന സഹകരണ ബാങ്കുകളെ വലിയ പ്രതിസന്ധിയിൽ അകപ്പെടുത്തുന്നതിൽ ബി.ജെ.പി വിജയിച്ചു.
വളരെ പ്രയാസപ്പെട്ടാണ് ആപത്‌സന്ധിയിൽനിന്ന് കേരളം കരകയറിയത്. കേരളത്തെ തകർക്കുകയെന്ന ബി.ജെ.പി സർക്കാറിന്റെ ആത്യന്തിക ലക്ഷ്യം ഏറ്റവും ശക്തമായി വെളിപ്പെട്ട സന്ദർഭമായിരുന്നു അത്. ഇപ്പോൾ പ്രളയാനന്തര കേരളത്തിന് സഹായം തടയുന്നതിലൂടെ ഇതേ സമീപനം കേന്ദ്രം വീണ്ടും ആവർത്തിക്കുന്നുണ്ട്.
റിയൽ എസ്റ്റേറ്റ് മേഖലയടക്കം നോട്ടു നിരോധത്തിന്റെ ഫലമായി തളർന്നു. അതിന്റെ ആഘാതത്തിൽനിന്ന് പല ചെറുകിട വ്യവസായ മേഖലകളും ഇപ്പോഴും കരകയറിയിട്ടില്ല. ബാങ്കിംഗ് മേഖലക്ക് ശക്തി പകരാൻ കഴിഞ്ഞു എന്നത് മാത്രമാണ് ഇന്ന് നോട്ടു നിരോധം മൂലം കേന്ദ്രസർക്കാരിന് അവകാശപ്പെടാനാകുന്ന നേട്ടം.
അസംഖ്യം വൻകിട ബാങ്ക് തട്ടിപ്പുകളിലൂടെ, സാധാരണക്കാരന്റെ പണവുമായി വൻകിടക്കാർ അന്യരാജ്യങ്ങളിൽ സുഖമായി ജീവിക്കുന്നതാണ് ഇതിന്റെ മറുവശം.
പണമിടപാടുകൾക്ക് പൂർണമായും ബാങ്കുകളെ ആശ്രയിക്കാൻ നിർബന്ധിക്കപ്പെട്ടതിലൂടെ നികുതി പിരിവ് ഉഷാറാക്കാൻ കഴിഞ്ഞതായി കേന്ദ്രം അവകാശപ്പെടുന്നുണ്ട്.
മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ രണ്ടു ശതമാനമായിരുന്ന നികുതി പിരിവ് 2.3 ശതമാനമായി വർധിച്ചത്രേ. എന്നാൽ നോട്ടു നിരോധമുണ്ടാക്കിയ നാശനഷ്ടവുമായി താരതമ്യപ്പെടുത്തുമ്പോൾ ഇതൊരു വലിയ നേട്ടമല്ല എന്നതാണ് വസ്തുത.
മേക്ക് ഇൻ ഇന്ത്യ പദ്ധതി പോലെയുള്ള ആകർഷക പ്രഖ്യാപനങ്ങൾ നടത്തിയ ശേഷം റഫാൽ ഇടപാടിൽ പൊതുമേഖലാ സ്ഥാപനത്തെ ഒഴിവാക്കി സ്വകാര്യ കമ്പനികളെ കൂട്ടുപിടിച്ച നടപടിയടക്കം കേന്ദ്ര സർക്കാറിന്റെയും പ്രധാനമന്ത്രിയുടെയും സാമ്പത്തിക വികസന നടപടികൾ ഏതാണ്ട് പൂർണമായും സംശയത്തിന്റെ നിഴലിലാണ്. ഏകാധിപത്യ പ്രവണത നടമാടുന്ന പരിഷ്‌കരണങ്ങളാണ് മോഡിയുടേത്. നോട്ടു നിരോധം നമ്മുടെ സാമ്പത്തിക വ്യവസ്ഥയിലുണ്ടാക്കിയ ആഘാതം വരാനിരിക്കുന്നതേയുള്ളൂ എന്നാണ് സാമ്പത്തിക വിദഗ്ധർ ഇപ്പോഴും ചൂണ്ടിക്കാണിക്കുന്നത്. അമ്പതു ദിവസം കൊണ്ട് എല്ലാം ശരിയാക്കുമെന്ന് വാഗ്ദാനം ചെയ്ത പ്രധാനമന്ത്രിക്കു ഒരു വർഷത്തിന് ശേഷവും പാളം തെറ്റിയോടുന്ന സാമ്പത്തിക വ്യവസ്ഥയാണ് കാണാൻ കഴിയുന്നത്. അതീവ ദുർബലമായ രൂപയും കൂടിയായപ്പോൾ സ്ഥിതി കൂടുതൽ മോശമായി. വരാനിരിക്കുന്ന സർക്കാറിന് ദുർവഹ ഭാരമേൽപിക്കാൻ മാത്രമേ മോഡിയുടെ ഈ സാമ്പത്തിക നടപടി സഹായിക്കുന്നുള്ളൂ എന്നതാണ് ചുരുക്കം.