അബുദാബി- കോടതി രേഖകള്‍ വിവര്‍ത്തനം ചെയ്യാനുളള സമയനഷ്ടം ഇനിയില്ല. ഞായറാഴ്ച മുതല്‍ അബുദാബി കോടതി നടപടികളില്‍ ഇംഗ്ലിഷ് വിവര്‍ത്തനം നിബന്ധമാക്കി. യു.എ.ഇയിലാണ് ആദ്യമായി ഈ സേവനം ഏര്‍പ്പെടുത്തുന്നത്. സിവില്‍, കൊമേഴ്‌സ്യല്‍ കേസുകളിലാണു പുതിയ നിബന്ധന.
നേരത്തെ എല്ലാ കേസ് രേഖകളും അറബിക് ഭാഷയിലാണു സമര്‍പ്പിച്ചിരുന്നത്. ഇതു പ്രതികള്‍ സ്വന്തം ചെലവില്‍ വിവര്‍ത്തനം ചെയ്താണു കേസിനെക്കുറിച്ചു മനസ്സിലാക്കിയിരുന്നത്. കേസ് അപ്പീല്‍ കോടതിയിലേക്കും സുപ്രീം കോടതിയിലേക്കും പോകുകയും കേസ് ഫയല്‍ അന്‍പതും ആയിരവും പേജുകളുള്ളതുമാണെങ്കില്‍ പ്രതിക്ക് വിവര്‍ത്തനത്തിനു മാത്രം വന്‍ തുക ചെലവഴിക്കേണ്ടിവരുമായിരുന്നു. ഒരു പേജിന് കുറഞ്ഞത് 100 ദിര്‍ഹം ചെലവുവരുമായിരുന്നു. പുതിയ നിയമമനുസരിച്ചു കേസ് കൊടുക്കുന്നയാള്‍ തന്നെ ഇവയെല്ലാം വിവര്‍ത്തനം ചെയ്തു സമര്‍പ്പിക്കണമെന്നാണ് നിയമം.
അറബിക് സംസാരിക്കാത്ത ആളുകള്‍ക്കെതിരെയുള്ള എല്ലാ കേസ് രേഖകളും ഇംഗ്ലിഷിലേക്കു മൊഴിമാറ്റം നടത്തണമെന്നാണു നിയമം. അബുദാബി ജുഡീഷ്യല്‍ വകുപ്പിനു കീഴിലുള്ള സിവില്‍, കൊമേഴ്‌സ്യല്‍ കോടതികളിലാണ് ഇംഗ്ലിഷ് വിവര്‍ത്തനം നിര്‍ബന്ധമാക്കിയിരിക്കുന്നത്. കോടതി നടപടികള്‍ക്ക് ഇംഗ്ലിഷ് രണ്ടാം ഭാഷയായി അംഗീകരിക്കുന്ന മേഖലയിലെ ആദ്യ രാജ്യമാണ് യുഎഇ എന്ന് ചീഫ് ജസ്റ്റിസും അബുദാബി ജുഡീഷ്യല്‍ ഡിപ്പാര്‍ട്ട്‌മെന്റ് അണ്ടര്‍ സെക്രട്ടറിയുമായ യൂസഫ് അല്‍ അബ്രി പറഞ്ഞു.