അബുദാബി- അടിച്ചടിച്ചു കയറുകയാണ് യു.എ.ഇ പാസ്‌പോര്‍ട്ട്. ലോകത്തെ പ്രബലമായ പാസ്‌പോര്‍ട്ടുകളില്‍ യുഎഇ പാസ്‌പോര്‍ട്ടിന് മൂന്നാം സ്ഥാനം. ദുബായ് മീഡിയാ ഓഫിസാണ് ഇതുസംബന്ധിച്ച് ട്വീറ്റ് ചെയ്തത്. നേരത്തേ നാലാം സ്ഥാനത്തായിരുന്ന യു.എ.ഇ പാസ്‌പോര്‍ട്ട് ഒരാഴ്ചയ്ക്കകമാണ് വീണ്ടും മുന്നേറിയത്. സ്വദേശികള്‍ക്ക് മുന്‍കൂട്ടി വിസയെടുക്കാതെ 163 രാജ്യങ്ങള്‍ സന്ദര്‍ശിക്കാമെന്നതാണ് ഈ നേട്ടത്തിന് നിദാനം. ഇതിനായി വിവിധ രാജ്യങ്ങളുമായി യു.എ.ഇ കരാറുണ്ടാക്കി.
ഇതില്‍ 113 രാജ്യങ്ങളിലേക്ക് വിസയില്ലാതെ പ്രവേശിക്കാം. 50 രാജ്യങ്ങളില്‍ വിസ ഓണ്‍ അറൈവല്‍ സേവനവും ലഭിക്കും. സ്വിറ്റ്‌സര്‍ലന്‍ഡ്, യു.കെ, കാനഡ എന്നീ രാജ്യങ്ങള്‍ക്കൊപ്പമാണ് യു.എ.ഇ മൂന്നാം സ്ഥാനം പങ്കിടുന്നത്. 165 രാജ്യങ്ങളിലേക്ക് വിസ ഓണ്‍ അറൈവല്‍ സൗകര്യമുള്ള സിംഗപ്പൂര്‍, ജര്‍മനി എന്നീ രാജ്യങ്ങളിലെ പാസ്‌പോര്‍ട്ടുകളാണ് ഒന്നാം സ്ഥാനത്തുള്ളത്.