കോഴിക്കോട്- അഴീക്കോട് എം.എല്‍.എ കെ.എം ഷാജിയെ അയോഗ്യനാക്കിയ നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് മുസ്ലീം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി അറിയിച്ചു. ഹൈക്കോടതി വിധിയോടെ കേസില്‍ അന്തിമതീരുമാനമായെന്ന് പറയാന്‍ കഴിയില്ലെന്നും ഷാജിയെ അയോഗ്യനാക്കേണ്ട സാഹചര്യം ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
കേസില്‍ ഷാജിയുടെ നിരപരാധിത്വം ഹൈക്കോടതിയെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞില്ല. സ്ഥാനാര്‍ഥിയുടെ പേരില്‍ മറ്റാരൊക്കെയോ അച്ചടിച്ച് വിതരണം ചെയ്ത നോട്ടീസായിരുന്നു അതെന്ന കാര്യം കോടതിയെ ബോധ്യപ്പെടുത്താനായില്ലെന്ന് കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.
ഷാജിയുടെ എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന എം.വി നികേഷ് കുമാറിന്റെ ഹരജിയിലാണ് ഹൈക്കോടതി വിധി.
ആറു വര്‍ഷത്തേക്കാണ് കെ.എം ഷാജിയെ അയോഗ്യനാക്കിയിരിക്കുന്നത്. അഴീക്കോട് വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നും നികേഷിന് 50,000 രുപ കോടതി ചെലവ് നല്‍കണമെന്നും കോടതി ഉത്തരവായി.
എന്നാല്‍ വിജയിയായി പ്രഖ്യാപിക്കണമെന്ന നികേഷിന്റെ ആവശ്യം കോടതി തള്ളി. ജസ്റ്റിസ് പി.ഡി രാജനാണ് വിധി പുറപ്പെടുവിച്ചത്.