കൊച്ചി- തന്നെ അയോഗ്യനാക്കിയ ഹൈക്കോടതി വിധിക്കെതിരെ നിയമത്തിന്റെ മുഴുവൻ വഴികളും തേടുമെന്ന് മുസ്്‌ലിം ലീഗ് നേതാവ് കെ.എം ഷാജി പറഞ്ഞു. ആറുവർഷത്തേക്ക് അയോഗ്യനാക്കി എന്നത് തന്നെ സംബന്ധിച്ച് വലിയ കാര്യമല്ലെന്നും വർഗീയ കാർഡ് ഇറക്കിയെന്ന പരാമർശമാണ് തന്നെ വേദനിപ്പിക്കുന്നതെന്നും ഷാജി പറഞ്ഞു. ഇക്കാലം വരെ താൻ വർഗീയ വിരുദ്ധ പോരാട്ടമാണ് നടത്തിയതെന്നും വർഗീയ കാർഡ് ഇറക്കിയെന്ന പരാമർശം അപമാനിക്കുന്നതാണെന്നും ഷാജി പറഞ്ഞു. ആറു വർഷമോ അറുപത് വർഷമോ മത്സരിക്കാൻ വിലക്ക് വരുന്നത് വലിയ കാര്യമല്ല. വ്യാജരേഖകളുണ്ടാക്കാൻ മിടുക്കുള്ള എതിർസ്ഥാനാർഥിയാണ് ഈ രേഖക്ക് പിന്നിലെന്നും ഷാജി ആരോപിച്ചു. ഡിവിഷൻ ബെഞ്ചിനെയും സുപ്രീം കോടതിയെയും സമീപിക്കുമെന്നും ഷാജി വ്യക്തമാക്കി.
ഷാജിയെ ആറുവർഷത്തേക്ക് അയോഗ്യനാക്കി ജസ്റ്റീസ് പി.ഡി രാജനാണ് ഉത്തരവിട്ടത്. തെരഞ്ഞെടുപ്പിൽ ഷാജിയോട് പരാജയപ്പെട്ട നികേഷ് കുമാറിന് അരലക്ഷം രൂപ കോടതി ചെലവ് നൽകാനും കോടതി ഉത്തരവിട്ടു. തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്ന നികേഷ് കുമാറിന്റെ ആവശ്യവും കോടതി തള്ളി. തെരഞ്ഞെടുപ്പിൽ വർഗീയ ചേരിതിരിവ് നടത്താൻ ശ്രമിച്ചുവെന്ന നികേഷ് കുമാറിന്റെ പരാതിയിലാണ് കോടതി ഉത്തരവ്. തെരഞ്ഞെടുപ്പിൽ വർഗീയ കാർഡ് ഇറക്കിയെന്നാരോപിച്ചായിരുന്നു നികേഷ് കുമാർ കോടതിയെ സമീപിച്ചത്.