കൊണ്ടോട്ടി -കരിപ്പൂരിൽ നിന്നുളള സൗദി എയർലൈൻസ് സർവീസ് ഡിസംബറിൽ ആരംഭിക്കുന്നതിന് നടപടികളാവുന്നു. ജിദ്ദ, റിയാദ് മേഖലകളിലേക്ക് ആഴ്ചയിൽ ഏഴ് സർവീസ് ആരംഭിക്കുന്ന സൗദി എയർലൈൻസ് ഉംറ തീർത്ഥാടകർ കൂടുന്ന പക്ഷം മദീനയിലേക്കും സർവീസ് ആരംഭിക്കും. വ്യോമയാന മന്ത്രാലയത്തിന് സൗദി എയർലൈൻസ് നൽകിയ അപേക്ഷയിൽ അടുത്തയാഴ്ച പ്രഖ്യാപനമുണ്ടാകും. ഷെഡ്യൂൾ ക്രമീകരിച്ച് ഡിസംബറിൽ സർവീസ് ആരംഭിക്കാനാണ് ശ്രമം. സർവീസ് പ്രഖ്യാപനത്തിന് മുമ്പായി ഗ്രൗണ്ട് ഹാന്റ്‌ലിംഗ് നടപടികൾ പൂർത്തിയാക്കി. വിമാനത്താവളത്തിൽ ഓഫീസ് പ്രവർത്തിപ്പിക്കുന്നതിനാവശ്യമായ സ്ഥലവും എയർപോർട്ട് അഥോറിറ്റി കൈമാറി. ഷെഡ്യൂൾ പ്രഖ്യാപനത്തോടെ ഓഫീസ് കൗണ്ടർ പ്രവർത്തനക്ഷമമാക്കുമെന്ന് സൗദി എയർലൈൻസ് ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു.
തിരുവനന്തപുരത്തോടൊപ്പം കരിപ്പൂരും സ്റ്റേഷനായി അനുവദിക്കണമെന്ന് ആവശ്യപ്പെട്ടതിൽ മാർച്ച് വരെ തിരുവനന്തപുരം സർവീസിന് അനുമതിയുണ്ടാകും. ഇത് ഒരു വർഷം കൂടി നീട്ടണമെന്നാണ് സൗദി ഇപ്പോൾ ആവശ്യപ്പെട്ടിട്ടുളളത്. എന്നാൽ ഡിസംബറിൽ ഉഭയകക്ഷി കരാർ പുതുക്കൽ നടക്കുന്നതിനാൽ ഇതിന് ശേഷം ഇക്കാര്യത്തിൽ തീരുമാനമുണ്ടാകും. കരിപ്പൂരിൽ നിന്ന് സർവീസിന് മൂന്ന് മാസം മുമ്പ് തന്നെ അനുമതി ലഭിച്ചിട്ടുണ്ടെങ്കിലും രണ്ടു സെക്ടറിൽ നിന്നും ഒരുമിച്ച് സർവീസ് ആവശ്യപ്പെട്ടതോടെയാണ് സർവീസ് വൈകാൻ ഇടയായത്.
കരിപ്പൂരിൽ നേരത്തെ അനുവദിക്കപ്പെട്ട സീറ്റുകളാണ് 2015 നു ശേഷം തിരുവനന്തപുരത്തേക്ക് സൗദി മാറ്റിയത്. ഇത് തിരിച്ച് കരിപ്പൂരിൽ പുനഃസ്ഥപിക്കാനായിരുന്നു സൗദി ആദ്യം ശ്രമിച്ചിരുന്നത്. എന്നാൽ പിന്നീട് പുതിയ സ്റ്റേഷനായി കരിപ്പൂർ വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
സൗദി എയർലൈൻസിന് ഇന്ത്യയിൽ എട്ട് വിമാനത്താവളങ്ങളിലേക്ക് മാത്രമാണ് അനുമതിയുള്ളത്. കരിപ്പൂർ കൂടി ഉൾപ്പെടുത്തി ഒമ്പതാമത്തെ പുതിയ സ്റ്റേഷൻ അനുവദിക്കണമെന്നാണ് ആവശ്യം. ഉഭയകക്ഷി കരാർ പ്രകാരമുളള സീറ്റുകൾ ഇല്ലെങ്കിലും വിദേശകാര്യ മന്ത്രാലയം മുഖേന താൽക്കാലിക അനുമതിക്കാണ് പരിശ്രമം നടത്തുന്നത്. സൗദിയുടെ അപേക്ഷക്ക് സിവിൽ ഏവിയേഷനിൽ നിന്നുളള മറുപടി അടുത്തയാഴ്ചയുണ്ടാകും. അതിനിടെ യാത്രക്കാർ കുറഞ്ഞ തിരുവനന്തപുരം സർവീസ് നിലനിർത്താനുളള സൗദി എയർലൈൻസിന്റെ ശ്രമത്തിനെതിരെ പ്രതിഷേധവും ഉയർന്നിട്ടുണ്ട്.